തിരുവനന്തപുരം: പാർട്ടി പറഞ്ഞു പഠിപ്പിച്ച പാഠമല്ല കീഴാറ്റൂരിലേത്. പാർട്ടി അംഗീകരിക്കാത്ത സമരത്തെ വിജയിപ്പിച്ചത് സിപിഎമ്മിന്റെ തന്നെ തിരുത്തൽ ശക്തികളാണ്. ബംഗാളിലെ അനുഭവങ്ങൾ സിപിഎമ്മിനെ ഇന്നും എത്രമാത്രം ഭയപ്പെടുത്തുന്നു എന്നതും വ്യക്തമാക്കുന്നതായിരുന്നു കീഴാറ്റൂർ. കണ്ണൂർ ജില്ലാക്കമ്മിറ്റിയെ തിരുത്തിയതിത് ഒരു രാഷ്ട്രീയ പാഠമാണ് നല്കുന്നത്.

ഒരു സമരത്തെ സി.പി.എം നേരിടുന്നത് പ്രധാനമായി ആശയപരമായും സംഘടനാപരവുമായാണ്. സമരത്തിന്റെ ആവശ്യകതയും പ്രാധാന്യവും അനിവാര്യതയുമൊക്കെ അന്താരാഷ്ട്ര സാഹചര്യങ്ങൾ വിവരിച്ചുകൊണ്ട് ആദ്യം തന്നെ ബോദ്ധ്യപ്പെടുത്തും. അതേ സമയം അണികളെ ഉപയോഗിച്ച് എതിരാളികളെ കായികമായും എതിർക്കും. നാലുപാടും ശാരീരികവും മാനസികവും ആശയപരവുമായി നടത്തുന്ന പ്രതിരോധങ്ങളിൽ തട്ടി എതിരാളികൾ തകർന്ന ചരിത്രമാണ് ഏറെയുമുള്ളത്. എന്നാൽ പതിവു ചട്ടങ്ങളും ചിട്ടകളുമൊക്ക കീഴാറ്റൂരിലും ഒരുങ്ങിയിരുന്നു എങ്കിലും വിജയിക്കാതെ പോയി. കാരണം സമരതന്ത്രങ്ങളിൽ ആദ്യഭാഗം വിജയകരമായി ജില്ലാ നേതൃത്വം പൂർത്തീകരിച്ചിരുന്നു. എങ്കിലും അണികളിലൂടെ നടപ്പാക്കേണ്ട ബാക്കി ഭാഗങ്ങൾ പൂർത്തീകരിക്കാനാവാതെ പോയി.

നന്ദിഗ്രാമിൽ സംഭവിച്ചതും ഇതു തന്നെയാണ്. ഭൂമി ഏറ്റെടുക്കേണ്ടതിന്റെ ആവശ്യവും അനിവാര്യതയുമെല്ലാം വികസനത്തിന്റെ പേരിൽ വിശദീകരിച്ചെങ്കിലും നാട്ടുകാർക്ക് മനസ്സിലായില്ല. അവരുടെ ഭൂമി ഏറ്റെടുക്കുന്നതിനേക്കാൾ പ്രധാനമാണ് ഈ പറയുന്നതെല്ലാം എന്നവർ സംശയം പ്രകടിപ്പിച്ചു. ആ സംശയങ്ങളെ അധികാരത്തിന്റെ തോക്കിൻ മുന കൊണ്ടു നേരിട്ടപ്പോൾ ബംഗാൾ പാർട്ടിക്ക് നഷ്ടമായി. ഈ പാഠം ആവർത്തിക്കില്ലെന്ന് മന്ത്രി സുധാകരൻ പറയുമ്പോൾ ആ നയങ്ങൾ സി.പി.എം തിരുത്തുന്നു എന്നു തന്നെയാണ് വായിക്കേണ്ടത്.

കുപ്പം-കുറ്റിക്കോൽ ബൈപ്പാസിനായി സ്ഥലം ഏറ്റെടുത്ത മുൻവിജ്ഞാപനം അട്ടിമറിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയായായിരുന്നു ഒരു നാട് ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങിയത്. തളിപ്പറമ്പ് ബൈപ്പാസിന്റെ പുതിയ പ്ലാൻ പ്രകാരം പദ്ധതി നടപ്പിലായാൽ 250 ഏക്കർ നെൽവയൽ നികത്തപ്പെടും. ഇതാണ് കീഴാറ്റൂർ നിവാസികളെ സമരത്തിലേക്ക് നയിച്ചത്. ആദ്യം സ്ഥലമേറ്റെടുത്ത വിജ്ഞാപനം അട്ടിമറിച്ച് കൊണ്ട് സ്വകാര്യ വ്യക്തികളുടെ താൽപ്പര്യത്തിന് സർക്കാർ വഴങ്ങി എന്ന അതിരൂക്ഷമായ ആരോപണമാണ് ഇവർ ഉന്നയിച്ചത്. ഇതിനെതിരേ വയൽക്കിളികൾ എന്ന സംഘടന രൂപീകരിച്ച് പാർട്ടി അംഗങ്ങളടക്കമുള്ളവർ സമരം തുടങ്ങി.
പാർട്ടി അണികളോട് സമരത്തിൽ നിന്ന് പിന്മാറണമെന്ന് സി.പി.എം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.

കിഴാറ്റൂരിലെ സമരത്തെ സി.പി.എം. അംഗീകരിക്കുന്നില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ തുറന്നുപറഞ്ഞിരുന്നു. സമരം ചെയ്യുന്നവർ പാർട്ടി വിരുദ്ധരെന്നു വരെ ജില്ലാ സെക്രട്ടറി ജയരാജൻ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞ് സമരനേതാക്കളുടെ മനോവീര്യം തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചെങ്കൊടി മാത്രം പാറിക്കളിക്കുന്ന ഗ്രാമത്തിൽ ഇത്തരമൊരു പ്രതിഷേധം സി.പി.എം. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടി നേതൃത്വം അംഗീകരിക്കാതിരുന്നിട്ടും മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരും അനുഭാവികളുമായ സമരക്കാരുടെ നിലപാടിൽ മാറ്റം വരുത്താൻ കഴിഞ്ഞതുമില്ല. കുടുംബയോഗങ്ങളിലൂടെയും വിശദീകരണ നടപടികളും അച്ചടക്കവും കാട്ടി പ്രവർത്തകരെ പിൻതിരിപ്പിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു

 

ജില്ലാ നേതാക്കൾ പങ്കെടുത്ത വിശദീകരണ പൊതുയോഗങ്ങളിലല്ലാം പാർട്ടി ആശയ പ്രചാരണം നടത്തിയെങ്കിലും അത് അണികളിൽ ഏശിയില്ല. നാട്ടിലെ നല്ലൊരു വിഭാഗം യുവാക്കളും സ്ത്രീകളും സമരത്തിന്റെ മുന്നിൽ തന്നെ നിലകൊണ്ടു. സെപ്റ്റംബർ 10-ന് തുടങ്ങിയ നിരാഹാരസമരത്തിന്റെ ഒന്നാംഘട്ടത്തിൽ സുരേഷ് കീഴാറ്റൂർ 12 ദിവസം പൂർത്തിയാക്കിയപ്പോഴേക്കും പൊലീസ് അറസ്റ്റു ചെയ്തു നീക്കി. തുടർന്ന് കർഷകത്തൊഴിലാളിയായ നമ്പ്രാടത്ത് ജാനകി അറുപത്തിയെട്ടാം വയസ്സിൽ നെൽവയലിനുവേണ്ടി പോരാട്ടത്തിറങ്ങി. ജാനകിയുടെ നിരാഹാരസമരത്തിൽ പാർട്ടി നേതൃത്വത്തിന് അടിതെറ്റി. ' പതിനെട്ടു വയസ്സു മുതൽ ഞാൻ പാർട്ടിക്ക് വോട്ടു ചെയ്യുന്നു. ഞാൻ ഒരാഴ്ചയോളം സമരം ചെയ്തിട്ടും പാർട്ടി തിരിഞ്ഞു നോക്കിയില്ല. ആർക്കെങ്കിലും ഇവിടം വരെ വരാമായിരുന്നില്ലേ. ഇനിയും ഞാൻ പാർട്ടിക്കൊപ്പമാണ്. പാർട്ടി വേണം, വയലുകൾ വേണം, തണ്ണീർത്തടങ്ങളും വേണം ' ജാനകിയുടെ വാക്കുകളിൽ ആവേശവും വിപ്‌ളവ വീര്യവുമുണ്ട്.


സി.പി.എം നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടൽ ഉള്ളതുകൊണ്ടാവണം ബുദ്ധിജീവികളും സമരപ്പന്തലിൽ നിന്ന് ഒഴിഞ്ഞു നിന്നു. ഉന്നയിച്ച പ്രശ്‌നത്തിന്റൈ തീവ്രതയും സ്വാഭാവികമായ ന്യായവശങ്ങളും മൂലം അനുദിനം സമരത്തിന് പിന്തുണ ഏറിവന്നു. പാർട്ടിയേക്കാൾ പ്രധാനം വയൽ ആണെന്ന പ്രഖ്യാപനം സിപിഎമ്മിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറ ഇളക്കുന്നതായിരുന്നു.

സമരത്തിന് പ്രതിപക്ഷവും പിന്തുണപ്രഖ്യാപിച്ചെങ്കിലും സർ്ക്കാരിനെ നേരിട്ടുള്ള ഇടപെടൽ വേഗത്തിലാക്കിയത് ബിജെപിയുടെ ഇടപെടലാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തിയ കുമ്മനം രാജശേഖരന്റെ നടപടി മറ്റൊരു സൂചനയായാണ് സി.പി.എം സംസ്ഥാന നേതത്വം കണ്ടത്. പാർട്ടിയുടെ വൻകോട്ടയിൽ ജനകീയവിഷയത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനുള്ള സാദ്ധ്യത ഒഴിവാക്കേണ്ടത് പാർട്ടി നേതൃത്വത്തിന്റെ കൂടി ആവശ്യമായി മാറി. കൂടുതൽ വ്യാഖ്യാനങ്ങൾക്കും ഇടപെടലുകൾക്കും സാദ്ധ്യത നല്കാതെ ഉപാധികളൊന്നും വയ്ക്കാതൊയാണ് വയൽക്കിളികളെ തിരുവനന്തപുരത്തേയ്ക്ക് വിളിച്ചത്.

കീഴാറ്റൂരിൽ നെൽവയൽ നികത്തി ദേശീയപാത ബൈപ്പാസ് നിർമ്മിക്കാനുള്ള തീരുമാനം മാറ്റുകയാണ്. ബലം പ്രയോഗിക്കില്ല. സർക്കാറിന് ദേശീയപാതയേക്കാൾ പ്രധാനം ജനങ്ങളാണെന്നാണ് സമരം ചെയ്യുന്നവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മന്ത്രി സുധാകരൻ പ്രതികരിച്ചത്. നന്ദിഗ്രാം ആവർത്തിക്കുമോ എന്ന ആശങ്ക നിഴലിക്കുന്നതായിരുന്നു മന്ത്രിയുടെ പ്രതികരണം. പാർട്ടിനയം മാറിയേ തീരു എന്ന തീരുമാനത്തിലെത്തിച്ചതും ആ ബോധ്യമാണ്. നാട്ടുകാരുടെ കൂടി നിർദ്ദേശമനുസരിച്ച് പരമാവധി ബുദ്ധിമുട്ടില്ലാതെ മറ്റൊരു മാർഗത്തെക്കുറിച്ച് ആലോചിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. എന്തായാലും കേരളത്തിൽ നന്ദിഗ്രാം ഉണ്ടാകാൻ സമ്മതിക്കില്ല എന്നും മന്ത്രി പറഞ്ഞു.

രാഷ്ട്രീയ പാർട്ടികളെ തിരുത്തേണ്ടി വരുന്നത് ജനാധിപത്യത്തിന്റെ ശക്തിയാണ് കാട്ടുന്നത്. ഉൾപ്പാർട്ടി ജനാധിപത്യത്തെപറ്റി ചർച്ച ചെയ്യുകമാത്രമല്ല അത് പ്രാവർത്തികമാക്കേണ്ടത് എങ്ങിനെ എന്നു കൂടി സി.പി.എം കാട്ടിത്തരുന്നു. ഏറിയാ സമ്മേളനങ്ങൾ പുരോഗമിക്കുമ്പോൾ സമരങ്ങൾ അവസാനിപ്പിക്കാനായത് പാർട്ടിക്ക് ഗുണകരവുമാണ്.