ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പാണ് ബിജെപിയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പ്. ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്താൻ യാദവ കക്ഷികളുമായും കോൺഗ്രസുമായി ഒരുമിച്ച് കൈകോർത്താണ് മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്തുള്ളത്. ഇക്കൂട്ടത്തിലേക്ക് മറ്റൊരു പ്രമുഖൻ കൂടി എത്തി. നരേന്ദ്ര മോദിയുടെ കടുത്ത വിമർശകൻ കൂടിയായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് നിതീഷുമായി ഒരുമിച്ചത്. ഇരുവനരും ഇന്നലെ ഡൽഹിയൽ വച്ച് വേദി പങ്കിട്ടു. പരിപാടിയിൽ സംസാരിച്ച മുഖ്യമന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായി വിമർശിക്കുകയും ചെയ്തു.

'ഡൽഹി തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി എന്നെ നക്‌സലൈറ്റ് എന്നു വിളിച്ചു. ഇപ്പോൾ ബിഹാറുകാരുടെ ഡി.എൻ.എയെ ചോദ്യം ചെയ്യുന്നു. ഡൽഹിയിൽ ചെയ്ത തെറ്റ് ബിജെപി ബിഹാറിലും ആവർത്തിക്കുകയാണ്. ഡൽഹിയിൽ തോറ്റ പോലെ അവർ ബിഹാറിലും തോൽക്കും' -കെജ് രിവാൾ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമായ തരംഗമാണ് ഡൽഹി തെരഞ്ഞെടുപ്പ് സമയത്തും ഉള്ളതെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നതെന്ന് നിതീഷ്‌കുമാർ ചൂണ്ടിക്കാട്ടി. എന്നാൽ എ.എ.പിക്ക് 67 സീറ്റ് ലഭിച്ചു. ബിഹാരികളുടെ മനസ്സ് അവർ മനസ്സിലാക്കണമെന്നും നിതീഷ്‌കുമാർ പറഞ്ഞു.

1.25 ലക്ഷം കോടി രൂപയുടെ പാക്കേജ് ബിഹാറിന് അനുവദിച്ചതിനെ കെജ്‌രിവാൾ വിമർശിച്ചു. അത്രയും കാശുണ്ടെങ്കിൽ ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതിക്കായി നിരാഹാരമിരിക്കുന്ന വിമുക്തഭടന്മാർക്ക് നൽകണമെന്ന് കെജ്‌രിവാൾ പറഞ്ഞു. നിതീഷ്‌കുമാറും കെജ്‌രിവാളും തമ്മിൽ നല്ല ബന്ധമാണ് നിലനിൽക്കുന്നത്. ഡൽഹിയിലെ ആന്റി കറപ്ഷൻ ബ്യൂറോയിലേക്ക് നിതീഷ്‌കുമാറിന്റെ ബിഹാർ സർക്കാർ പൊലീസുകാരെ ഡെപ്യൂട്ടേഷനിൽ അനുവദിച്ചിരുന്നു. ഇതിന് കെജ്‌രിവാൾ നിതീഷിന് നന്ദി പറഞ്ഞു.

അതിനിടെ ബിഹാറിലെ ഭരണകക്ഷിയായ ജെ.ഡി.യുവിന്റെ നാല് എംഎ‍ൽഎമാർ ബിജെപിയിൽ ചേർന്നു. നേരത്തേ, പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ജെ.ഡി.യുവിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എംഎ‍ൽഎമാർക്കാണ് ബുധനാഴ്ച കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ബിജെപി അംഗത്വം നൽകിയത്. ഗയനേന്ദ്ര സിങ് ഗയാനു, രാജേശ്വർ രാജ്, ദിനേശ് കുശാവഹ, സുരേഷ് ചണ്ഡാൽ എന്നിവരാണ് ജെ.ഡി.യു വിട്ടത്. കൂടുതൽ എംഎ‍ൽഎമാർ ജെ.ഡി.യു വിട്ട് പാർട്ടിയിലേക്ക് വരുമെന്ന് ബിജെപി വൃത്തങ്ങൾ അവകാശപ്പെട്ടു.

പാർട്ടി വിട്ട ഗയനേന്ദ്ര സിങ് ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ വിശ്വസ്തനായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാൽ, കഴിഞ്ഞ വർഷം നിതീഷുമായി കൊമ്പുകോർത്ത ഗയനേന്ദ്രയെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. നവംബറിൽ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എംഎ‍ൽഎമാരുടെ കൂടുമാറ്റം.