കണ്ണൂർ: കണ്ണൂരിലെ വിവിധ മേഖലകളിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ പോസ്റ്റർ പ്രചാരണം അഞ്ച് സംസ്ഥാനങ്ങൾ വിറ്റുതുലച്ച വേണുഗോപാലിന് ആശംസകളെന്നാണ് പോസ്റ്ററിലുള്ള വാചകം. ശ്രീകണ്ഠാപുരം ബ്‌ളോക്ക് കമ്മിറ്റി ഓഫീസിന്റെ ചുമരിലും പയ്യാവുർ ,എരുവേശി, കണ്ണൂർ ഡി.സി.സി ഓഫിസ് പരിസരം എന്നിവടങ്ങളിലാണ് പോസ്റ്റർ പതിച്ചിട്ടുള്ളത്. എന്നാൽ പോസ്റ്ററിന്റെ ഉറവിടം ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ദേശീയ രാഷ്ട്രീയത്തിലെ വൻ പരാജയത്തെ തുടർന്ന് കോൺഗ്രസ് പ്രവർത്തകരിൽ കടുത്ത നിരാശ ഉടലെടുത്തിട്ടുണ്ട്.ഇതിന്റെ പ്രതിഫലനമാണ് പോസ്റ്റർ പ്രചരിച്ചതെന്ന് കരുതുന്നു. എന്നാൽ പോസ്റ്റർ പ്രചരണത്തെ കുറിച്ചു കണ്ണുരിലെ കോൺഗ്രസ് നേതൃത്വം ഇതു വരെ പ്രതികരിച്ചിട്ടില്ല. തിരുവനന്തപുരത്ത് അടക്കം കെസിയ്‌ക്കെതിരെ പോസ്റ്റർ എത്തുന്നുണ്ട്. തിരുവനന്തപുരത്ത് ആർ എസ് എസുമായി ചേർത്തു പോലും കെസിയ്‌ക്കെതിരെ ആരോപണം ഉയർത്തുന്നു. അതിനിടെ തോൽവി ഞെട്ടിക്കുന്നതാണെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റേത് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വേണുഗോപാലിന്റെ അടുത്ത അനുയായി ആയ ഇരിക്കൂർ എംഎ‍ൽഎ. സജീവ് ജോസഫിന്റെ ഓഫീസ് പരിസരത്തും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന്റെ ചുമരിലുമാണ് പ്രധാനമായും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അതിരൂക്ഷമായ ഭാഷയാണ് പോസ്റ്ററുകളിലുള്ളത്. അഞ്ചു സംസ്ഥാനങ്ങൾ വിറ്റുതുലച്ചു, പെട്ടിതൂക്കി വേണുഗോപാൽ ഒഴിവാകൂ തുടങ്ങിയ പരാമർശങ്ങൾ കൂടി പോസ്റ്ററിലുണ്ട്. കണ്ണൂരുകാരനാണ് വേണുഗോപാൽ.

അതിനിടെ തിരുവനന്തപുരത്തെ യുവ നേതാവായ ശംഭു പാൽകുളങ്ങരയുടെ പോസ്റ്റും ചർച്ചയായിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ ഫലം വരുന്ന സമയത്ത് ശംഭു ഇട്ട പോസ്റ്റാണ് ചർച്ചാ വിധേയം. ഏറ്റെടുക്കാത്ത അധ്യക്ഷ സ്ഥാനം വീണ്ടുമൊഴിയുമായിരിക്കും...-ഇതായിരുന്നു പോസ്റ്റ്. രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിക്കുന്നതാണ് ഈ പോസ്റ്റ് എന്നതാണ് ഉയരുന്ന ആരോപണം. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് അടക്കം പോസ്റ്റർ പ്രത്യക്ഷപ്പെടുന്നതും. കോൺഗ്രസിൽ കെസി വേണുഗോപാലിനെ അനുകൂലിക്കുന്നവർ പ്രതിരോധവുമായി വന്നിട്ടുണ്ട്. എന്നാൽ ഇതിനേയും മറികടക്കുന്ന രീതിയിലാണ് പോസ്റ്റർ പ്രതിഷേധം.

കേരളത്തിൽ തോറ്റപ്പോൾ മുല്ലപ്പള്ളി രാമചന്ദ്രനേയും രമേശ് ചെന്നിത്തലയേയും മാറ്റിയിരുന്നു. തോൽവിയുടെ ധാർമിക ഉത്തരവാദിത്തമായിരുന്നു അന്നുയർത്തിയത്. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ അടക്കം നിശ്ചയിച്ചത് ഹൈക്കമാണ്ടായിരുന്നു. ഇപ്പോൾ അഞ്ചിടത്തും തോൽവി. ഹൈക്കമാണ്ടിന്റെ തീരുമാനം പിഴച്ചു. ഈ സാഹചര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവർ ധാർമികത ഏറ്റെടുത്ത് സ്ഥാനം ഒഴിയേണ്ടേ എന്ന ചോദ്യമാണ് പൊതുവിൽ ഉയരുന്നത്.

അഹമ്മദ് പട്ടേൽ ആയിരുന്നു ഹൈക്കമാണ്ടിന്റെ മുൻ വിശ്വസ്തൻ. എഐസിസിയുടെ സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിന്റെ പിൻഗാമിയാണ് കെസി വേണുഗോപാൽ. ഈ സാഹചര്യത്തിൽ സ്വയം വിമർശനത്തിന് കെസി തയ്യാറാകണമെന്ന ആവശ്യവും ശക്തമാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഒളിയമ്പ് അയയ്ക്കുന്ന കെസി ഗ്രൂപ്പ് കേരളത്തിലും കോൺഗ്രസിനെ തകർക്കുമെന്ന ആക്ഷേപവും ശക്തമാണ്.

അതിനിടെ കെപിസിസി പുനഃസംഘടനാ ചർച്ചകൾ വഴിമുട്ടി. സുധാകരൻ കണ്ണൂരിൽ തുടരുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് എത്തുമെന്നായിരുന്നു നേതാക്കൾക്ക് സുധാകരൻ നൽകിയ സൂചനകൾ. എന്നാൽ തോൽവിക്ക് പിന്നാലെ തീരുമാനം മാറ്റി. കോൺഗ്രസിനുള്ളിലെ ജി 23 ഗ്രൂപ്പ് നേതാക്കളും കെസിയെ ലക്ഷ്യമിട്ട് രംഗത്തുണ്ട്.