- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഐ റെയ്ഡിനെത്തിയത് രാജേന്ദ്രകുമാർ ജന്മദിനാഘോഷത്തിന് ഒരുക്കം തുടങ്ങിയപ്പോൾ; കെജ്രിവാളിന്റെ പ്രതികരണത്തിൽ ആദ്യം ഞെട്ടിയ ബിജെപി കേന്ദ്രങ്ങൾ ഫലപ്രദമായി തിരിച്ചടിച്ചു സഹതാപം നേടുന്നത് ഒഴിവാക്കി; നഷ്ടം സംഭവിച്ചത് എഎപിക്കു തന്നെ
ന്യൂഡൽഹി: തന്റെ നാല്പത്തൊമ്പതാം ജന്മദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് രാജേന്ദ്രകുമാറിനെ തേടി സിബിഐ എത്തുന്നത്. ഡൽഹി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഔദ്യോഗിക വസതിയായ ഫ്രണ്ട്‌സ് കോളനിയിലെ C-52A-യിലേക്ക് സിബിഐ ഓഫീസർമാർ എത്തുന്നത് ചൊവ്വാഴ്ച രാവിലെയാണ്. പത്തു വർഷമായി ഇവിടെ തന്നെ താമസിച്ചുവരുന്ന രാജേന്ദ
ന്യൂഡൽഹി: തന്റെ നാല്പത്തൊമ്പതാം ജന്മദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് രാജേന്ദ്രകുമാറിനെ തേടി സിബിഐ എത്തുന്നത്. ഡൽഹി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഔദ്യോഗിക വസതിയായ ഫ്രണ്ട്‌സ് കോളനിയിലെ C-52A-യിലേക്ക് സിബിഐ ഓഫീസർമാർ എത്തുന്നത് ചൊവ്വാഴ്ച രാവിലെയാണ്. പത്തു വർഷമായി ഇവിടെ തന്നെ താമസിച്ചുവരുന്ന രാജേന്ദ്ര കുമാറിന്റെ ജന്മദിനം ഇന്നാണ്. അതിനായി ബാംഗളൂരിൽ പഠിക്കുന്ന മൂത്ത മകളും പാട്‌നയിൽ നിന്ന് ഭാര്യയുടെ മാതാപിതാക്കളും എത്തിച്ചേർന്നിരുന്നു.
രാജേന്ദ്രകുമാറിനെതിരേ അഴിമതി ആരോപണങ്ങൾ ഉണ്ടായതിനെ തുടർന്നാണ് രാവിലെ ഏഴിന് 12 സിബിഐ ഉദ്യോഗസ്ഥർ ഔദ്യോഗിക വസതിയിലേക്ക് എത്തുന്നത്. വിവരം അറിഞ്ഞ് പരിസരമാകെ ഒബി വാനുകളും മാദ്ധ്യമപ്രവർത്തകരുടെ വാഹനങ്ങളും നിറയാൻ ഏറെ നേരം വേണ്ടി വന്നില്ല. പന്ത്രണ്ടു മണിക്കൂർ നീണ്ട റെയ്ഡിനിടെ ഉച്ചയ്ക്ക് ഏതാനും നിമിഷനേരത്തേക്കു മാത്രമാണ് രാജേന്ദ്രകുമാറിനേയും ഭാര്യയേയും പുറത്തുള്ളവർക്ക് കാണാൻ സാധിച്ചത്.
ഒരു മണിക്ക് പുറത്തുള്ള പുൽത്തകിടിയിൽ ഇരുവരും കുറച്ചു നേരം വന്നിരുന്ന സമയത്തു മാത്രം. വൈകുന്നേരം 7.20ഓടെ സിബിഐ ഉദ്യോഗസ്ഥർ രാജേന്ദ്രകുമാറിനേയും ഭാര്യയേയും വിശദമായ ചോദ്യം ചെയ്യലിനു സിബിഐ ഹെഡ് ക്വാർട്ടറിലേക്ക് കൊണ്ടുപോയി. ഇരുവരേയും കൊണ്ടുപോകുന്നതിന് ഏതാനും നിമിഷങ്ങൾക്കു മുമ്പ് അഞ്ചു ബാഗുകൾ നിറയെ രേഖകളും മറ്റുമായി പൊലീസും സിബിഐ ഉദ്യോഗസ്ഥരും വീട്ടിൽ നിന്ന് ഇറങ്ങുന്ന കാഴ്ചയായിരുന്നു മാദ്ധ്യമങ്ങൾ കണ്ടത്.
തന്റെ വിശ്വസ്തന്റെ വീട്ടിൽ റെയ്ഡ് തുടങ്ങിയ വിവരം അറിഞ്ഞ് 10.29ഓടെയാണ് മുഖ്യമന്ത്രി കേജ്‌റിവാൾ പ്രധാനമന്ത്രിയെ മാനസിക രോഗിയായ ഭീരു എന്നു വിളിച്ച് ട്വീറ്റ് ചെയ്തത്. എന്നാൽ കേജ്‌റിവാളിന്റെ ട്വീറ്റ് കണ്ട് പതറിയ ബിജെപി കേന്ദ്രം പക്ഷേ, പിന്നീട് കേജ്‌റിവാളിനെതിരേ തിരിച്ചടിക്കാൻ തുടങ്ങി. റെയ്ഡ് നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലല്ലെന്നും പ്രിൻസിപ്പൽ സെക്രട്ടറിയുടെ വസതിയിലാണെന്നും ബിജെപി അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കുകയായിരുന്നു.
കേജ്‌റിവാളിന്റെ ട്വീറ്റിന്റെ കോപ്പി എടുത്ത് പാർലമെന്റിൽ അവതരിപ്പിച്ച അമിത് ഷായ്ക്ക് കേരളത്തിൽ നിന്നുള്ള ചില എംപിമാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് കേജ്‌റിവാളനെതിരേ അഭിപ്രായം നേടാൻ സാധിച്ചു. ഇതു രാജ്യത്തിന് ഇണങ്ങുന്ന തരത്തിലുള്ള അഭിപ്രായപ്രകടനമല്ല എന്നാണ് കേജ്‌റിവാളിന്റെ ട്വീറ്റിനെതിരെ ഇവർ പ്രതികരിച്ചത്.
സിബിഐ റെയ്ഡിനെതിരേ തുടക്കത്തിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ് പിന്നീട് സാധാരണ ഗതിയിലാക്കാൻ ബിജെപിക്കായി എന്നതാണ് വസ്തുത. ഇതൊരു സാധാരണ സംഭവം എന്ന രീതിയിലേക്ക് അമിത് ഷാ വസ്തുതകളെ മാദ്ധ്യമ പ്രവർത്തകർക്കു മുന്നിൽ തുറന്നുകാട്ടി. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്തു തന്നെ അഴിമതി ആരോപണങ്ങൾക്ക് രാജേന്ദ്ര കുമാർ വിധേയനായിരുന്നു എന്ന കാര്യം വ്യക്തമാക്കി ബിജെപി നേതൃത്വം റെയ്ഡിനെ ന്യായീകരിച്ചു. മിടുക്കനായ ഓഫീസറാണെങ്കിലും വാറ്റ് ഡിപ്പാർട്ട്‌മെന്റിൽ ഉദ്യോഗസ്ഥനായിരിക്കേ അഴിമതി ആരോപണം ഉണ്ടായതിനെ തുടർന്ന് രാജേന്ദ്ര കുമാറിനെ ഷീലാ ദീക്ഷിത് വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റുകയായിരുന്നു.
അക്കാലത്തും കേജ്‌റിവാളും രാജേന്ദ്രകുമാറും തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്നും ഇരുവരും രഹസ്യമായി കണ്ടുമുട്ടാറുണ്ടായിരുന്നുവെന്നും ആരോപിക്കപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ കേജ്‌റിവാൾ മുഖ്യമന്ത്രിയായപ്പോൾ ആദ്യം ചെയ്തത് രാജേന്ദ്ര കുമാറിനെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കുകയായിരുന്നുവെന്നതാണ്. അഴിമതി വീരനായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കുടുക്കുകയെന്നത് തികച്ചും സാധാരണമായ കാര്യം എന്ന നിലയിലേക്ക് ബിജെപി ന്യായവാദങ്ങൾ ഉയർത്തിയതോടെ തുടക്കത്തിൽ ഉണ്ടായ എതിർപ്പുകൾ കാറ്റിലലിഞ്ഞ് ഇല്ലാതായതാണ് കാണാൻ സാധിച്ചത്. അതേസമയം അഴിമതി ആരോപണങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്ന ഒരാളെ തന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ച കേജ്‌റിവാളിനാണ് ഈ യുദ്ധതിൽ നഷ്ടമെന്നത് വരുത്തിത്തീർക്കാനെങ്കിലും ബിജെപിക്ക് കഴിഞ്ഞുവെന്നത് ഒരു നേട്ടം തന്നെയാണ്.