പുരുഷ വേശ്യകളുമായുള്ള ഇടപാട് പുറത്തായതോടെ സ്ഥാനം രാജിവെക്കേണ്ടിവന്ന ഇന്ത്യൻ വംശജനായ ലേബർ പാർട്ടി നേതാവ് കീത്ത് വാസിന് ഇപ്പോഴും ധൈര്യം നൽകുന്നത് ആരാണ്? വാസിന്റെ വിശ്വസ്തയായ ഭാര്യ മരിയ ഫെർണാണ്ടസ് നൽകുന്ന പിന്തുണയാണ് ഇത്രയും നാണക്കേടുണ്ടായിട്ടും വാസിനെ പിടിച്ചുനിൽക്കാൻ സഹായിക്കുന്നതെന്ന് പാശ്ചാത്യ മാദ്ധ്യമങ്ങൾ.

ഭർത്താവ് സ്വവർഗാനുരാഗി കൂടിയാണ് എന്ന കാര്യം മരിയയ്ക്ക് അറിയാമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, 23 വർമായി തുടരുന്ന ദാമ്പത്യത്തിൽ അതൊരു കല്ലുകടിയായി മാറാൻ മരിയ അനുവദിച്ചിരുന്നില്ല. അഭിഭാഷകയും രണ്ടുമക്കളുടെ അമ്മയുമായ മരിയ ഇപ്പോഴത്തെ വിവാദത്തിലും ഭർത്താവിനൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

നോർത്ത് ലണ്ടനിലെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം വാസും മരിയയും മറ്റെവിടേയ്‌ക്കോ മാറിയിരുന്നു. രണ്ട് പുരുഷ വേശ്യകൾക്ക് വാസ് അയച്ച സന്ദേശങ്ങൾ പുറത്തുവന്നതോടെയാണ് ലേബർ പാർട്ടി എംപി സ്ഥാനവും ഹൗസ് ഓഫ് കോമൺസിലെ പാർലമെന്ററി സമിതി അധ്യക്ഷ സ്ഥാനവും വാസിന് നഷ്ടമായത്.

വിവാദത്തെത്തുടർന്ന് വാസ് ഭാര്യയോടും മക്കളായ ലൂക്കിനോടും അഞ്ജലിയോടും മാപ്പുപറഞ്ഞതായും റിപ്പോർട്ടുണ്ട്. എന്നാൽ ഭർത്താവിന്റെ ഈ ശീലത്തെക്കുറിച്ച് മരിയ്ക് നേരത്തെതന്നെ അറിവുണ്ടായിരുന്നു എന്നാണ് സൂചനകൾ. മുമ്പും പലതരത്തിലുള്ള വിവാദങ്ങളിൽ വാസ് ചെന്ന് ചാടിയപ്പോഴും മരിയ ഒപ്പം നിന്നിരുന്നു.

വാസിന് പുരുഷ വേശ്യകളുമായി സ്ഥിരമായ ബന്ധമുണ്ടായിരുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ആഴ്ചകളായി ഇവരുമായി വാസ് ടെക്സ്റ്റ് മെസ്സേജുകൾ കൈമാറിയിരുന്നതായും റിപ്പോർട്ടുണ്ട്. ഓഗസ്റ്റ് 27-നാണ് വാസ് തന്റെ ഫ്‌ളാറ്റിൽ രണ്ട് പുരുഷ വേശ്യകളുമായി കാണുന്ന ചിത്രം പുറത്തുവന്നത്. വാഷിങ് മെഷിൻ മെക്കാനിക്കായ ജിം എന്നാണ് വാസ് തന്നെ ഇവർക്ക് പരിചയപ്പെടുത്തിയിരുന്നത്.