ചെന്നൈ: സിനിമാ കുടുംബത്തിൽ നിന്നും അഭിനയ രംഗത്തെത്തി തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയ നടിയായി മാറിയിരുന്നു കീർത്തി സുരേഷ്. തമിഴിലും തെലുങ്കിലും ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കുമൊപ്പം കീർത്തി അഭിനയിച്ചുകഴിഞ്ഞു. ദാദ 87 എന്ന തമിഴ് ചിത്രത്തിന്റെ സെറ്റിലെത്തിയ കീർത്തി സുരേഷ് ഇപ്പോൾ വാർത്തയായി മാറിയിരിക്കുകയാണ്. കീർത്തി ആ ചിത്രത്തിൽ അഭിനയിക്കുന്നില്ലെങ്കിലും ഷൂട്ടിങ് സൈറ്റിലെത്തിയതാമ് വാർത്തയായത്.

സെറ്റിൽ കീർത്തി സുരേഷ് ചെലവഴിച്ചത് നാല് മണിക്കൂറിലധികമാണ്. താര കുടുംബത്തിലെ ഏറ്റവും മുതിർന്ന താരത്തെ കാണുന്നതിനാണ് കീർത്തി ദാദ 87ന്റെ സെറ്റിലെത്തിയത്. മേനക സുരേഷിന്റെ അമ്മ സരോജത്തെ കാണാനാണ് കീർത്തി സുരേഷ് ദാദ 87ന്റെ ലൊക്കേഷനിൽ എത്തിയത്. കമൽഹാസന്റെ സഹോദരൻ ചാരുഹാസനൊപ്പമാണ് സരോജ ചിത്രത്തിൽ അഭിനയിക്കുന്നത്. അമ്മൂമ്മയുടെ അഭിനയം കാണുന്നതിനാണ് തെന്നിന്ത്യൻ താരം ദാദ 87ന്റെ ലൊക്കേഷനിൽ എത്തിയത്. മണിക്കൂറുകളോളം സെറ്റിൽ ചെലവഴിച്ചതിന് ശേഷമാണ് താരം മടങ്ങിയത്. ശിവകാർത്തികേയനും കീർത്തിയും ഒരുമിച്ച റെമോയിലും സരോജം അഭിനയിച്ചിരുന്നു.

സിനിമയിലെ ഗാനരംഗ ചിത്രീകരണത്തിനിടെയായിരുന്നു കീർത്തി ലൊക്കേഷനിലെത്തിയത്. നാല് മണിക്കൂറോളം സെറ്റിൽ ചെലവഴിച്ച താരം അമ്മൂമ്മയുടെ അഭിനയം കാണുന്നതിനൊപ്പം ചാരുഹാസന്റെ അനുഗ്രഹവും വാങ്ങിയാണ് മടങ്ങിയത്.

പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഗീതാഞ്ജലിയിലൂടെയായിരുന്നു കീർത്തി സിനിമയിലേക്ക് എത്തിയത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറിയ താരം തെന്നിന്ത്യയിലെ പ്രിയതാരമായി വളരുകയായിരുന്നു.