കുവൈത്ത് : കേഫാക്ക് ഗ്രാന്റ് സോക്കർ ലീഗിൽ നടന്ന വാശിയേറിയ ഗ്രൂപ്പ് പോരാട്ടങ്ങളിൽ  കേരള ചാലഞ്ചേർസും യംഗ് ഷൂട്ടേർസും വിജയം നേടിയപ്പോൾ ഫഹാഹീൽ ബ്രദേർസും  മാക്ക് കുവൈത്തും  സി.എഫ്.സി സാൽമിയയും സോക്കർ കേരളയും തമ്മിലുള്ള മത്സരങ്ങൾ സമനിലയിലായി. ടൂർണമെന്റിലുടനീളം മികച്ച ഫോമിൽ പന്ത് തട്ടുന്ന ബെൻ ക്രിസ്റ്റിലിന്റെ ഇരട്ട ഗോളിൽ കേരള ചാലഞ്ചെർസ്  ബിഗ് ബോയ്‌സിനെ പരാജയപ്പെടുത്തി.

കളി തുടങ്ങി ആദ്യമിനിട്ടു മുതൽ വളരെ ആവേശകരമായിരുന്നു മത്സരം. ഇരു ഗോൾ മുഖത്തും നിരന്തര ആക്രമണം അഴിച്ചുവിട്ടെങ്കിലും ഫലം ലഭിച്ചത് കേരള ചലഞ്ചെർസിനായിരുന്നു. ഇടതു വശത്തു കൂടെ അതിവേഗം പന്തുമായി ബിഗ് ബോയ്‌സ്  ഗോൾ മുഖത്തെത്തിയ  മുന്നേറ്റതാരം  വലതുവശം ചേർന്നു മുന്നേറുകയായിരുന്ന ബെന്നിന്  ക്രോസ് നൽകി. മനോഹരമായ  ഷോട്ടിലൂടെ  ബിഗ് ബോയ്‌സ്  ഗോളിയെ നിഷ്പ്രഭനാക്കി ബെൻ ആദ്യ ഗോൾ നേടുകയായിരുന്നു.

ഒത്തിണക്കവും അത്യധ്വാനവും പ്രകടമായ നീക്കത്തിൽനിന്ന് രണ്ടാം ഗോൾ നേടി  ചാലഞ്ചെർസ് ഗോൾ  പട്ടിക പൂർത്തിയാക്കി. തുടർന്ന് നടന്ന ഫഹാഹീൽ ബ്രദേർസ്  മാക്ക് കുവൈത്ത് മത്സരം സമനിലയിൽ പിരിഞ്ഞു. ഗോളടിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ച  ആദ്യന്തം ആവേശകരമായ പോരാട്ടത്തിൽ ഫഹാഹീലിനെ മാക്ക് കുവൈത്ത്  ഗോൾ രഹിത സമനിലയിൽ തളയ്ക്കുകയായിരുന്നു. മറ്റൊരു മത്സരത്തിൽ  യംഗ് ഷൂട്ടേർസ്   മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കെ.കെ.എസ് സുറയെ തകർത്തു.ഇറങ്ങിയും കയറിയും കളിച്ച യംഗ് ഷൂട്ടേർസിന്റെ മുന്നേറ്റ നിരയുടെ തേരോട്ടത്തിൽ കെ.കെ.എസ് സുറയുടെ പ്രതിരോധ കോട്ട ആടിയുലയുകയായിരുന്നു. ഷൂട്ടേർസിന് വേണ്ടി ഉണ്ണി , ഷബീർ എന്നീവർ ഗോൾ നേടി.  തുല്യശക്തികൾ മാറ്റുരച്ച അവസാന പോരാട്ടത്തിൽ  സി.എഫ്.സി സാൽമിയയും സോക്കർ കേരളയും സമനിലയിൽ പിരിഞ്ഞു.

എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക് അഥോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്‌റ്റേഡിയത്തിൽ  വൈകിട്ട് 4:00 മുതൽ രാത്രി 9:00 മണിവരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത് .  കുവൈത്തിലെ മുഴുവൻ ഫുട്ബാൾ പ്രേമികൾക്കും കുടുംബസമേതം മത്സരങ്ങൾ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 66619649, 99534500,99288672 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.