കൊച്ചി:2020-2021 ലെ കെസിബിസി മീഡിയ അവാർഡുകൾ പ്രഖ്യാപിച്ചു.സന്തോഷ് ജോർജ്ജ് കുളങ്ങര (മാധ്യമം )പ്രൊഫ.എസ്.ജോസഫ് (സാഹിത്യം) കമാൻഡർ അഭിലാഷ് ടോമി (യുവപ്രതിഭ )ഡോ.പയസ് മലേക്കണ്ടത്തിൽ ( ദാർശനികം )എന്നിവരാണ് അവാർഡ് ജേതാക്കൾ.ഗുരുപൂജാ പുരസ്‌ക്കാരങ്ങൾ കെ.ജി.ജോർജ്ജ്, സി.ഡോ.വീനിത സി.എസ്.എസ്.ടി,ആന്റണി പൂത്തൂർ ചാത്യാത്ത്, ടോമി ഈപ്പൻ,എന്നിവർക്കാണ് സമർപ്പിക്കുക.കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസഫ് പാംബ്ലാനിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

മാധ്യമ പ്രവർത്തകനും സഫാരി ടിവിയുടെ സ്ഥാപകനുമാണ് മാധ്യമ അവാർഡിന് അർഹനായ സന്തോഷ് ജോർജ്ജ് കുളങ്ങര.ദൃശ്യ-ശ്രാവ്യ മേഖലകളിൽ നടത്തിയ മൂല്യാധിഷ്ഠിതസംഭാവനകൾക്കാണ് പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുര്‌സ്‌കാരത്തിന് സന്തോഷ് ജോർജ്ജ് കുളങ്ങരയെ അർഹനാക്കിയത്.സാഹിത്യ അവാർഡിന് അർഹനായ കവി പ്രൊഫ.എസ് ജോസഫ് എറണാകുളം മഹാരാജാസ് കോളേജിലെ അദ്ധ്യാപകനാണ്.

ജീവിതത്തിന്റെ ഭിന്നമേഖലകളിൽ പ്രചോദനാത്മകമായ സംഭാവനകൾ നൽകിയ കമാൻഡർ അഭിലാഷ് ടോമിയാണ് യുവപ്രതിഭാ അവാർഡിന് അർഹനായിട്ടുള്ളത്.ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ പേരിലുള്ള ദാർശനിക ൈവജ്ഞാനിക അവാർഡ്്.ഡൽഹി ജെ.എൻ.യുവിലെ ചരിത്രവിഭാഗം പ്രൊഫസർ ഡോ.പയസ് മലേക്കണ്ടത്തിലിന് നൽകും.ഗുരുപൂജ പുരസ്‌കാരത്തിന് അർഹനായ കെ.ജി ജോർജ്ജ് കേരളത്തിലെ ഏറ്റവും മികച്ച ചലിച്ചിത്ര സംവിധായകനും ചലിച്ചിത്രഗുരുവുമാണ്.

വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾക്കാണ് സി.ഡോ.വിനീത സി.എസ്.എസ്.ടി ഈ വിഭാഗത്തിൽ ആദരിക്കപ്പെടുന്നത്.മതാത്മക ചരിത്രത്തിന്റെ വേറിട്ട വായനകളിലൂടെ നടത്തിയ രചനകൾക്കാണ് ആന്റണി പുത്തൂർ ചാത്യത്ത് ആദരിക്കപ്പെടുന്നത്.ക്യാഷ് അവാർഡും പ്രശസ്തി പത്രവും ശിൽപ്പവും ചേർന്നതാണ് ഈ പുരസ്‌കാരം. ഗുരുപൂജാ പുരസ്‌കാരത്തിന് അർഹനായ ടോമി ഈപ്പൻ ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.അറിയപ്പെടുന്ന വിവർത്തകൻ കൂടിയാണ് ഇദ്ദേഹം.അവാർഡ് ദാനചടങ്ങിന്റെ തീയതി പിന്നീട് അറിയിക്കുമെന്ന് കെസിബിസി മീഡീയ കമ്മീഷൻ സെക്രട്ടറി ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കൽ അറിയിച്ചു.