കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രഥമ ജില്ലാ കൂട്ടായ്മയായ കാസർഗോഡ് ജില്ലാ അസോസിയേഷൻ കെ ഇ എ കുവൈറ്റ്, അതിന്റെ ദശവാർഷികത്തോട് അനുബന്ധിച്ച് 'പട്ടിണി ഒരു യാഥാർഥ്യം ' എന്ന വിഷയത്തെ ആസ്പദമാക്കി  സെമിനാർ സംഘടിപ്പിച്ചു. കെ ഇ എ പേട്രൻ സത്താർ കുന്നിൽ മോഡറേറ്ററായി നടന്ന സംവാദത്തിൽ പ്രസിഡന്റ് ഹമീദ് മധൂർ അധ്യക്ഷം വഹിച്ചു.

സലാം കളനാട് വിഷയം അവതരിപ്പിക്കുകയും  ചെയ്തു. കാസറകോഡൻ മലയോര മേഖലയിലെ പട്ടിണിക്ക് ഒരു കൈത്താങ്ങുമായി ഞങ്ങൾ ഇറങ്ങുമ്പോഴും, പട്ടിണി എന്നത് കേരളത്തിലെ മുക്കിലും മൂലകളിലും നില നിൽക്കുന്നുവെന്ന  യാതാർഥ്യത്തിന്റെ ഒരു ബോധാവൽകരണമാണ് സെമിനാർ ലക്ഷ്യം വെക്കുന്നത്. പ്രകൃതി സ്വരുക്കൂട്ടി വച്ച വിഭവങ്ങൾ കൈയൂക്കുള്ളവൻ കൈപിടിയിലോതുക്കുമ്പോൾ അർദ്ധ പട്ടിണിയും മുഴുപ്പട്ടിണിയുമായി ജീവിക്കുന്ന സഹജീവികൾക്ക് നേരെ കണ്ണടച്ചുകളയുന്ന സമകാലീന ജീവിത ശൈലിക്ക് നേരെയുള്ള ഒരു തൊട്ടുണർത്തൽ കൂടിയായി ഈ സംവാദം.

ജാതിയും മതവും, വർഗ്ഗവും വർണവും മനുഷ്യരെ വേർതിരിച്ചു നിർത്തുമ്പോൾ വിശപ്പെന്ന പൊതു വികാരത്തിനു മുന്നിൽ സ്ത്രീ പുരുഷ വ്യത്യാസം പോലുമില്ല എന്ന പരമ യാഥാർഥ്യത്തെ തുറന്നു കാട്ടുകയാണ് സെമിനാറു കൊണ്ട് കെ ഇ എ ലക്ഷ്യം വെക്കുന്നത്.
കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രശസ്ത വ്യക്തിത്വങ്ങളായ സാം പൈനുമൂട്, ഷീർ ബാത്ത, ജോയ് മുണ്ടാക്കാട്, തോമസ് കടവിൽ, റിയാസ് അയനം,ഇബ്രാഹിം കുന്നിൽ,അനിയൻ കുഞ്ഞ്, അൻവർ, ഹിക്മത്, അസീസ് തിക്കൊടി, അഷ്‌റഫ് കാളത്തോട്, ഹംസ പയ്യന്നൂർ, കാദെർ ലുലു, സഗീർ, എൻജിനീയർ അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു സംസാരിക്കുകയുണ്ടായി .

-മതം മനുഷ്യനെ ഇത്രമാത്രം സ്വാധീനിച്ചിട്ടും , സകല മതങ്ങളും പട്ടിണിയെക്കുറിച്ചും , പട്ടിണിക്കാരനെ ക്കുറിച്ചും മുന്നറിയിപ്പ് നൽകിയിട്ടും നമ്മുടെ അയൽപക്കങ്ങളിൽ പോലും പട്ടിണി ഒരു യാഥാർഥ്യമാണെന്ന സത്യം സംവാദകർ അംഗീകരിക്കുകയും , ഈ വിഷയം ഏറ്റെടുത്ത  കെ ഇ എ ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ,
നമുക്കും നൽകാം ഒരു നേരത്തെ ഭക്ഷണം എന്ന കെ ഇ എ മുദ്രാവാക്ക്യം സമൂഹം ഏറ്റെടുക്കുമെന്ന് പ്രത്ത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ചെയർമാൻ എൻജിനീയർ  അബൂബക്കർ നന്ദി പ്രകാശിപ്പിച്ചു