- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പിണറായി സർക്കാരിന് ഏകാധിപത്യ സ്വഭാവവും അധികാരത്തിന്റെ അഹന്തയും; കുടിയിറക്കപ്പെടുന്ന എല്ലാവരുടെയും നെഞ്ചിലാണ് പൊലീസിന്റെ ഈ ചവിട്ട്; കെ റെയിലിനു വേണ്ടി കേരളം മുഴുവൻ ഭൂമി അളന്നു എടുക്കാനുള്ള ശ്രമം': വിമർശനവുമായി കെസിബിസി
കൊച്ചി: തിരുവനന്തപുരത്ത് കണിയാപുരത്ത് കെ റെയിൽ സമരക്കാരെ പൊലീസുകാരൻ ചവിട്ടിയത് വിവാദമായിരിക്കുകയാണ്. ചവിട്ടിയ പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി പരാതി അന്വേഷിക്കും. തിരുവനന്തപുരം റൂറൽ എസ് പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഷബീറിനെതിരെയാണ് അന്വേഷണം.
കെ റെയിലുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ സി ബി സി രംഗത്ത് വന്നു. സംസ്ഥാന സർക്കാരിന് അധികാരത്തിന്റെ അഹന്തയാണെന്ന് മീഡിയ കമ്മീഷൻ കുറ്റപ്പെടുത്തി. പൊതുജനത്തിന്റെ ജീവിതത്തിലേക്ക് റെയിലോടിക്കാൻ തെരുവിൽ പൗരന്മാരെ നേരിടുന്നു. സർക്കാരിന് ഏകാധിപത്യ സ്വഭാവമാണെന്നും കെസിബിസി കുറ്റപ്പെടുത്തി. കുടിയിറക്കപ്പെടുന്ന എല്ലാവരുടെയും നെഞ്ചിലാണ് പൊലീസിന്റെ ഈ ചവിട്ട് ഒരൊറ്റ ചവിട്ടു കൊണ്ട് കെ റെയിലിനു വേണ്ടി കേരളം മുഴുവൻ ഭൂമി അളന്നു എടുക്കാനുള്ള ശ്രമത്തിലാണ് കേരള സർക്കാർ എന്നും കെസിബിസി പറഞ്ഞു.
കെസിബിസി മീഡിയ കമ്മീഷന്റെ കുറിപ്പ് ഇങ്ങനെ:
ഒരൊറ്റ ചവിട്ടു കൊണ്ട് കെ റെയിലിനു വേണ്ടി കേരളം മുഴുവൻ ഭൂമി അളന്നു എടുക്കാനുള്ള ശ്രമത്തിലാണ് കേരള സർക്കാർ.തിരുവനന്തപുരം കണിയാപുരം കരിച്ചാറയിൽ ഇന്ന് സംഭവിച്ചത് അധികാരത്തിന്റെ അഹന്തയാണ് പൊതുജനത്തിന്റെ ജീവിതത്തിലേക്ക് റെയിലോടിക്കാൻ തെരുവിൽ പൗരന്മാരെ നേരിടുകയാണ്. ഇതിനെ അഹങ്കാരം എന്നെല്ലാതെ എന്ത് വിളിക്കും.മൂന്നാകിട ഏകാധിപത്യമാണ് സ്വന്തം പൗരന്മാരുടെ ആശങ്കകളോട് ഇത്രയധികം ധാർഷ്ട്യം കാണിക്കുന്നത്.
പൗരന്മാർ തെരുവില് ഇറങ്ങിയത് എന്തിനാണ് ? അവരുടെ വർഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലവും ,കെട്ടിടങ്ങളും സർക്കാർ ഏറ്റെടുത്ത് അവരെ തെരുവിൽ ഇറക്കിവിടുന്നതിനാലാണ്.അതെ തെരുവിൽ അവരെ പൊലീസ് നെഞ്ചിൽ ചവിട്ടുന്നു.രാഷ്ട്രീയ മത വർഗീയ കൊലപാതകികൾക്ക് പൊലീസും ജയിലും വി.ഐ.പി പരിഗണന നല്കുന്നവരാണ് സാധാരണക്കാരനെ തെരുവിൽ തള്ളിയിടുന്നതും ചവിട്ടുന്നതും.
ആ ചവിട്ട് ഇവിടുത്തെ നിസഹായകരായ ഓരോ മനുഷ്യനോടുമുള്ളതാണെന്ന് തോന്നി.മൂന്നാകിട പരിഗണന പൗരന്മാർക്ക് നല്കുന്ന നാട് മൂന്നാംകിട ഭരണാധികാരിയുടെതാണ്.അത് ജനത്തിന്റെ അപരാധമല്ല.സർക്കാർ സംവിധാനം ശക്തമാണ്. അധികാരം, നികുതി ,പണം എല്ലാമുണ്ട് അവർക്ക്. നിങ്ങൾക്ക് വേഗത്തിൽ ഓടാൻ വെളിച്ചവും ശബ്ദമിട്ട് റോഡിലിറങ്ങിയാൽ എല്ലാവരും മാറി തരും.
സംഘടതിരായി വോട്ട് നിഷേധിക്കാനും തെരുവിൽ വെട്ടാനും അറിയുന്നവരോട് സൗമ്യമായി പൊലീസും ഭരണാധികാരികളും ഇടപ്പെടുന്നതും നമ്മൾ കാണുന്നുണ്ട്.ഇത് സംസ്‌കാരമുള്ള ഒരു ജനതയ്ക്കും ഒരു കാലത്തിനും ചേർന്ന നടപടിയല്ല.കിടപ്പാടവും സ്വപ്നവും നഷ്ടമായി തെരുവിൽ നിലവിളിക്കുന്നവന്റെ നെഞ്ചിൽ ബ്യൂട്ടിട്ടു ചവിട്ടുന്നത് ഫാസിസമാണ് , ഏകാധിപത്യമാണ്.അത് ഡൽഹിയിലായാലും കേരളത്തിലായാലും തെറ്റാണ്.
ഫാസിസത്തെ ഡൽഹിയിൽ ഒറ്റയ്ക്ക് നേരിട്ട രാഷ്ട്രീയ നേതാവിന് ധീര പരിവേഷവും, കേരളത്തിൽ അനാഥരാകുന്ന മനുഷ്യർ മാവോയിസ്റ്റുകളുമാകുന്നത് ഏത് പ്രത്യയാശസ്ത്രപാഠമാണ്. ഒരു നാട് മികച്ചതാകുന്നത് അവിടുത്തെ പൗരന്മാർക്ക് സർക്കാർ സംവിധാനങ്ങളിൽ നിന്നും മികച്ച സേവനം ലഭിക്കുമ്പോഴാണ്.അതിലാണ് വേഗത ആദ്യം കാണിക്കേണ്ടത്. അപക്വമായ ഒരു വികസന ആശയത്തിന്റെ മറവിൽ എത്രയോ മനുഷ്യരുടെ എത്രയോ കാലത്തെ അധ്വാനത്തെയാണ് തെരുവിലെറിയുന്നത്.
കുടിയൊഴിക്കപ്പെട്ട മൂലമ്പള്ളിക്കാരും മറ്റുള്ളവരും നിങ്ങളുടെ മുന്നിൽ നിലവിളിയോടെ ഇന്നും കാത്തുനിൽക്കുന്നു. എന്ത് നിതീയാണ് നിങ്ങൾ ഇവർക്ക് നല്കുന്നത് ?ആര് ആരെയാണ് ചവിട്ടുന്നത് .ചവിട്ട് ഏൽക്കുന്നവന്റെ നികുതിപ്പണത്തിൽ നിന്നും ശബളം വാങ്ങി ചവിട്ടുന്നവർ ഏതു ലോകത്തേക്കാണ് നാടിനെ നയിക്കുന്നത്.ഇത് തെറ്റാണ് ,അനീതിയാണ്.ഏകാധിപതികളെ നമുക്ക് വേണ്ട.മൂന്നാം ലോകപൗര സങ്കൽപ്പം അല്ല നമുക്ക് വേണ്ടത്.ആശങ്കകൾക്ക് പരിഹരമുണ്ടാക്കി മാതൃക കാണിക്കു .എന്നിട്ട് പോരെ പൊലീസിനെ വെച്ചുള്ള ഈ ജനാധിപത്യവേട്ട. ലാത്തിയും തോക്കും ബ്യൂട്ട്‌സും കൊണ്ട് വികസനത്തിനന്റെ ചൂളം വിളി കേരളത്തിന്റെ നെഞ്ചിലൂടെ ഓടിക്കാമെന്നത് അങ്ങേയറ്റത്തെ ഏകാധിപത്യ ബോധമാണ്. ഭരണകൂടവും പൊലീസും മനുഷ്യനോട്, പൗരനോട് മാന്യമായി പെരുമാറണം.
ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കൽ
സെക്രട്ടറി,കെസിബിസി മീഡിയ കമ്മീഷൻ
മറുനാടന് മലയാളി ബ്യൂറോ