തിരുവനന്തപുരം: കാര്യം പി സി ജോർജ്ജ് ഇടതു മുന്നണിയിലെയും വലതു മുന്നണിയിലെയും എല്ലാ രാഷ്ട്രീയക്കാരെയും വെറുപ്പിച്ചെങ്കിലും പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പലർക്കും ജോർജ്ജ് ഒരു പുണ്യാളൻ തന്നെയാണ്. മണ്ഡലത്തിലെ സാധാരണക്കാർക്ക് വേണ്ടി അരയും തലയും മുറുക്കി ഇറങ്ങാൻ ജോർജ്ജിന് യാതൊരു മടിയുമില്ല. അതുകൊണ്ട് തന്നെയാണ് പി സി ജോർജ്ജിനെ എംഎൽഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കിയാൽ തന്നെയും അത് തങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന് കേരളാ കോൺഗ്രസിന് ഭയമുള്ളത്. മണ്ഡലത്തിന് ഉള്ളിൽ നിന്നും ജോർജ്ജിനുള്ള പിന്തുണയ്‌ക്കൊപ്പം സഹതാപതരംഗം കൂടി ഉണ്ടാകുമോ എന്നാണ് കെ എം മാണിയുടെ ഭയം. അതുകൊണ്ട് തന്നെയാണ് അയോഗ്യനാക്കൽ നടപടികൾ പതിയെ പോകുന്നതും.

പാർട്ടിക്കും മുന്നണിക്കും എതിരായി പി സി ജോർജ്ജ് നീങ്ങിയ സാഹചര്യത്തിൽ ജോർജ്ജിനെ അയോഗ്യനാക്കണമെന്ന ശക്തമായ അഭിപ്രായമാണ് കേരളാ കോൺഗ്രസിനുള്ളിലുള്ളത്. എന്നാൽ, അയോഗ്യനാക്കിയാൽ തന്നെ ജോർജ്ജിന് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നതാണ് കേരളാ കോൺഗ്രസിനെ മാറ്റിചിന്തിപ്പിക്കുന്ന കാര്യം. കൂറുമാറ്റ നിരോധന നിയമപ്രകാരം ജോർജ്ജിനെ നിയമസഭാ സ്പീക്കർ അയോഗ്യനാക്കിയാൽ അദ്ദേഹത്തിന് എംഎൽഎ സ്ഥാനം നഷ്ടമാകുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ, അടുത്ത തിരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലമായ പൂഞ്ഞാറിൽ നിന്ന് തന്നെ അദ്ദേഹത്തിന് മത്സരിക്കാൻ ഇത് തടസമാവില്ല. തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷം തികച്ച് ഇല്ലാത്ത സാഹചര്യത്തിൽ ഇനി അയോഗ്യനാക്കണോ എന്നതാണ് കെ എം മാണിയെ അലട്ടുന്ന പ്രശ്‌നം.

ജനപ്രാതിനിധ്യ നിയമപ്രകാരമാണ് അയോഗ്യതയെങ്കിൽ ജോർജിന് അടുത്ത തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് വിലക്ക് വരുമായിരുന്നു. എന്നാൽ സ്പീക്കറാണ് അയോഗ്യനാക്കുന്നത് എന്നതിനാർ കാര്യങ്ങൾ തിരിച്ചാണ് സംഭവിക്കുക. സ്പീക്കർ ഒരു അംഗത്തെ അയോഗ്യനാക്കിയാൽ നിലവിലുള്ള നിയമസഭയിൽ അംഗമായിരിക്കുന്നതിനാണ് വിലക്ക്. ആ സഭയുടെ കാലാവധി കഴിഞ്ഞാൽ അടുത്ത സഭയിലേക്ക് മത്സരിക്കുന്നതിന് തടസ്സമില്ല. ഇപ്പോഴത്തെ സഭയ്ക്ക് ഇനി ഒരു വർഷത്തിൽ കുറച്ചേ കാലാവധി ഉള്ളൂ എന്നതിനാൽ ജോർജ് അയോഗ്യനായാലും പൂഞ്ഞാറിൽ ഉപ തിരഞ്ഞെടുപ്പിന്റെ ആവശ്യവുമില്ല.

ഇന്ന് കോട്ടയത്ത് കേരളാ കോൺഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷം ജോർജിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പാർട്ടി സ്പീക്കർക്ക് കത്ത് നൽകുമെന്ന സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ മാണി ഇനിയും മനസു തുറന്നിട്ടില്ല. വേണ്ടത്ര തെളിവ് ജോർജ് തന്നെ ഉണ്ടാക്കിയിട്ടുള്ളതിനാൽ അനായാസം അദ്ദേഹത്തെ അയോഗ്യനാക്കാൻ കഴിയുമെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നതെങ്കിലും അത് രാഷ്ട്രീയമായി തങ്ങൾക്ക് തിരിച്ചടിയാകുമോ എന്നാണ് മാണിയുടെ ഭയം. മണ്ഡലത്തിലെ പിന്തുണ വച്ച് തന്നെ എല്ലാവരും ചേർന്ന് ക്രൂശിച്ചു എന്നാകും ജോർജ്ജ് നടത്തുന്ന പ്രചരണം. ഈ പ്രചരണം തങ്ങൾക്ക് തിരിച്ചടിയാകുമോയെന്നാണ് കേരളാ കോൺഗ്രസ് ഭയക്കുന്നത്. ഇങ്ങനെ സഹതാപ തരംഗം ഉണ്ടാക്കി കൊടുക്കാതിരിക്കാൻ വേണ്ടിയാണ് പാർട്ടി മെല്ലപ്പോക്ക് നയം സ്വീകരിക്കുന്നത്.

ജോർജ്ജിനെ അയോഗ്യനാക്കണമെന്ന കത്തു നൽകിയാൽ സ്പീക്കറുടെ കീഴിൽ ഒരു വിചാരണ തന്നെയാകും നടക്കുക. പാർട്ടി ലീഡർ എന്ന നിലയിൽ മാണിക്കും സ്പീക്കർ നോട്ടീസ് നൽകണം. രണ്ടു പേരുടെയും വാദമുഖങ്ങൾ കേട്ട ശേഷം സ്പീക്കർക്ക് തീരുമാനമെടുക്കാം. കൂടുതൽ തെളിവുകൾ ശേഖരിക്കണമെന്ന് തോന്നിയാൽ വിഷയം സഭയുടെ പ്രവിലേജ് കമ്മിറ്റിക്ക് വിടാം. പ്രിവിലേജ് കമ്മിറ്റി സിറ്റിങ് നടത്തി സാക്ഷി മൊഴികളും തെളിവുകളും ശേഖരിച്ച് നൽകുന്ന റിപ്പോർട്ട് കൂടി പരിഗണിച്ച് സ്പീക്കർ തീരുമാനമെടുക്കും.

ജോർജ്ജ് ചാനലുകൾ വഴി നടത്തിയ പ്രസ്താവനകൾ അടക്കമുള്ള തെളിവുകൾ കേരളാ കോൺഗ്രസ് ശേഖരിച്ചിട്ടുണ്ട്. നിയമസഭയ്ക്കുള്ളിൽ പി.സി.ജോർജ് മാണി ഗ്രൂപ്പിന്റെ വിപ്പ് ലംഘിച്ചിട്ടില്ല. എന്നാൽ സഭയ്ക്ക് പുറത്ത് അദ്ദേഹം പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാണ് ആരോപണം. അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പങ്കാളിയായ മുന്നണിയുടെ സ്ഥാനാർത്ഥിക്കെതിരെ മറ്റൊരു സ്ഥാനാർത്ഥിയെ നിറുത്തിയത് പാർട്ടിക്കെതിരെ മത്സരിക്കുന്നതിന് തുല്യമാണ്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് തന്നെ ജോർജാണ്. നാമനിർദ്ദേശ പത്രിക നൽകാനും ഒപ്പം പോയി. തിരഞ്ഞെടുപ്പ് യോഗങ്ങളിലും പ്രസംഗിച്ചു. ആ സ്ഥാനാർത്ഥിയുടെ അഴിമതി വിരുദ്ധ മുന്നണിയുടെ ചെയർമാനും ജോർജായിരുന്നു. ഇതൊക്കെ ജോർജ്ജിന് തന്നെ തിരിച്ചടിയായ സംഭവങ്ങളാണ്.

നിയമസഭയിൽ സ്വതന്ത്ര നിലപാടെടുക്കാൻ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.സി.ജോർജ് സ്പീക്കർക്ക് നൽകിയ കത്താണ് മറ്റൊരു തെളിവ്. ഈ തെളിവുകൾ അടക്കം ജോർജ്ജിന് വിനയാകും. കെ എം മാണിയെ വെല്ലുവിളിക്കുന്നുണ്ടെങ്കിലും നിലവിലെ അവസ്ഥയിൽ ഏറ്റവും പരിഭ്രാന്തിയുള്ളത് ജോർജ്ജിനാണ്. രക്ഷകരായി ആരും കൂടെ ഇല്ലെന്നതാണ് ജോർജിനെ വലയ്ക്കുന്ന പ്രശ്‌നം. അരുവിക്കരയിൽ യാതൊരു ചലനവും ഉണ്ടാക്കാൻ സാധിക്കാത്ത അവസ്ഥയിൽ ഇടതു മുന്നണിയും ജോർജ്ജിനെ കൈവിട്ട അവസ്ഥയിലാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പൂഞ്ഞാറിൽ മത്സരിക്കാൻ മുന്നണി സംവിധാനത്തിൽ നിന്ന് സീറ്റു കിട്ടുമെന്ന പ്രതീക്ഷയും ജോർജ്ജിന് ഇല്ലാതായിരിക്കയാണ്.