കുവൈത്ത് സിറ്റി: സ്വന്തം സ്‌പോൺസർഷിപ്പിൽ ഇല്ലാത്തയാളെ തൊഴിൽ ചെയ്യിപ്പിച്ചാലുള്ള പിഴ വർധിപ്പിക്കുന്ന ഭേദഗതിപാർലമെന്റ് നിയമസമിതി പാസാക്കി. സ്വകാര്യതൊഴിൽ നിയമത്തിൽ ഇതു സംബന്ധിച്ച ഭേദഗതി കുവൈത്ത് പാർലമെന്റിന്റെ നിയമകാര്യസമിതി അംഗീകരിച്ചു.

തൊഴിൽ നിയമത്തിലെ സുപ്രധാനമായ ഈ ഭേദഗതിക്കു പുറമേ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട എട്ടു കരടുബില്ലുകൾ അംഗീകരിക്കുകയും  മൂന്നെണ്ണം നിരാകരിക്കുകയും ചെയ്തതായി സമിതി ചെയർമാൻ മുബാറക് അൽ ഹുറൈസ് എംപി അറിയിച്ചു.

സ്വകാര്യ തൊഴിൽ നിയമത്തിലെ 183ാം വകുപ്പ് ദേദഗതി ചെയ്തതാണ് ഇതിൽ പ്രധാനം. സ്വന്തം സപോൺസർഷിപ്പിലല്ലാത്തവരെ തൊഴിലെടുപ്പിച്ചാൽ പിഴ വർധിപ്പിക്കുന്നതാണ് ഈ ഭേദഗതി.ഇങ്ങനെ ചെയ്യുന്ന സ്‌പോൺസർമാർക്ക് നേരത്തേയുണ്ടായിരുന്ന പരമാവധി 3,000 ദീനാർ പിഴ ഭേദഗതി പ്രകാരം 5,000 ദീനാറായി ഉയരും. തൊഴിലാളികളെ സ്‌പോൺസർ മാറി ജോലി ചെയ്യിക്കുന്ന സംഭവങ്ങൾ വർധിച്ചതിനെ തുടർന്നാണ് ഇത്തരമൊരു ഭേദഗതി
നിർദ്ദേശം തൊഴിൽ മന്ത്രാലയം മുന്നോട്ടുവച്ചത്.

സ്വകാര്യ വിദ്യാഭ്യാസ നിയമം, കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അഥോറിറ്റി നിയമം, മുനിസിപ്പാലിറ്റി നിയമം, കമ്യൂണിക്കേഷൻ റെഗുലേഷൻ അഥോറിറ്റി നിയമം തുടങ്ങിയവയിലെ ചെറിയ ഭേദഗതികളാണ് അംഗീകരിക്കപ്പെട്ട മറ്റുള്ളവ.

അതിനിടെ രാജ്യത്തെ വിദേശികളുടെ എണ്ണം കുറയ്ക്കുന്നതു സംബന്ധിച്ച റിപ്പോർട്ടിനു നാളെ അന്തിമരൂപം നൽകുമെന്നു സാമൂഹിക- തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് അറിയിച്ചു. പഠനസമിതി റിപ്പോർട്ടിന് അന്തിമ രൂപമായെങ്കിലും മിനുക്കുപണികൾ ബാക്കിയുണ്ട്. ഒരു രാജ്യത്തുനിന്നു രണ്ടുലക്ഷത്തിലേറെ ആളുകളെ കുവൈത്തിൽ അനുവദിക്കില്ലെന്ന രീതിയിലാണു ചർച്ചകൾ. വിദേശതൊഴിലാളികളുടെ എണ്ണം വളരെ കൂടുതലാണ് എന്നതിനാലാണ് ഈ ആലോചന.