ഗുരുവായൂർ: കഴിഞ്ഞ ആഴ്‌ച്ചയിലെ ബുധൻ,വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം ഗുരുവായുർ ശിവേലിക്ക് കണ്ണന്റെ തിടമ്പ് എഴുന്നെള്ളിച്ച ആനയെക്കാണാൻ നിരവധിപേർ ക്ഷേത്രത്തിൽ എത്തിച്ചേർത്തുന്നിരുന്നു.അന്ന് ചടങ്ങിനൊപ്പം തന്നെ ശ്രദ്ധകേന്ദ്രമായിരുന്നു കീർത്തി എന്ന ആനയും.ആനയ്ക്ക് എന്താണ് പ്രസക്തിയെന്നാവും മനസിലേക്ക് വരുന്ന ചിന്ത..അതിന് കൃത്യമായ കാരണമുണ്ട്.അന്ന് കണ്ണന്റെ തിടമ്പെഴുന്നള്ളിച്ച കീർത്തി എന്ന ആനയ്ക്ക് പറയുവാനുണ്ടായിരുന്നത് ഒരു അതിജീവനത്തിന്റെ കഥ കൂടിയാണ്.നല്ലനടപ്പിനായി ചങ്ങലയിൽ തളച്ചിട്ട പതിനഞ്ച് വർഷത്തെ അതിജീവിച്ച് നല്ല കുട്ടിയായി തിരിച്ചെത്തിയ കഥ.

പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് അനക്കൊട്ടിലിൽ ബന്ധിച്ചിരുന്ന കീർത്തി പുറംലോകം കാണുന്നത്.പാപ്പാൻ പി.എസ്. മഹേഷിന്റെ മനോധൈര്യവും സ്‌നേഹ പരിചരണവും 15 വർഷത്തെ ചങ്ങലക്കുരുക്കിൽ നിന്ന് ആനയ്ക്ക് മോചനം നൽകി.ചെറുപ്പം മുതലേ അക്രമ വാസന കാട്ടിയിരുന്നു കീർത്തി.2002ഒക്ടോബർ 28നാണ് 8 വയസ്സുള്ള കീർത്തിയെ നടയിരുത്തിയത്. കീർത്തിയുടെ വില്ലത്തരത്തിന്റെ റേഞ്ച് മനസിലാകണമെങ്കിൽ പറന്നു പോയ കാക്കയെ പിടിച്ചുകുത്തിയ ചരിത്രം മാത്രം കേട്ടാൽ മതി.

തക്കം കിട്ടിയാൽ പാപ്പാനെ ആക്രമിക്കും. 2007ൽ ചട്ടക്കാരൻ ഗോപാലകൃഷ്ണനെ ചേറ്റുവയിൽ ദാരുണമായി കൊലപ്പെടുത്തി. പിന്നീട് 4 പാപ്പാന്മാരെ ഉപദ്രവിച്ചതോടെ തടവിലായി. 2013ൽ പാപ്പാൻ ബാബുവും 2020ൽ വി.സതീഷും ആനയെ ക്ഷേത്രത്തിൽ എത്തിച്ചെങ്കിലും എഴുന്നള്ളിക്കാനായില്ല. 2021 ഏപ്രിൽ 2ന് പി.എസ്. മഹേഷ് ചട്ടക്കാരനായി.

33 വർഷം ദേവസ്വത്തിന്റെ എലൈറ്റ് നാരായണൻകുട്ടിയുടെ പാപ്പാൻ ആയിരുന്ന ശെൽവരാജിന്റെ മകനായ മഹേഷ് ആനപ്പണിയുടെ മർമം അച്ഛനിൽ നിന്ന് പഠിച്ചിരുന്നു. ഒപ്പം 23 വർഷം ഗുരുവായൂർ പത്മനാഭന്റെ പാപ്പാനായിരുന്ന പൂക്കോട്ടിൽ രാധാകൃഷ്ണൻ, പി.എസ്.സജി എന്നിവരും. മൂവരും ചേർന്ന് കെട്ടുംതറിയിൽ നിന്ന് കീർത്തിക്ക് മോചനം നൽകി.ഗുരുവായൂർ ക്ഷേത്രത്തിൽ ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം ശീവേലിക്ക് കീർത്തി കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചു.