കൊച്ചി: കേരള സർക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനിയുടെ (കെൽ) മാമലയിലെ പവർ ട്രാൻസ്ഫോർമർ നിർമ്മാണ യൂണിറ്റ് ഫെബ്രുവരി 9-ന് രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മാമല യൂണിറ്റിൽ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. വൈദ്യുതി മന്ത്രി എം.എം. മണി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. പുതിയ പ്ലാന്റിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.

സംസ്ഥാന സർക്കാർ അനുവദിച്ച 12.5 കോടി രൂപയ്ക്കാണ് പവർ ട്രാൻസ്ഫോർമർ നിർമ്മാണ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. 10 എംവിഎ വരെ ശേഷിയുള്ള ട്രാൻസ്ഫോർമറുകൾ നിർമ്മിക്കാനാകുന്നതാണ് കെല്ലിന്റെ ചരിത്രത്തിലെ പ്രധാന നാഴികകല്ലാകുന്ന ഈ പ്ലാന്റെന്ന് കെൽ എംഡി കേണൽ ഷാജി എം. വർഗീസ് പറഞ്ഞു. പവർ ട്രാൻസ്ഫോർമറുകളുടെ പരീക്ഷണ നിർമ്മാണം പ്ലാന്റിൽ വിജയകരമായി നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രതിവർഷം 1500 എംവിഎയാണ് പ്ലാന്റിന്റെ നിർമ്മാണശേഷി. മാമലയിലെ ഈ പ്ലാന്റിൽ നിന്നും വിറ്റുവരവിൽ 47 കോടി രൂപയുടെയും അറ്റാദായത്തിൽ 2.53 കോടി രൂപയുടെയും വർധനവ് കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.

വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിങ് യൂണിറ്റുകളുടെ നിർമ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പവർ ട്രാൻസ്ഫോർമർ പ്ലാന്റിന് സമീപമായി കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ വൈദ്യുത വാഹന ചാർജിങ് സ്റ്റേഷൻ കമ്പനി സ്ഥാപിച്ചിരിക്കുന്നത്. ഈ ചാർജിങ് സ്റ്റേഷൻ എറണാകുളത്ത് നിന്നും മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി, മൂന്നാർ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കേണൽ ഷാജി എം. വർഗീസ് പറഞ്ഞു.ജനങ്ങൾക്കിടയിൽ വൈദ്യുത വാഹനങ്ങളോടുള്ള കമ്പം വർധിച്ചു വരുന്ന സാഹചര്യത്തിൽ വരും വർഷങ്ങളിൽ കൂടുതൽ വൈദ്യുത വാഹനങ്ങൾ റോഡുകളിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പവർ ട്രാൻസ്ഫോർമർ പ്ലാന്റിനോട് അനുബന്ധിച്ച് ട്രാൻസ്ഫോർമറുകളുടെയും മറ്റ് ഊർജ ഉപകരണങ്ങളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ടെസ്റ്റിങ്ങിനും സർട്ടിഫിക്കേഷനുമായി എൻഎബിഎൽ അംഗീകൃത ലാബ് സ്ഥാപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. പദ്ധതി അംഗീകാരത്തിനായി സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. ലാബ് യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്തെ ട്രാൻസ്ഫോർമറും മറ്റ് ഊർജ ഉപകരണങ്ങളും നിർമ്മിക്കുന്നവർക്ക് മറ്റ് സംസ്ഥാനങ്ങളിലെ ലാബുകളെ ആശ്രയിക്കേണ്ടി വരില്ല.