തുവിഷയത്തിലും ഉറച്ച നിലപാടുകകളുള്ള, പൊതുവെ എല്ലാവർക്കും സ്വീകാര്യനായ രാഷ്ട്രീയ നേതാവായിരുന്നു കീത്ത് വാസ്. ബ്രിട്ടനിലെ ഇന്ത്യക്കാരുടെ അഭിമാനം കൂടിയായിരുന്നു ഈ ലേബർ പാർട്ടി നേതാവ്. എന്നാൽ അതൊക്കെ തീരാൻ ഒരൊറ്റ വാർത്ത മതിയായി. പുരുഷ വേശ്യകളുമായി വാസ് വിലപേശല് നടത്തുന്നത് തെളിവുസഹിതം പുറത്തുവന്നതോടെ വാസ് 'ഹീറോയിൽനിന്ന സീറോയിലേക്ക്' എന്ന വണ്ണം തകർന്നടിഞ്ഞു.

എന്നാൽ, ഈ വിവാദത്തിനിടയിലും വാസിന്റെ കുടുംബം അദ്ദേഹത്തിനൊപ്പം നിന്നുവെന്നത് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾക്ക് വലിയ വാർത്തയായിരുന്നു. 23 വർഷമായി ഒപ്പമുള്ള ഭാര്യ മരിയ ഫെർണാണ്ടസിന്റെ വിശ്വസ്തതയും വിധേയത്വവുമാണ് ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ, വാസിനൊപ്പം നിൽക്കാനുള്ള മരിയയുടെ തീരുമാനത്തിന് പിന്നിൽ ഏറെ കാര്യങ്ങളുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രണ്ട് പുരുഷ വേശ്യകളുമായി വാസ് വിലപേശൽ നടത്തിയ വാർത്ത പുറത്തുവന്ന ദിവസങ്ങളിൽ എല്ലാം തകർന്ന നിലയിലായിരുന്നു മരിയയും. ദാമ്പത്യമുപേക്ഷിച്ച് പോകാൻ പോലും അവർ തീരുമാനിച്ചിരുന്നു. എന്നാൽ, കാലിൽ വീണ് മാപ്പുചോദിച്ച വാസിന് ഒരു അവസരം കൂടി നൽകാൻ അവർ തീരുമാനിച്ചു. എല്ലാം കൃത്യമായ ഉപാധികളോടെയാണെന്ന് മാത്രം. വാസ് ആത്മഹത്യ ചെയ്‌തേക്കുമെന്ന തോന്നലും മരിയയുടെ മാപ്പുകൊടുക്കലിന് പിന്നിലുണ്ടായാരുന്നു.

ഇത്തരം തോന്ന്യാസങ്ങൾ ഒഴിവാക്കി നല്ല ഭർത്താവാകണമെന്നതാണ് മരിയയുടെ ആദ്യത്തെ ആവശ്യം. മറ്റൊന്ന് ബെഡ്‌റൂമിലേക്ക് കയറണമെങ്കിൽ എയ്ഡ്‌സ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണം. വിവാദമുണ്ടായ ദിവസങ്ങളിൽ വാസിനെ വീട്ടിലെ മാസ്റ്റർ ബെഡ്‌റൂമിൽ കയറ്റിയിരുന്നില്ല. അതിഥികൾക്കായുള്ള മുറിയിലായിരുന്നു ഉറക്കം. എന്നാലിപ്പോൾ അദ്ദേഹത്തെ തിരികെ മുറിയിൽ പ്രവേശിക്കാൻ മരിയ അനുമതി നൽകിയിട്ടുണ്ട്.

രണ്ടുവട്ടം വാസ് ഇതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും മരിയ വെളിപ്പെടുത്തുന്നു. ആത്മഹത്യ ഭയന്ന മരിയ വാസിന് മാപ്പുകൊടുക്കുകയായിരുന്നു. വാസ് പുരുഷ വേശ്യകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു. എന്നാൽ, മുമ്പ് സുരക്ഷിതമല്ലാത്ത രീതിയിൽ സ്വവർഗാനുരാഗികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞതുകൊണ്ടാണ് വാസിനോട് എയ്ഡ്‌സ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണണെന്ന് അവർ ആവശ്യപ്പെട്ടത്.

മക്കളുടെ ചോദ്യം ചെയ്യലിന് മുന്നിലാണ് വാസ് തകർന്നുപോയതെന്നും മരിയ വെളിപ്പെടുത്തുന്നു. 19-കാരിയായ ഇളയമകൾ അച്ഛനെ നിർത്തിപ്പൊരിച്ചു. കുടുംബാംഗങ്ങളുടെ കാലിൽ വീണ് മാപ്പിരക്കുകയല്ലാതെ വാസിന് വേറെ പോംവഴികൾ ഉണ്ടായിരുന്നില്ല.

അതിനിടെ, വാസിനെതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷണം ആരംഭിക്കണോ എന്ന കാര്യം സ്‌കോട്ട്‌ലൻഡ് യാർഡ് പരിശോധിച്ചുവരികയാണ്. പുരുഷ വേശ്യകൾക്ക് സെക്‌സിന് പകരം കൊക്കെയ്ൻ വാഗ്ദാനം ചെയ്തുവെന്നതാണ് വാസിനെതിരായ ആരോപണം. ഇതുസംബന്ധിച്ച് ഒരു കൺസർവേറ്റീവ് എംപി. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

രണ്ടാഴ്ച മുമ്പാണ് വാസ് രണ്ട് പുരുഷ വേശ്യകളുമായി വിലപേശൽ നടത്തുന്ന വാർത്ത ചിത്രങ്ങളും വീഡിയോകളും സഹിതം പുറത്തുവന്നത്. കുടുംബ വീട്ടിൽവച്ചായിരുന്നു വാസും രണ്ടു യുവാക്കളുമായുള്ള കൂടിക്കാഴ്ച. സംഗതി വിവാദമായതോടെ, ഹോം അഫയേഴ്‌സ് സെലക്ട് കമ്മറ്റി ചെയർമാൻ സ്ഥാനം വാസിന് രാജിവെക്കേണ്ടിവന്നിരുന്നു.

അതിനിടെ വാസിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് നേരത്തെ തന്നെ സംശയങ്ങൾ ഉയർന്നിരുന്നുവെന്നും കോമൺസ് സഭയിലെ സ്പീക്കർ ജോൺ ബെറൂവിന് ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടും അദ്ദേഹമത് മൂടിവച്ചുവെന്നും ആരോപണമുയർന്നിട്ടുണ്ട്. കൺസർവേറ്റീവ് എംപിയായ ആൻഡ്രു ബ്രിഡ്ഗൻ കഴിഞ്ഞവർഷം തന്നെ വാസിനെ സെലക്ട് കമ്മറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നു. എന്നാൽ, വാസിന്റെ ഉറ്റ സുഹൃത്തായ ബെറൂ, ഈ കത്തുകൾ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.