- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ ബജ്റംഗദൾ പ്രവർത്തകരുടെ ആക്രമണം; മലയാളി ഉൾപ്പെടെയുള്ള കന്യാസ്ത്രീകളെ തടഞ്ഞുവെച്ചത് മതപരിവർത്തനത്തിന് ശ്രമിക്കുന്നു എന്നാരോപിച്ച്; സംഭവത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് കെസിബിസി
ഝാൻസി: ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് കെസിബിസി. മാർച്ച് 19 ന് ഡൽഹി-ഒഡീഷ ട്രെയിനിൽ വച്ചാണ് ഒരുസംഘം ആളുകൾ കന്യാസ്ത്രീകളെ അധിക്ഷേപിക്കുകയും അക്രമികളുടെ ആവശ്യത്തെ തുടർന്ന് റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്ന നാല് കന്യാസ്ത്രീകളിൽ രണ്ടുപേരാണ് ആക്രമണത്തിന് ഇരയായത്. ഇവരിൽ രണ്ടുപേർ തിരുവസ്ത്രം അണിഞ്ഞിരുന്നു. മറ്റ് രണ്ടുപേരെ മതംമാറ്റാൻ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ബജ്റംഗദൾ പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
തിരുഹൃദയ സന്യാസി സഭയിലെ മലയാളി ഉൾപ്പെടെയുള്ള നാല് കന്യാസ്ത്രീകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഡൽഹിയിൽ നിന്നും ഒഡിഷയിലേക്കുള്ള യാത്രക്കിടെ ഝാൻസിയിൽ വച്ചാണ് ആക്രമണം. മതം മാറ്റാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. മതം മാറ്റ നിരോധന നിയമമനുസരിച്ച് കേസെടുക്കാനും ശ്രമമുണ്ടായി.
സന്യാസ പഠനം നടത്തുന്ന ഒഡീഷയിൽ നിന്നുള്ള രണ്ടു പേരെ വിട്ടിലാക്കാനുള്ള യാത്രക്കിടെയാണ് ആക്രമണം ഉണ്ടായത്. അടുത്തിടെയാണ് ഇവർ പഠനത്തിനു ചേർന്നത്. പഠിക്കാൻ തുടങ്ങിയതിനു ശേഷം ഇത് ആദ്യമായാണ് അവർ വീട്ടിലേക്ക് പോയത്. ഇവർക്കൊപ്പം മറ്റ് രണ്ട് കന്യാസ്ത്രീകളും ഉണ്ടായിരുന്നു. ട്രെയിനിലായിരുന്നു യാത്ര. ഋഷികേശിൽ നിന്ന് ട്രെയിനിൽ കയറിയ ബജ്റംഗ്ദൾ പ്രവർത്തകർ ട്രെയിനിൽ വച്ച് തന്നെ പ്രശ്നങ്ങളുണ്ടാക്കി. നിർബന്ധിച്ച് മതം മാറ്റാൻ ശ്രമം നടക്കുകയാണെന്നും പഠിതാക്കളെ തട്ടിക്കൊണ്ടുപോവുകയാണെന്നും ഇവർ റെയിൽവേ പൊലീസിനെ അറിയിച്ചു. തുടർന്ന് കന്യാസ്ത്രീകളെ കസ്റ്റഡിയിൽ എടുത്തു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതിനെ തുടർന്ന് പിന്നീട് ഇവരെ വിട്ടയച്ചു.
ട്രെയിനിൽ വെച്ച് കന്യാസ്ത്രീകളെ കസ്റ്റഡിയിൽ എടുത്തതായും വനിതാ പൊലീസുകാർ പോലും കൂടെ ഇല്ലായിരുന്നുവെന്നും പരാതിയുർന്നിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്ത കന്യാസ്ത്രീകളെ പിന്നീട് രാത്രി 11.30 ഓടെയാണ് വിട്ടയച്ചത്. വിഷയത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. സംഭവത്തിൽ കേരള സർക്കാരും ദേശീയ വനിത കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇടപെടണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. സംഭവം യത്രക്കാർക്ക് റെയിൽവേ നൽകുന്ന സുരക്ഷിതത്വത്തെയും ഭരണഘടന നൽകുന്ന പൗരാവകാശത്തെയും ചോദ്യം ചെയ്യുന്നതാണ്. റെയിൽവേയും കേന്ദ്രസർക്കാരും ഉത്തർപ്രദേശ് സർക്കാരും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ