വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശം ബഫർസോണായി പ്രഖ്യാപിക്കാനുള്ള നടപടിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കെ.സി.വൈ.എം. സംസ്ഥാന സമിതി. സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ഡയറക്ടർ റവ.ഫാ.സ്റ്റീഫൻ ചാലക്കര ഉദ്ഘാടനം ചെയ്തു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഈ കരട് വിജ്ഞാപനം വയനാടൻ ജനതയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വയനാട്, മലബാർ, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ ചുറ്റും പരിസ്ഥിതി ലോല മേഖലയാക്കി മാറ്റുന്ന തീരുമാനം അംഗീകരിക്കാനാവില്ല. വന്യമൃഗത്തേക്കാൾ പ്രാധാന്യം മനുഷ്യർക്ക് നൽകണമെന്നും അവരുടെ ജീവിക്കാനുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ബഫർസോൺ കരട് വിജ്ഞാപനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും സമിതി ആവശ്യപ്പെട്ടു. ധാർമ്മിക യുവജനപ്രസ്ഥാനമെന്ന നിലയിൽ കെ.സി.വൈ.എം മാനന്തവാടി രൂപത നടത്തി വരുന്ന മലയോര സംരക്ഷണ യാത്ര ഏറെ അഭിനന്ദനാർഹമാണെന്ന് സമിതി വിലയിരുത്തി. കെ.സി.വൈ.എം. മാനന്തവാടി രൂപതയ്ക്ക് സംസ്ഥാന സമിതിയുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും അദ്ധ്യക്ഷൻ എഡ്വേർഡ് രാജു അറിയിച്ചു.

കെ.സി.വൈ.എം.സംസ്ഥാന ജനറൽ സെക്രട്ടറി ഷിജോ ഇടയാടിൽ, വൈസ് പ്രസിഡന്റുമാരായ റോഷ്‌ന മറിയം ഈപ്പൻ, അഗസ്റ്റിൻ ജോൺ, സെക്രട്ടറിമാർ അജോയ് പി തോമസ്, റോസ് മേരി തേറുകാട്ടിൽ, ഫിലോമിന സിമി, ഡെനിയ സിസി ജയൻ, ട്രഷറർ എബിൻ കുമ്പുക്കൽ, അസി. ഡയറക്ടർ സി.റോസ് മെറിൻ എസ്.ടി എന്നിവർ സംസാരിച്ചു.