- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആ വിറയൽ കൈകളിലൂടെ ഹൃദയത്തിലേക്കു തരംഗമായെത്തി.... ഇതിനു ജീവനുണ്ട്...; മറ്റാരോ ഗർഭഛിദ്രം നടത്തി കുഴിച്ചു മൂടാൻ കൊടുത്ത പെൺകുഞ്ഞിനെ ശവക്കോട്ട സൂക്ഷിപ്പുകാരിൽ നിന്നും 200 രൂപയ്ക്ക് വാങ്ങി കൃഷ്ണമണിപോലെ പോറ്റി വളർത്തിയ ഒരമ്മ; ഇരുകാലുകളും തളർന്ന കീർത്തിയും കരളിൽ മുഴ രൂപപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഇന്ദിരയും: സുമനസ്സുകൾ അറിയാൻ കറ്റാനത്ത് നിന്നൊരു വേദനയുടെ കഥ
ആലപ്പുഴ: ഗർഭഛിദ്രം നടത്തിയ ശേഷം കുഴിച്ചു മൂടാൻ കൊണ്ടു പോയ പെൺകുഞ്ഞിനെ ശവക്കോട്ട സൂക്ഷിപ്പുകാരന്റെ പക്കൽ നിന്നും 200 രൂപയ്ക്ക് വാങ്ങി കൃഷ്ണമണിപോലെ കാത്തു സൂക്ഷിച്ചു വളർത്തിയ ഒരമ്മയുടെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കായംകുളം കറ്റാനം സ്വദേശിയായ തെക്കേക്കര വാത്തികുളം പറങ്ങോടിയിൽ ഇന്ദിര(67)യാണ് ആ അമ്മ. ഇന്ദിര ഇരുപത്തിയഞ്ച് വർഷം മുൻപ് മൺമറഞ്ഞുപോകേണ്ട ജീവന് ജീവിതം നൽകി വളർത്തിയെടുത്ത പെൺകുട്ടി കീർത്തി എസ് കുറുപ്പാണ്. മറുനാടൻ ഇവരെ തേടിയെത്തിപ്പോൾ സെറിബ്രൽ പാഴ്സി ബാധിച്ച് ഇരുകാലുകളും തളർന്ന കീർത്തിയും കരളിൽ മുഴ രൂപപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഇന്ദിരയും അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു.
1996 ലാണ് പേരറിയാത്ത ഒരു അമ്മ സ്വന്തം ഗർഭപാത്രത്തിലെ കുഞ്ഞിനെ കൊന്നത്. പെറ്റമ്മയുടെ കണ്ണിൽ, മാസംതികയാതെ പുറത്തെടുത്ത കുഞ്ഞ് മരിച്ചു. ആശുപത്രി രേഖകളിൽ, ഗർഭഛിദ്രം നടത്തിയ മാംസപിണ്ഡമായി അവൾ ആശുപത്രിക്കു പിന്നിലെ മണ്ണിൽ ലയിച്ചു. പക്ഷേ, ദൈവം അവൾക്കു രണ്ടാം ജന്മവുമായി ഇന്ദിരയുടെ രൂപത്തിൽ ആശുപത്രിലേക്ക് കയറിവരുന്നുണ്ടായിരുന്നു. ഗർഭഛിദ്രത്തിന്റെ മാലിന്യമായി കുഴിച്ചുമൂടാൻ ആശുപത്രി ജീവനക്കാരൻ കൊണ്ടുപോയ വളർച്ചയെത്താത്ത ഭ്രൂണത്തിൽ നിന്നു മകളെ കണ്ടെത്തിയ ഒരമ്മ. അന്നത്തെ നിമിഷങ്ങൾ ഇന്ദിര ഓർത്തെടുക്കുകയാണ്.
'1996 ഡിസംബർ ആറ്. സഹോദരി തങ്കമ്മയുടെ മകൾ ഗംഗ ആശുപത്രിയിൽ പ്രസവിച്ച വിശേഷമറിഞ്ഞാണ് ആലപ്പുഴ ജില്ലയിലെ ഒരു താലൂക്ക് ആശുപത്രിയിലെത്തിയത്. ഗംഗയുടെ കുഞ്ഞിനെ എടുക്കുന്നതിനിടയിൽ ഒരു ആൾക്കൂട്ടം പുറത്തേക്ക് പോകുന്നതു കണ്ട് മോളെ അതെന്താ സംഭവം എന്നു ചോദിച്ചു. അപ്പോൾ ഗംഗ പറഞ്ഞു അതൊരു കുഞ്ഞിന്റെ മൃതശരീരം അടക്കം ചെയ്യാൻ പോകുകയാണ്. നല്ല തങ്കക്കുടം പോലെയൊരു കുഞ്ഞ്. അമ്മ പോയി ഒന്നു കാണ് എന്ന് പറഞ്ഞു. അങ്ങനെ ഞാൻ അവിടേക്ക് ചെന്നു. എല്ലാവരും ആ മൃതശരീരം കണ്ട് തിരികെ പോരുന്നു. ഞാൻ ആ ശവക്കോട്ടയിലേക്ക് കയറി ചെന്നു. കുഴികുത്തി ശവക്കോട്ടയുടെ സൂക്ഷിപ്പുകാരൻ കുഞ്ഞിന്റെ മൃതദേഹം കുഴിയിലേക്കിട്ടിരിക്കുകയാണ്. ഒന്നു കണ്ടോട്ടെ എന്ന് ചോദിച്ചപ്പോൾ അയാൾ സമ്മതം മൂളി. നല്ല ചൊമന്ന് തുടുത്ത ഒരു കുഞ്ഞ്. മരിച്ചു പോയല്ലോ എന്ന വിഷമത്തോടെ കണ്ണുകൾ പിൻവലിക്കുന്നതിനിടയിലാണ് ഒരനക്കം കണ്ടത്. സംശയം മാറാൻ ഒന്നു തൊട്ടു നോക്കി. ചൂടുള്ള ശരീരത്തിന്റെ സ്പർശമേറ്റതും തണുത്ത ആ കുഞ്ഞുകാലുകൾ ഒന്നു വിറച്ചു. ആ വിറയൽ കൈകളിലൂടെ ഹൃദയത്തിലേക്കു തരംഗമായെത്തി ഇതിനു ജീവനുണ്ട്...
അയ്യോ.. അതിന് ജീവനുണ്ടല്ലോ... എന്നുറക്കെ പറഞ്ഞു. അതേ.. ജീവനുണ്ട്. നിർവികാരനായി നിന്ന ശവക്കോട്ട സൂക്ഷിപ്പുകാരൻ പറഞ്ഞു. എനിക്ക് രണ്ടു പെൺകുട്ടികളാണുള്ളത്. ഇതിനെ ഞാനെങ്ങനെ ജീവനോടെ കുഴിച്ചു മൂടും? മരിച്ചു പോയ കുഞ്ഞിനെ കുഴിച്ചിടാൻ നഴ്സുമാർ ഏൽപ്പിച്ചതാണ്. അതിന്റെ അമ്മ എനിക്ക് 200 രൂപ കൂലിയും തന്നു. ഇതിനെ ആർക്കും വേണ്ട. മക്കളില്ലാത്തതിന്റെ വിഷമം പേറുന്ന എന്റെ മനസ്സിൽ പെട്ടെന്ന് തോന്നി, ഈ കുഞ്ഞിനെ കൊണ്ടു പോയാലോ എന്ന്. കുഞ്ഞിനെ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ അയാൾ സമ്മതിച്ചില്ല. ആരെങ്കിലും അറിഞ്ഞാൽ അയാളുടെ പണി പോകും. ഞാൻ കുറേ കരഞ്ഞ് കാലു പിടിച്ചു. ഒടുവിൽ എന്നോട് പുറത്തു പോയിട്ട് ശവക്കോട്ടയുടെ പിന്നിലെത്താൻ പറഞ്ഞു. അങ്ങനെ പിന്നിലെത്തിയപ്പോൾ ആ കുഞ്ഞിനെ ആരും കാണാതെ എവിടേക്കെങ്കിലും കൊണ്ടു പോകാൻ പറഞ്ഞു. കയ്യിലിരുന്ന 200 രൂപ അയാൾക്ക് നൽകുകയും ചെയ്തു. അങ്ങനെ എനിക്ക് എന്റെ മകൾ ജനിച്ചു.' ഇന്ദിര നെടുവീർപ്പോടെ പറഞ്ഞു.
പിന്നെ നടന്നത് സിനിമാകഥയെ വെല്ലുന്ന കാര്യങ്ങളായിരുന്നു. ശല്യമൊഴിവാക്കാൻ, പിറക്കുന്നതിനു മുൻപേ അമ്മ കൊല്ലാനേൽപിച്ച കുഞ്ഞിനെയും കൊണ്ട് എന്തുചെയ്യണമെന്നറിയാതെ ഇന്ദിര മുന്നോട്ടുനടന്നു. ഭർത്താവ് സേതുനാഥക്കുറുപ്പിന്റെ പെങ്ങൾ ശ്രീദേവിയുടെ വീട്ടിലെത്തി. അവിടെ സേതുനാഥക്കുറുപ്പ് ഉറക്കത്തിലാണ്. ഭർത്താവിന്റെ പെങ്ങളോടു കാര്യങ്ങൾ പറഞ്ഞു. അവർ സഹോദരനെ വിളിച്ചുണർത്തി വിവരമറിയിച്ചു. 'കുഞ്ഞ് ആണോ പെണ്ണോ?' ദേഷ്യംകൊണ്ടു ചുവന്ന കണ്ണുകളടച്ചു കുറുപ്പിന്റെ ചോദ്യം. 'പെണ്ണാണ്' പെങ്ങളുടെ മറുപടിക്കു കുറുപ്പിന്റെ ഉത്തരം ഒരു ആട്ടായിരുന്നു. 'അതിനെയും എടുത്തുകൊണ്ട് എങ്ങോട്ടെന്നുവച്ചാൽ ഇറങ്ങിക്കോളാൻ പറഞ്ഞേക്ക്' എന്നു പറഞ്ഞ് സേതുനാഥക്കുറുപ്പ് കുഞ്ഞിനെ കാണാൻപോലും കൂട്ടാക്കിയില്ല.
ഓട്ടോറിക്ഷ പിടിച്ച് അടുത്തുള്ള സ്വകാര്യ ആശുപത്രികളിലെല്ലാം ഇന്ദിര കയറിയിറങ്ങി. 'മാസം തികയാതെ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെയും കൊണ്ട് ഇവിടേക്കുവന്നാൽ പൊലീസിനെക്കൊണ്ടു പിടിപ്പിക്കും' എല്ലായിടത്തും ഒരേ പല്ലവി. കുഞ്ഞിനു കൊടുക്കാൻ ഒരിറ്റു ചൂടുവെള്ളം ചോദിച്ചതിന്റെ പേരിൽ കടകളിൽ നിന്നുപോലും ആട്ടിയിറക്കി. ഒടുവിൽ ഓട്ടോറിക്ഷാ ഡ്രൈവർക്കു മനസ്സലിഞ്ഞു. അയാൾക്കു പരിചയമുള്ള ഒരു ശിശുരോഗ വിദഗ്ധനുണ്ട്. അവിടെ കൊണ്ടിറക്കി. കുഞ്ഞിനെ ഡോക്ടർ വിശദമായി പരിശോധിച്ചു. മാസംതികയാതെ ജനിച്ച കുഞ്ഞായതിനാൽ ജീവൻ രക്ഷിക്കുന്ന കാര്യം കഷ്ടമാണ്. ഭാരം ഒരുകിലോഗ്രാം മാത്രം. ഇൻകുബേറ്ററിൽ കിടത്തണം. പക്ഷേ, അതിനു പണമെവിടെ? ഒടുവിൽ ഡോക്ടർ സഹായം ചെയ്തു. തന്റെ ആശുപത്രിയിൽ തന്നെ ശിശുരോഗ വിഭാഗത്തിൽ ഒരു പ്രത്യേകമുറി കുട്ടിക്കായി ഒരുക്കി. ഒരു പ്രത്യേക തുണി വാങ്ങി കാലിലും കയ്യിലും കെട്ടി അവിടെ ഗ്ലൂക്കോസ് ഡ്രിപ് മാത്രം നൽകി 10 ദിവസം അതീവ സുരക്ഷിതമായി കുഞ്ഞിനെ പരിപാലിച്ചു. പത്താംദിവസം ആശുപത്രിയിൽനിന്നും വിട്ടയച്ചു.
പത്തുദിവസത്തെ ആശുപത്രി ചികിൽസ കഴിഞ്ഞുള്ള ദിവസങ്ങൾ അതികഠിനമായിരുന്നു. അന്നു ഗ്ലൂക്കോസ് ഡ്രിപ് നൽകിയിരുന്നതു ചില്ലു കുപ്പിയിലായിരുന്നു. അതിൽ ചൂടുവെള്ളം നിറച്ചു കുഞ്ഞിന്റെ രണ്ടുവശങ്ങളിലും കാലിലും ഇന്ദിര ചൂടുനൽകിക്കൊണ്ടിരുന്നു. ഇടവേളകളിൽ കൃത്യമായി ഈ പരിചരണത്തോടൊപ്പം അഞ്ചുദിവസത്തിലൊരിക്കൽ ആശുപത്രിയിലെത്തിച്ചു പരിശോധിക്കണം. ഗർഭം നശിപ്പിക്കാൻ വേണ്ടി ചെയ്തതായതിനാൽ കുഞ്ഞിന്റെ ശരീരത്തിലെ പൊക്കിൾക്കൊടി ഉൾപ്പെടെയുള്ളവ വേണ്ടവിധം മുറിക്കുകയും പരിചരണം നൽകുകയും ചെയ്തിരുന്നില്ല. അതിനാൽ കാറ്റു തൊടുകപോലും ചെയ്യാതെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയും വീട്ടിൽ പരിചരിക്കുകയും ചെയ്യുകയെന്നത് ശ്രമകരമായ ദൗത്യമായിരുന്നു ഇന്ദിരയ്ക്ക്.
120 ദിവസം കണ്ണും കരളും കുഞ്ഞിൽമാത്രം അർപ്പിച്ച് ഇന്ദിര കാവലിരുന്നു. കുഞ്ഞിന് ഓരോ അഞ്ചു ദിവസം കൊണ്ട് അഞ്ചു ഗ്രാമിൽ കൂടുതൽ ഭാരം ഉണ്ടാകരുതെന്ന കർശന നിർദ്ദേശം ഡോക്ടർ നൽകിയിരുന്നു. 120 ദിവസം കഴിഞ്ഞാണു വായിലൂടെ നേരിട്ടു വെള്ളം നൽകിത്തുടങ്ങിയതുപോലും. മുലപ്പാലിന് പകരമായി ലാക്ടൊജനായിരുന്നു നൽകിയത്. ആട്ടിയിറക്കിയെങ്കിലും സേതുനാഥക്കുറുപ്പ് കുഞ്ഞിനെക്കാണാൻ വന്നു. കണ്ടു കണ്ടു കുഞ്ഞിനെ സ്നേഹിക്കാൻ തുടങ്ങി. ഇന്ദിരയ്ക്കു കുഞ്ഞിനെ കിട്ടുന്നതിന്റെ തലേന്നായിരുന്നു അവളുടെ ജനനം. കാർത്തിക നക്ഷത്രം. കാർത്തികജാതർ കീർത്തിമാന്മാരായിരിക്കുമെന്ന വിശ്വാസത്തിൽ സേതുനാഥക്കുറുപ്പിന്റെ സഹോദരി പേരിട്ടു; കീർത്തി. പിറക്കാതെപോയ സ്വന്തം മകളെ കീർത്തിയിൽ കണ്ട സേതുനാഥക്കുറുപ്പ് പേരിൽ ചേലുള്ളൊരു തിരുത്തു വരുത്തി. കീർത്തി എസ്.കുറുപ്പ്.
120 ദിവസത്തെ തീവ്രപരിചരണവും കീർത്തിയുടെ ജീവിതത്തിൽ കാര്യമായ മാറ്റം വരുത്തിയില്ല. ഒരുവയസ്സു തികഞ്ഞപ്പോഴും കീർത്തി സമപ്രായക്കാരായ മറ്റു കുട്ടികളെപ്പോലെ വളർന്നില്ല. കമഴ്ന്നു വീണില്ല. മുട്ടിലിഴഞ്ഞില്ല. പിടിച്ചെണീക്കാൻ തുടങ്ങിയില്ല. അമ്മയ്ക്ക് ആധിയായി. വീണ്ടും ഡോക്ടറെക്കാണാനെത്തി. മാസംതികയാതെ ജനിച്ച്, തുടക്കത്തിൽ വേണ്ടപരിചരണം കിട്ടാത്ത കുട്ടിയായതിനാൽ ഫിസിയോതെറാപ്പി ചെയ്യണം. ഡോക്ടർതന്നെ അതിനു മികച്ച മറ്റൊരു ഡോക്ടറെ പരിചയപ്പെടുത്തിക്കൊടുത്തുകോട്ടയം മെഡിക്കൽ കോളജിൽ. ചികിൽസയ്ക്കായി കോട്ടയത്തേക്കു താൽക്കാലികമായി താമസംമാറ്റി, ഇന്ദിരയും കീർത്തിയും. ശരീരം ഭാഗികമായി പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും എണീറ്റുനിൽക്കാൻ കാലുകൾക്കു ശേഷിയുണ്ടായില്ല. പിന്നീടാണ് അറിയുന്നത് സെറിബ്രൽ പാഴ്സി ബാധിച്ചതാണെന്ന്. പിന്നെ വീൽചെയറിലാണു കീർത്തിയുടെ ജീവിതം.
സേതുനാഥക്കുറുപ്പ് ഫർണിച്ചർ കച്ചവടവും തടിക്കച്ചവടവും നടത്തിയാണു കുടുംബം പുലർത്തിയിരുന്നത്. വൈകല്യങ്ങളുണ്ടെങ്കിലും 'മകളെ' പഠിക്കാൻ വിട്ടു. വാത്തികുളം എൽപി സ്കൂളിലും കറ്റാനം സി.എം.എസ് എച്ച്.എസിലും പോപ് പയസ് ഹയർ സെക്കൻഡറി സ്കൂളിലുമായി പഠിച്ച് പ്ലസ് ടു പാസായി. ഇതിനിടെ, കീർത്തി എട്ടിൽ പഠിക്കുമ്പോൾ കാൻസർ ബാധിച്ചു സേതുനാഥക്കുറുപ്പു മരിച്ചു. അഞ്ചുവർഷം ചികിൽസയിലായിരുന്നു. ചികിൽസയ്ക്കായി ഇന്ദിരയുടെ പേരിലുണ്ടായിരുന്ന വസ്തുക്കളൊക്കെ വിൽക്കേണ്ടി വന്നു. ഭർത്താവിന്റെ മരണശേഷം ഇന്ദിര മൂന്നുസെന്റ് ഭൂമി വാങ്ങി കുടിൽ കെട്ടി. ചെറിയ മുറുക്കാൻ കടയിലെ വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. ഇരുവരുടെയും ജീവിത കഥ 2016 ൽ മലയാള മനോരമയിൽ സൺഡേ സപ്ലിമെന്റിൽ വന്നിരുന്നു. പിന്നീട് സൂര്യാ ടിവിയിലെ കഥയല്ലിത് ജീവിതത്തിലും. ഈ പ്രോഗ്രാം കണ്ട് നടൻ ദിലീപ് തന്റെ പിതാവിന്റെ ഓർമ്മയ്ക്കായി 1000 വീട് നിർമ്മിച്ച് നൽകുന്നതിന്റെ ഭാഗമായി ഒരു വീട് നിർമ്മിച്ചു നൽകുകയും ചെയ്തു.
ഇപ്പോൾ കീർത്തിയുടെ ജീവിതം ഏറെ ദുരിതപൂർണ്ണമാണ്. ഉണ്ടായിരുന്ന വീൽചെയർ നശിച്ചു പോയി. വീട്ടിലെ അടുപ്പിൽ തിളച്ചു കൊണ്ടിരുന്ന വെള്ളം മാറ്റി വയ്ക്കാൻ ശ്രമിച്ചപ്പോൾ ദേഹത്തേക്ക് വീണ് പൊള്ളലേറ്റു. ഇതിനിടയിൽ ഇന്ദിരയ്ക്ക് കരളിൽ മുഴയും രൂപപ്പെട്ടു. വീട്ടു ജോലികൾ ചെയ്തും മറ്റുമായിരുന്നു മുന്നോട്ടുള്ള ജീവിതം. ഇപ്പോൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതോടെ സഹോദരിയുടെ മകളുടെ വീട്ടിൽ താമസിക്കുകയാണ്. അവരും ഒരു നേരത്തെ അന്നം തേടാനുള്ള ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്.
കീർത്തിയോട് സംസാരിച്ചപ്പോൾ കംപ്യൂട്ടർ കോഴ്സ് പഠിച്ച് വീട്ടിലിരുന്ന് ഓൺലൈനായി എന്തെങ്കിലും ജോലി ചെയ്യണമെന്നാണ് ആഗ്രഹം എന്ന് പറഞ്ഞു. ഒരു അഭ്യുദയകാംഷി കംപ്യൂട്ടർ വാങ്ങി നൽകിയിട്ടുണ്ട്. പഠിക്കാൻ പോകണമെങ്കിൽ ഒന്നുകിൽ കറ്റാനത്തോ മാവേലിക്കരയിലോ കായംകുളത്തോ പോകണം. മിക്ക കംപ്യൂട്ടർ സ്ഥാപനങ്ങളും മുകൾ നിലയിലുള്ള കെട്ടിടത്തിലായിരിക്കും. നടക്കാൻ കഴിയാത്തതിനാൽ മുകളിലേക്ക് കയറാനും സാധിക്കില്ല. കൂടാതെ കീർത്തിക്ക് ഒരു ടൂ വിലറുണ്ടായിരുന്നു. പക്ഷേ മാസങ്ങൾക്ക് മുൻപ് നടന്ന അപകടത്തിൽ അത് നാശമായി പോയി. അപകടത്തിൽ താടിയെല്ലിന് ഗുരുതര പരിക്ക് പറ്റുകയും ശസ്ത്രക്രിയ നിർദ്ദേശിക്കുകയും ചെയ്തിട്ട് ഇതുവരെ അത് ചെയ്യാൻ കഴിഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കാരണം. ആഴ്ചകൾക്ക് മുൻപ് കീർത്തിയും അമ്മയും സൂര്യാ ടിവിയിലെ അരം + അരം = കിന്നരം എന്ന പരിപാടിയിലൂടെ ഗസ്റ്റായി എത്തുകയും ദിലീപിനെ നേരിൽ കാണുകയും ചെയ്തിരുന്നു. ദിലീപ് എന്താവശ്യമുണ്ടെങ്കിലും പറയാൻ പറഞ്ഞപ്പോൾ ഒരു വീൽചെയർ വേണമെന്നാണ് അറിയിച്ചത്. മറ്റൊന്നും ആ നിഷ്കളങ്കയായ പെൺകുട്ടി ആവശ്യപ്പെട്ടില്ല.
പ്ലസ്ടു കഴിഞ്ഞ കീർത്തിക്കു കംപ്യൂട്ടർ ഡിപ്ലോമ നേടി അമ്മയ്ക്കൊരു താങ്ങാകണമെന്നാണ് ആഗ്രഹം. കൂടാതെ അമ്മയ്ക്കായൊരു വീടുവച്ചു കൊടുക്കണമെന്നും അമ്മയുടെ അസുഖം കൂടി ചികിത്സിച്ച് ഭേദമാക്കണമെന്നും ആഗ്രഹമുണ്ട്. അതിന് സുമനസ്സുകളുടെ സഹായം ആവശ്യമാണ്. കീർത്തിയേയും ദൈവതുല്യയായ ആ അമ്മയേയും സഹായിക്കാൻ താൽപര്യപ്പെടുന്നവർ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പറിലേക്ക് സഹായം അയച്ചു കൊടുക്കാം.
Keerthi S Kurupp
AcNo. 17200100016895
IFSC FDRL0001720
Federal Bank, Kurathikad