ന്യൂഡൽഹി: പാക്കിസ്ഥാന് ആയുധം നൽകുകയും നേപ്പാളിനെ ഇന്ത്യയ്‌ക്കെതിരെ തിരിച്ചുവിടുകയും അരുണാചൽ പ്രദേശിന്റെ അതിർത്തി ഗ്രാമങ്ങൾ കയ്യടക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ചൈന രാജ്യസുരക്ഷയ്ക്ക് അതീവ ഭീഷണി ഉയർത്തുന്ന കാലഘട്ടത്തിലും സിപിഎം പ്രകടിപ്പിക്കുന്ന ചൈനീസ് പ്രേമം ദേശവിരുദ്ധവും രാഷ്ട്രീയ പാപ്പരത്തുവുമാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി.

രാജ്യം സ്വാതന്ത്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോഴും മാതൃരാജ്യത്തേക്കാൾ തങ്ങളുടെ കൂറ് ചൈനയോടാണെന്ന് അടിവരയിടുന്നതാണ് സി പി എം പോളിങ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ളയുടെ പുതിയ പ്രസ്താവന. ഐക്യരാഷ്ട്ര സഭ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ അവകാശവാദം ഉൾപ്പെടെ ഇല്ലാതാക്കാൻ അന്തർദേശീയ തലത്തിൽ ഗൂഢാലോചന നടത്തുകയും അഫ്ഗാനിസ്ഥാനിൽ താലിബാന് പരോക്ഷ പിന്തുണ നൽകി ഇന്ത്യ ഉപഭൂഖണ്ഡത്തിലേക്ക് സംഘർഷം വ്യാപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ചൈന, ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. സൈനികവും സാമ്പത്തികവുമായ ഭീഷണിയാണ് ഇന്ത്യയ്ക്കു നേരെ ചൈന ഉയർത്തുന്നതെന്ന് സിപിഎമ്മിന് അഅറിയാത്ത കാര്യവുമല്ല. ''ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഭൂപ്രദേശ''ത്തിനുവേണ്ടിയാണ് ഇന്ത്യ-ചൈന യുദ്ധം നടന്നതെന്ന കുപ്രസിദ്ധ പരാമർശം നടത്തിയത് ഇ എം എസായിരുന്നു. ചരിത്രത്തിൽ നിന്ന് അവർ ഒരുപാഠവും പഠിച്ചിട്ടില്ല. 1962-ലെ ചൈനീസ് പ്രണയത്തിൽ നിന്ന് അണുവിട മാറാൻ കാലമിത്രയായിട്ടും സിപിഎം തയ്യാറായില്ലെന്നു വേണം കരുതാൻ.

രാജ്യസുരക്ഷയ്ക്ക് അതീവ ഭീഷണി ഉയർത്തിയ പശ്ചാത്തലത്തിലാണ് ചൈനീസ് ഉല്പന്നങ്ങൾക്കും ചൈനയുടെ ചില മൊബൈൽ ആപ്ലിക്കേഷനുകൾക്കും ഇന്ത്യ നിയന്ത്രണവും നിരോധനവും ഏർപ്പെടുത്തിയത്. അതിനു ശേഷവും ചൈന പ്രകോപനം തുടരുകയാണ്. ചൈനീസ് ഭക്തി കാലഘട്ടത്തിന് ചേർന്നതല്ലെന്ന് സിപിഎമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ വിമർശനം ഉയർത്തിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. ചൈനയുടെ വളർച്ച ഇന്ത്യയ്ക്ക് അഭിമാനമല്ലെന്ന് സമ്മേളത്തിൽ പ്രതിനിധികൾ തിരുത്തി പറഞ്ഞതുമാണ്. എന്നിട്ടും ചൈനയാണ് മാതൃരാജ്യമെന്ന് വിശ്വസിക്കുന്നവരാണ് സിപിഎമ്മിനെ നയിക്കുന്നതെന്നത് ലജ്ജാവഹമാണെന്നും വേണുഗോപാൽ പറഞ്ഞു.

ഇന്ത്യയിൽ ചൈനക്കെതിരായ പ്രചരണം കമ്മ്യൂണിസ്റ്റ് പാർട്ടിയെ ലക്ഷ്യമിട്ടാണെന്നു പറയുന്നവർ അതിർത്തിയിൽ ചൈന നടത്തുന്ന കടന്നു കയറ്റങ്ങളെയും പ്രതിരോധ-സൈനിക മേഖലകളിലടക്കം ഉയർത്തുന്ന ഭീഷണികളെയും ബോധപൂർവ്വം കണ്ടില്ലെന്ന് നടിക്കുകയാണ്. ചൈന ഉയർത്തുന്ന ഭീഷണികൾക്കു നേരെ കണ്ണടയ്ക്കുന്ന മോദി ഭരണകൂടം, അരുണാചൽ പ്രദേശിൽ മക്മോഹൻ ലൈൻ മറികടന്ന് ചൈനീസ് ഗ്രാമം നിർമ്മിച്ചെന്ന റിപ്പോർട്ടുകളുൾപ്പെടെ വന്നപ്പോഴും നിസംഗത പുലർത്തി. രാജ്യത്തിന്റെ മണ്ണ് കവർന്നെടുക്കുന്ന ചൈനീസ് കടന്നുകയറ്റത്തിനു നേരെ മൗനം പുലർത്തുന്ന മോദിക്ക് പരോക്ഷ പിന്തുണയാണ് സിപിഎം നൽകുന്നത്. എസ് ആർ പിയുടെ ചൈനീസ് ഭക്തി സിപിഎമ്മിന്റെ നയപരമായ നിലപാട് തന്നെയാണോ എന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെ വ്യക്തമാക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.