കണ്ണൂർ: കണ്ണൂർ ജില്ലയിൽ കീഴാറ്റൂർ ഉൾപ്പെടെയുള്ള ദേശീയ പാതാ വികസനത്തിന് അന്തിമ വിഞ്ജാപനം ഉടൻ പുറത്തിറങ്ങും. കീഴാറ്റൂർ വയലിലൂടെ ദേശീയ പാത കടന്നു പോകുന്നത് സംബന്ധിച്ച് പ്രക്ഷോഭ സമരം നില നിൽക്കേ തന്നെ അത് അവഗണിച്ച് ത്രീഡീ വിഞ്ജാപനം പുറത്തിറക്കാനാണ് ഹൈവേ അഥോറിറ്റി ഒരുങ്ങുന്നത്. നിലവിൽ ദേശീയ പാതാ അലൈന്മെന്റിൽ മൂന്ന് മാറ്റങ്ങൾ മാത്രമാണ് അഥോറിറ്റി അംഗീകരിച്ചിട്ടുള്ളത്. എടാട്ട്, പാപ്പിനിശ്ശേരി, വാരം എന്നീ സ്ഥലങ്ങളിലാണ് മാറ്റം വന്നത്. എന്നാൽ ഒന്നര വർഷത്തിലേറെ സമരം നടന്നു വരുന്ന കീഴാറ്റൂർ വയലിലെ മാറ്റം ദേശീയ പാതാ വിഭാഗം പരിഗണിച്ചതേയില്ല. ഇവിടെ സർവ്വേ പ്രവർത്തനവും പൂർത്തിയായതായാണ് അധികാരികളിൽ നിന്നും ലഭിക്കുന്ന വിവരം.

അന്തിമ വിഞ്ജാപനമായ ത്രീഡീ ഇറങ്ങുന്നതോടെ നഷ്ടപരിഹാരം നിശ്ചയിച്ച് സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കും. കീഴാറ്റൂർ വയൽ പ്രശ്നത്തിൽ കേന്ദ്രം ഭരിക്കുന്ന ബിജെപി. യുടെ സംസ്ഥാന ഘടകം നേരിട്ട് വയൽക്കിളികളെ സഹായിക്കാൻ സമരം നടത്തിയെങ്കിലും അനുകൂല തീരുമാനം ഇന്നുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ മാർച്ച് 25 ന് ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ കീഴാറ്റൂർ വയലിൽ നടന്ന സമരത്തിൽ സുരേഷ് ഗോപി എം. പി. വയൽ പ്രശ്നത്തിൽ ഉടൻ തന്നെ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതു കഴിഞ്ഞ് ബിജെപി. കേന്ദ്ര സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ ഏപ്രിൽ 2 ന് കീഴാറ്റൂരിൽ നിന്നും സ്വന്തം നിലയിൽ കണ്ണൂരിലേക്ക് കർഷക രക്ഷാ മാർച്ച് നടത്തിയിരുന്നു. ബിജെപി.യുടെ കേന്ദ്ര സംസ്ഥാന നേതാക്കൾ പങ്കെടുത്ത സമരത്തിന് ശേഷവും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. കീഴാറ്റൂർ വയൽ പ്രശ്നത്തിൽ കേന്ദ്രം അടിയന്തിര ഇടപെടൽ നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഹൈവേ അഥോറിറ്റിയുമായി ബന്ധപ്പെട്ട് ഒരു വിവരവും ഇത് സംബന്ധിച്ച് എത്തിയിരുന്നില്ല.

സിപിഎം. ന്റെ പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ കടന്നു ചെല്ലാൻ ലഭിച്ച അവസരം മുതലാക്കുകയല്ലാതെ അതിനപ്പുറം ഒന്നും സംഭവിച്ചില്ല എന്നാണ് സമരത്തിൽ പങ്കാളികളായവർ തന്നെ പറയുന്നത്. ബംഗാളിലെ നന്ദി ഗ്രാമം സമരത്തിൽ പങ്കെടുത്ത ബിജെപി.യുടെ ദേശീയ സെക്രട്ടറി രാഹുൽ സിൻഹ ഇവിടെ എത്തിയിരുന്നു. വയൽ നശിപ്പിക്കുന്ന സിപിഎം.നെ കീഴാറ്റൂരിൽ കുഴിച്ചു മൂടണമെന്നും നന്ദി ഗ്രാമിൽ സിപിഎം. എങ്ങിനെ കുഴിച്ചു മൂടപ്പെട്ടു അതേ അവസ്ഥ ഇവിടെ ഉണ്ടാകുമെന്നും അതിനാൽ കീഴാറ്റൂരുകാർ വയൽ വിട്ടു കൊടുക്കില്ലെന്ന് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാർച്ച് കഴിഞ്ഞ് മുന്നാഴ്ച പിന്നിടുമ്പോഴും കീഴാറ്റൂർ വയലിലൂടേയുള്ള അലൈന്മെന്റിൽ ഒരു മാറ്റവും വരുത്താതെയാണ് റോഡ് കൊണ്ടു പോവുക എന്ന നിലപാടിലാണ് ദേശീയ പാതാ അഥോറിറ്റി.

അതേ സമയം കീഴാറ്റൂർ വയൽക്കിളി സമരത്തിന് പിൻതുണ നൽകി ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ ലോങ് മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കയാണ്. കേരളം കീഴാറ്റൂരിലേക്ക് എന്ന സമര പരിപാടി നടത്തിയ മനുഷ്യാവകാശ സംഘടനകൾ, പരിസ്ഥിതി സംഘടനകൾ,പൗരാവകാശ സംഘടനകൾ, മറ്റ് വ്യക്തികൾ എന്നിവരെ സംഘടിപ്പിച്ച് ശക്തമായ സമരവുമായി വയൽക്കിളികൾക്കൊപ്പം ചേരാനാണ് തീരുമാനിച്ചിട്ടുള്ളത്. ലോങ് മാർച്ച് സംബന്ധിച്ച് സംസ്ഥാന തല പ്രവർത്തകരുടെ യോഗം മെയ് 5 ന് കണ്ണൂരിൽ നടക്കും. മെയ് 10 ന് ഐക്യദാർഢ്യ സമിതി ആഭിമുഖ്യത്തിൽ ലോങ് മാർച്ച് നടത്താനാണ് ധാരണ.

ഡോ. ഡി.സുരേന്ദ്ര നാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തണ്ണീർതട നെൽവയൽ നിയമം ഭേദഗതി ചെയ്യരുതെന്നും ദേശീയപാത 30 മീറ്ററിൽ വികസിപ്പിക്കണമെന്നും ബി.ഒ.ടി. പാത ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. പ്രകൃതിയെ സംരക്ഷിച്ചും ജനവികാരം മാനിച്ചും ബിജെപി. സർക്കാർ കീഴാറ്റൂർ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ആവർത്തിച്ചു പ്രതികരിച്ചു.