തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പുതിയ അധ്യക്ഷനായ കെ സുധാകരൻ എംപിക്ക് ആശംസയുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അടിത്തട്ടുമുതൽ മേൽപ്പോട്ട് എല്ലാവരെയും ഒരുമിച്ച് ചേർത്ത് ഊർജ്ജ സ്വലമായി പാർട്ടിയെ നയിക്കാൻ കഴിയട്ടെ എന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിലെ കോൺഗ്രസിന് ഉണർവും ആവേശവും നൽകി സംഘടനയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ നിയുക്ത കെ പി സി സി അധ്യക്ഷൻ, പ്രിയ സഹപ്രവർത്തകൻ കെ സുധാകരന് കഴിയട്ടെ എന്നാശംസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സുധാകരനൊപ്പം വർക്കിങ് പ്രസിഡന്റുമാരായി സ്ഥാനമേറ്റെടുക്കുന്ന പ്രിയപ്പെട്ട സഹപ്രവർത്തകർ കൊടിക്കുന്നിൽ സുരേഷ് എം പി, പി ടി തോമസ് എം എൽ എ, ടി സിദ്ദിഖ് എംഎൽഎ എന്നിവർക്കും എല്ലാ വിജയാശംസകളും നേരുന്നതായും അദ്ദേഹം പറഞ്ഞു.

സ്ഥാനമൊഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രനും അദ്ദേഹം ആശംസകൾ നേർന്നു.പാർട്ടി ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട സന്ദർഭത്തിൽ പ്രവർത്തകരേയും നേതാക്കളേയും ഒറ്റച്ചരടിൽ കോർത്തിണക്കി വിഭാഗീയതകളില്ലാതെ പാർട്ടിയെ മൂന്നു വർഷത്തോളം മുന്നോട്ടു നയിക്കുകയും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചരിത്രനേട്ടം സ്വന്തമാക്കാനും കഴിഞ്ഞ സ്ഥാനമൊഴിയുന്ന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം കുറിച്ചു. ഫേസ്‌ബുക്ക് പേജിലുടെയായിരുന്നു ആശംസകൾ നേർന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം


കേരളത്തിലെ കോൺഗ്രസിന് ഉണർവും ആവേശവും നൽകി സംഘടനയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ നിയുക്ത കെ പി സി സി അധ്യക്ഷൻ, പ്രിയ സഹപ്രവർത്തകൻ കെ. സുധാകരന് കഴിയട്ടെ എന്നാശംസിക്കുന്നു.

കെ എസ് യു എന്ന മഹത്തായ വിദ്യാർത്ഥിപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ കെ സുധാകരൻ ഏറെ രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ടും എതിരാളികളെ പ്രതിരോധിച്ചും പാർട്ടിക്ക് വേണ്ടി പൊരുതിയുമാണ് ഇക്കാലമത്രയും താണ്ടി വന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ, കെ പി സി സി ജനറൽ സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലമായി പാർട്ടിയെ പല നിലകളിൽ നയിച്ച സുധാകരന്റെ സംഘടനാശേഷി പാർട്ടിക്ക് അനുഗുണമായി മാറുമെന്ന് ഉറച്ച വിശ്വാസമുണ്ട്.

കേരളത്തിൽ പാർട്ടിയെ ഒറ്റകെട്ടായി എല്ലാതലങ്ങളിലുള്ളവരെയും ഒരുമിപ്പിച്ചുകൊണ്ട് ബൂത്തു തലം മുതൽ സംസ്ഥാനതലം വരെ പാർട്ടിയെ ശക്തിപ്പെടുത്തുകയും, കൂട്ടായി തീരുമാനങ്ങളെടുക്കുകയും ചെയ്ത് പാർട്ടിയെ അടിമുടി ഊർജസ്വലമാക്കി മാറ്റാൻ സുധാകരന് കഴിയട്ടെ എന്നാശംസിക്കുന്നു.

പാർട്ടി ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട സന്ദർഭത്തിൽ പ്രവർത്തകരേയും നേതാക്കളേയും ഒറ്റച്ചരടിൽ കോർത്തിണക്കി വിഭാഗീയതകളില്ലാതെ പാർട്ടിയെ മൂന്നു വർഷത്തോളം മുന്നോട്ടു നയിക്കുകയും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചരിത്രനേട്ടം സ്വന്തമാക്കാനും കഴിഞ്ഞ സ്ഥാനമൊഴിയുന്ന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് എല്ലാവിധ ആശംസകളും നേരുന്നു.
സുധാകരനൊപ്പം വർക്കിങ് പ്രസിഡന്റുമാരായി സ്ഥാനമേറ്റെടുക്കുന്ന പ്രിയപ്പെട്ട സഹപ്രവർത്തകർ കൊടിക്കുന്നിൽ സുരേഷ് എം പി, പി ടി തോമസ് എം എൽ എ, ടി.സിദ്ദിഖ് എം എൽ എ എന്നിവർക്കും എല്ലാ വിജയാശംസകളും നേരുന്നു.