- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിൽ പദ്ധതിക്ക് വേണ്ടയുള്ള സാമൂഹിക ആഘാതപഠനത്തോട് എതിർപ്പില്ല; മറിച്ച് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ജനദ്രോഹപരമായ പഠനരീതിയോട് എതിർപ്പാണ്; സംശയ ദുരീകരണവും ആശങ്കയകറ്റലും പ്രധാനം; വിമർശനങ്ങളെ ഗൗരവത്തോടെ സർക്കാർ ഉൾകൊള്ളണമെന്ന് കെസിബിസി
കൊച്ചി: കെ റെയിലിൽ ജനങ്ങളുടെ ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ ഭാഗത്തുനിന്നും ചിന്തിച്ചുകൊണ്ട് ഉചിതമായ തീരുമാനങ്ങളെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ സി ബി സി.ഇപ്പോൾ ഉയരുന്ന ചോദ്യങ്ങളും വിമർശനങ്ങളും പൂർണ്ണമായും അവഗണിക്കാനാവുന്നവയല്ല. പതിനായിരക്കണക്കിന് കുടുംബങ്ങൾ അരക്ഷിതാവസ്ഥയിൽ അകപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ സർക്കാർ ഗൗരവമായിത്തന്നെ വിമർശനങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പി ഒ സി ഡയറക്ടറുമായ ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.
ഇതിനോടകം വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കൽ നടപടിക്രമങ്ങൾ മൂലം അനേക കുടുംബങ്ങൾ പാതയോരങ്ങളിലേയ്ക്ക് തള്ളപ്പെട്ട ചരിത്രമാണ് കേരളത്തിനുള്ളത്. പതിറ്റാണ്ടുകൾക്കു ശേഷവും നീതിലഭിക്കാത്ത സാഹചര്യങ്ങൾ ഇന്നും തുടരുന്നുണ്ട്. മൂലമ്പള്ളി കുടിയിറക്ക്, ശബരി പാതയ്ക്കുള്ള സർവേ, ഏഴിമല നാവിക അക്കാദമിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് തുടങ്ങിയവ ഉദാഹരണങ്ങളാണ് മുഴപ്പിലങ്ങാട് - മാഹി വഴിയുള്ള തലശ്ശേരി സമാന്തരപാത നിർമ്മാണത്തിന് പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥലമെടുപ്പ് കഴിഞ്ഞെങ്കിലും അടുത്തകാലത്ത് മാത്രമാണ് പണി ആരംഭിച്ചിട്ടുള്ളത്. ഇത്തരം മുന്നനുഭവങ്ങളുടെ വെളിച്ചത്തിൽ ലക്ഷക്കണക്കിന് പേർ മുന്നോട്ടുവയ്ക്കുന്ന ആശങ്കകളെ കണ്ടില്ലെന്ന് നടിക്കാൻ പാടില്ലെന്നാണ് കെ സി ബി സിയുടെ നിലപാട്.
കേരളത്തിന്റെ വികസനപദ്ധതികൾക്ക് ജനങ്ങൾ എതിരല്ല. എന്നാൽ, ജനങ്ങളെ ഇരുട്ടിൽ നിർത്തിക്കൊണ്ട് പദ്ധതികൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും അതിനായി ബലപ്രയോഗങ്ങൾ നടത്തുന്നതും ജനാധിപത്യ വിരുദ്ധമാണ്. അതിനെതിരായ ശബ്ദങ്ങളെ രാഷ്ട്രീയമായും, പൊലീസിനെ ഉപയോഗിച്ചുമല്ല നേരിടേണ്ടത്, മറിച്ച് ജനാധിപത്യ മര്യാദയോടെ അഭിമുഖീകരിക്കാൻ സർക്കാർ തയ്യാറാകണം. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾക്ക് സർക്കാർ പ്രാഥമിക പരിഗണന നൽകണം.
ഭരണകക്ഷി നേതാക്കളും അനുഭാവികളും ഉൾപ്പെടെയുള്ളവർപ്പോലും ഇതിനകം പ്രതിഷേധം പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തിൽ, ആശങ്കകൾക്കും എതിർപ്പുകൾക്കും രാഷ്ട്രീയമാനം നൽകി അവഗണിക്കാനുള്ള ശ്രമങ്ങൾ ഖേദകരമാണ്. കെ റെയിലിനെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങളെ കക്ഷി രാഷ്ട്രീയങ്ങൾക്ക് അതീതമായി ജനപക്ഷത്ത് നിന്ന് പരിഗണിക്കാനും അവയെ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളാനും സർക്കാർ തയ്യാറാകണം.
ഏറെയും ജനസാന്ദ്രത കൂടിയ മേഖലകളിലൂടെ കടന്നുപോകുന്നതിനാൽ, പദ്ധതിയുടെ പൂർണ്ണ ചിത്രം വെളിപ്പെടുന്നതുവരെ ഇപ്പോഴുള്ള നടപടിക്രമങ്ങൾ നിർത്തിവയ്ക്കണമെന്ന് കെ സി ബി സി ആവശ്യപ്പെട്ടു.പദ്ധതി നടക്കുമോ ഇല്ലയോ എന്നുപോലും ഉറപ്പായിട്ടില്ലെങ്കിലും ഇപ്പോൾ അടയാളപ്പെടുത്തപ്പെട്ടുപോയാൽ ആ ഭൂമി ഒരുപക്ഷെ പതിറ്റാണ്ടുകളോളം ഉപയോഗശൂന്യമായി കിടക്കുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം. അതിനാൽ, ഇപ്പോഴുള്ള സർവേ രീതിക്ക് പകരം മറ്റു രീതികൾ അവലംബിക്കാൻ സർക്കാർ തയ്യാറാകണം.
ഈ പദ്ധതിക്കുവേണ്ടിയുള്ള സാമൂഹിക ആഘാതപഠനത്തെ ആരും എതിർക്കുന്നില്ല. മറിച്ച് ഇതിനുമുമ്പെങ്ങും കണ്ടിട്ടില്ലാത്ത ജനദ്രോഹപരമായ പഠനരീതിയെയാണ് എതിർക്കുന്നത്. പൊതുജനത്തിന്റെ സംശയങ്ങൾ ദുരീകരിച്ചും ആശങ്കകൾ അകറ്റിക്കൊണ്ടും വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഭരണാധികാരികൾക്ക് കഴിയണമെന്ന് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.