തിരുവനന്തപുരം: കേരളത്തിലേക്കു വരുന്ന യാത്രക്കാരിൽ നിന്നും ഭീമമായ ചാർജ്ജ് ഈടാക്കി ചൂഷണം ചെയ്യുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് പ്രവാസി ക്ഷേമ മന്ത്രി കെ.സി.ജോസഫ് ആവശ്യപ്പെട്ടു.

അവധിക്കാലം ആരംഭിച്ചതിനാൽ ഗൾഫ് മേഖലയിൽനിന്നും കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം ക്രമാതീതമായ വർദ്ധിച്ചിരിക്കുകയാണ്. ഇത് പരിഗണിച്ച് ഗൾഫ് സെക്ടറിൽ എയർ ഇന്ത്യയോ മറ്റുവിമാന കമ്പനികളോ കൂടുതൽ സർവ്വീസ് നടത്തുവാൻ ആവശ്യമായ നടപടി സ്വീകരിക്കണം. പെരുനാളിനു നാട്ടിലേക്ക് വരുന്നവരോട് നിലവിലുള്ള നിരക്കിന്റെ നാലും അഞ്ചും ഇരട്ടി തുക കമ്പനികൾ ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

തക്കം പാർത്തിരുന്നുള്ള കമ്പനികളുടെ ഈ നിരക്ക് വർദ്ധന പ്രവാസികളോട് കാണിക്കുന്ന വലിയ ക്രൂരതയാണ്. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാനക്കമ്പിനികളുടെ നിരക്കു വർദ്ധന അവസാനിപ്പിച്ച് കൂടുതൽ സർവ്വീസുകൾ നടത്തുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി അശോക് ഗജപതിരാജുവിന് അയച്ചകത്തിൽ പ്രവാസി മന്ത്രി അഭ്യർത്ഥിച്ചു.