തിരുവനന്തപുരം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ കിടന്ന് മരണത്തെ മുഖാമുഖം കണ്ട നന്ദൻ കോട് കൂട്ടക്കൊല കേസിലെ പ്രതി കേഡൽ ജീൻസ് രാജിന്റെ ശരീരം മരുന്നുകളോടു പ്രതികരിച്ചു തുടങ്ങിയതിനാൽ അപകട സാധ്യത തരണം ചെയ്തുവെന്നു തന്നെ പറയാം. കേഡലിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയ സമയത്ത് ജയിൽ ഡോക്ടർ ഇല്ലാതിരുന്നതാണ് കേഡലിനെ അത്യാസന്ന നിലയിൽ എത്തിച്ചത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയ സമയത്ത് വാർഡന്മാർ വേണ്ട പരിചരണം ഉറപ്പു വരുത്താത്തതും സ്ഥിതി ഗുരുതരമാക്കി.

സാധാരണ ജയിലിൽ രാത്രി ഭക്ഷണം ആറു മണിക്ക് മുൻപ് കൊടുക്കുകയും തടവുകാർ അത് ഭക്ഷിക്കുകയും ചെയ്യും. എന്നാൽ കേഡലിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയത് രാത്രി പത്തു മണിയോടടുപ്പിച്ച്. ഊളമ്പാറ മാനസിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സ തുടരുന്നതിനാൽ രാത്രി ഗുളിക കഴിച്ചശേഷം വിശപ്പു ഉണ്ടകുമെന്നാതിനാൽ ഭക്ഷണം വാങ്ങി ശേഖരിക്കുന്ന പതിവ് കേഡലിന് ഉണ്ടായിരുന്നു. ജയിൽ ചട്ടം അനുസരിച്ച് ഇത് അനുവദനീയമല്ലെങ്കിലും വാർഡന്മാർ കണ്ണടച്ചു കൊടുത്തിരിക്കാം. കേഡൽ ഒരു ദിവസം ആറും എഴും പ്രവിശ്യം ഭക്ഷണം കഴിച്ചിരുന്നു.

ഭക്ഷണം വാങ്ങി ശേഖരിച്ചിരുന്ന കേഡൽ റോബട്ടുകളെ പോലെയാണ് പെരുമാറിയിരുന്നത്. ഊളമ്പാറയിലെ കിടത്തി ചികിത്സ കഴിഞ്ഞു മടങ്ങി എത്തിയ ശേഷമാണ് റോബട്ടുകളെ പോലെ പെരുമാറുന്നത്. ആര് എന്ത് പറഞ്ഞാലും മറുപടി പറയാൻ താമസിക്കും. എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ അത് വാർഡന്മാരെ അറിയിക്കാൻ താമസിക്കും. എന്താണ് പറയാൻ ഉദ്ദേശിച്ചതെന്ന് മറന്നു പോകും അങ്ങനെയൊക്കെ ആയിരുന്നു കേഡൽ. കൂടുതൽ സമയവും ഉറക്കമാണ്, മരുന്നിന്റെ മയക്കമാണ് ഉറക്കത്തിന് കാരണമെന്ന് വാർഡന്മാർ പറഞ്ഞിരുന്നു.

ജയിലിൽ മാനസിക രോഗികളായവരെ പാർപ്പിക്കുന്ന അതീവ സുരക്ഷമേഖലയിലെ പത്താം ബ്ലോക്കിൽ ഒറ്റയ്ക്ക് ഒരു സെല്ലിലാണ് കേഡലിനെ പാർപ്പിച്ചിരുന്നത്. ഈ ബ്ളോക്കിൽ നൂറ്റി അൻപതിലധികം മാനസിക രോഗികളായ തടവുകാർ ഉണ്ട്. കേഡലിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയപ്പോൾ അപസ്മാരം വന്നതും സ്ഥിതി സങ്കീർണമാക്കി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വാർഡൻ കാണാൻ വൈകിയതും പ്രാഥമിക ചികിത്സ യാഥാസമയം ലഭിക്കാത്തതും കേഡലിനെ അത്യാസന്ന നിലയിലാക്കാൻ വഴി വെച്ചുവെന്നാണ് ജയിലിൽ നിന്നറിയുന്നത്. തിരുവനന്തപുരം ജില്ലാ ജയിലിൽ ആണ് ആദ്യം കേഡലിനെ പാർപ്പിച്ചിരുന്നത്. അവിടെ വെച്ച് മാനസിക രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതും സഹ തടവുകാരനെ ആക്രമിച്ചതും കാരണമാണ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

കൂടുതൽ ശ്രദ്ധയും വൈദ്യസഹായവും ലക്ഷ്യം വച്ചായിരുന്നു ഈ നീക്കം. തുടർന്ന് ജയിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് ഊളമ്പാറയിൽ ചികിത്സ തേടിയത്. ഊളമ്പാറയിൽ പോകുന്നതിന് മുൻപ് വളെ ആക്ടീവായിരുന്ന കേഡൽ കൂടുതൽ സമയവവും ബൈബിൾ വായനക്കാണ് സമയം കണ്ടെത്തിയിരുന്നത്. ജയിലിൽ പ്രാർത്ഥനക്ക് എത്തിയ വിശ്വാസികൾ കൈമാറിയ പുതിയ നിയമം പല തവണ വായിച്ച ശേഷം ജയിൽ ലൈബ്രററിയിൽ നിന്നും പഴയ നിയമം വാങ്ങി വായിച്ച കേഡൽ പശ്ചാത്താപ വിവശനായി പെരുമാറിയിരുന്നുവെന്നും പത്താം ബ്ളോക്കിൽ സ്ഥിരമായി ഡ്യൂട്ടി ലഭിക്കുന്ന വാർഡന്മാർ പറയുന്നു.

ആസ്ട്രൽ പ്രൊജക്ഷനെന്ന ആഭിചാരക്രിയയുടെ പേരിൽ അച്ഛനമ്മമാരെയും കൂടെപ്പിറപ്പിനെയും ബന്ധുവിനെയും അരും കൊല ചെയ്തതിനെ മുൻപ് ന്യായീകരിച്ച കേഡൽ പിന്നീട് അബദ്ധം പറ്റിയെന്ന് പറഞ്ഞിരുന്നു. ആരോടും അധികമായി ഇടപെടുന്ന ശീലമില്ലെങ്കിലും വാർഡന്മാരോടും ജയിലുദ്യോഗസ്ഥരോടും ആഴ്ചയിലൊരിക്കൽ ജയിലിലെത്തുന്ന ഡോക്ടറോടും നീതിന്യായ ഉദ്യോഗസ്ഥരോടുമെല്ലാം കേഡൽ കുമ്പസാരത്തിലായിരുന്നു. ബൈബിൾ വായിച്ചിരുന്നുവെങ്കിലും . , ജയിൽ വളപ്പിലെ പള്ളിയിൽ ക്രിസ്മസിന് പോലും കേഡൽ പോയില്ല. ഇടയ്ക്ക് ടിവി കാണുമായിരുന്നു. മാനസിക ചികിത്സ ആരംഭിച്ച ശേഷം പിന്നെ ടിവി കാണാനും പോകാതായി.

50 കോടിയിലധികം രൂപയുടെ സ്വത്തിന്റെ ഏക അവകാശിയായ കേഡലിനെ ഉറ്റവരായി ആരും തുടക്കത്തിൽ സന്ദർശിക്കാനോ ആശ്വസിപ്പിക്കാനോ എത്തിയിരുന്നില്ലെങ്കിലും അടുത്ത കാലത്തായി ഏതാനും ചില അടുത്ത ബന്ധുക്കൾ കാണാനെത്തിയിരുന്നു. 2017 ഏപ്രിൽ 10നാണ് നന്തൻകോട് ജംഗ്ഷന് സമീപത്തെ ബെയിൻസ് കോമ്പൗണ്ട് വളപ്പിലെ വീട്ടിൽ മാതാപിതാക്കളായ നേശമണി കോളേജിലെ റിട്ട. ഹിസ്റ്ററി പ്രൊഫ. രാജ് തങ്കം, ജനറൽ ആശുപത്രിയിൽ നിന്ന് വിരമിച്ച ഡോ. ജീൻ പത്മ, സഹോദരിയും മെഡിക്കൽ വിദ്യാർത്ഥിനിയുമായ കാരളിൻ, ബന്ധുവായ ലളിത എന്നിവരെ വകവരുത്തിയശേഷം കേഡൽ പെട്രോളൊഴിച്ച് കത്തിച്ചത്.

ശരീരത്തിൽ നിന്ന് ആത്മാവ് വേർപെടുന്നത് കാണാനാണ് അരും കൊലകളെന്നായിരുന്നു കേഡൽ വെളിപ്പെടുത്തിയതെങ്കിലും മാതാപിതാക്കളുൾപ്പെടെ കുടുംബം കാട്ടിയ അവഗണനയുടെ പ്രതികാരമാണ് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കന്റോൺമെന്റ് അസി. കമ്മിഷണറായിരുന്ന വിജിലൻസ് എസ്‌പി കെ.ഇ ബൈജുവാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.