പുതിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഓഫീസിലെ ഏറ്റവും കരുത്തയായ സ്ത്രീ ആരാണെന്നറിയാമോ..? ട്രംപിന്റെ മുതിർന്ന ഉപദേശകയായ കെല്യാണെ കോൺവേയാണിത്. ആരെയും കൂസാത്ത പ്രകൃതത്തിനുടമയാണിവരെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഈ ആഴ്ച ഓവൽ ഓഫീസിൽ രണ്ട് ഡസനോളം മുതിർന്ന ആഫ്രിക്കൻഅമേരിക്കൻ വിദ്യാഭ്യാസ വിദഗ്ദ്ധർ ഒത്തു കൂടിയ ചടങ്ങിന് ഫോട്ടോയെടുക്കുന്ന വേളയിൽ പോലും കോൺവേ ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും തയ്യാറായില്ലെന്നാണ് സൂചന. അപ്പോഴും സോഫയിൽ കാലു കയറ്റി വച്ച് അവർ മൊബൈലിൽ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. സാക്ഷാൽ ട്രംപും സന്ദർശകരും ആ സമയത്ത് ആദരവോടെ എഴുന്നേറ്റ് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴും യാതൊരു വിധത്തിലുമുള്ള കൂസലുമില്ലാതെ കോൺവേ ആ ഇരുപ്പ് തുടരുകയായിരുന്നു. വൈറ്റ് ഹൗസിൽ അവർക്കുള്ള അതുല്യമായ സ്വാധീനത്തെയാണിത് വ്യക്തമാക്കുന്നത്.

50കാരിയായ കോൺവേ ട്രംപിന്റെ ക്യാമ്പയിൻ മാനേജരായിരുന്നു. നിലവിൽ പ്രസിഡന്റിന്റെ കൗൺസിലറായിട്ടാണ് അവർ പ്രവർത്തിക്കുന്നത്. എപ്പോഴും ചിരിക്കുന്ന കോൺവേ നാല് കുട്ടികളുടെ അമ്മയാണ്. മൃദുവായി മാത്രമേ ആരോടും പെരുമാറാറുള്ളൂ. ട്രംപ് നടത്താനൊരുങ്ങുന്ന വിപ്ലവത്തിന്റെ മുഖമെന്ന് തന്നെ ഇവരെ വിശേഷിപ്പിക്കാം. ഇങ്ങനെയൊക്കെയാണെങ്കിലും തന്റെ സ്വാധീനം വെളിപ്പെടുത്തുന്ന ഒരൊറ്റ സന്ദർഭവും ഒഴിവാക്കാത്ത അവർ അത്തരം സന്ദർങ്ങളിൽ ഇങ്ങനെ കൂസലില്ലാതെ പെരുമാറുകയും ചെയ്യും. റിപ്പബ്ലിക്കൻ പാളയത്തെ പുനനിർമ്മിക്കാൻ വേണ്ടി ദശാബ്ദങ്ങളായി പ്രവർത്തിക്കുന്നതിന്റെ ആർജവം അവരുടെ ഓരോ ചലനങ്ങളിലും കാണാം.

വനിതാ വോട്ടർമാരെ എത്തരത്തിൽ സ്വാധീനിക്കാമെന്ന് റിപ്പബ്ലിക്കൻ പാർട്ടിക്ക് ആവശ്യമായ ഉപദേശങ്ങൾ കാലങ്ങളായി നൽകി വരുന്നത് കോൺവേയാണ്. വളരെ പരിമിതമായ ജീവിതസാഹചര്യങ്ങൽ നിന്നും വളർന്ന് വന്ന ചരിത്രമാണ് കോൺവേയ്ക്കുള്ളത്. ന്യൂജഴ്‌സിയിൽ ഒരു ലോറി ഡ്രൈവറുടെ മകളായിട്ടായിരുന്നു ജനനം. കോൺവേയ്ക്ക് രണ്ട് വയസുള്ളപ്പോൽ അച്ഛൻ അമ്മയെ ഉപേക്ഷിച്ച് പോവുകയും ചെയ്തു. തുടർന്ന് തനിക്ക് 13 വയസാകുന്നതിനിടെ കോൺവേ ഒരിക്കലും അച്ഛനെ കണ്ടിരുന്നില്ല. തുടർന്ന് തന്റെ അമ്മ, അമ്മൂമ്മ, രണ്ട് ആന്റിമാർ എന്നിവരടങ്ങുന്ന ഇറ്റാലിയൻഅമേരിക്കൻ സ്ത്രീകളുടെ കുടുംബമായിരുന്നു കോൺവേയെ വളർത്തി വലുതാക്കിയത്. തികഞ്ഞ കത്തോലിക്കാ കുടുംബമായ ഇവർക്ക് രാഷ്ട്രീയ പാരമ്പര്യമുണ്ടായിരുന്നില്ല.

മൂന്നാം വയസ് മുതൽ തന്നെ കോൺവേ വായിക്കാൻ പഠിച്ചിരുന്നു. നാല് വയസായപ്പോൾ അമ്മ ഡയാനെ ഫിറ്റ്‌സ്പാട്രിക്ക് കുട്ടിയെ ഒരു നഴ്‌സറി സ്‌കൂളിലാക്കുകയും ചെയ്തു. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ പഠനത്തിലും പഠനേതര പ്രവർത്തനങ്ങളിലും കോൺവേ മുൻനിരയിലായിരുന്നു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്ത് കോൺവേ ഒരു ബാവി റിപ്പബ്ലിക്കൻ പോൾസ്റ്ററെ കാണുകയും അദ്ദേഹത്താൽ സ്വാധീനിക്കപ്പെടുകയുമായിരുന്നു. തുടർന്ന് അവർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് കോൺവേ തന്റെതായ പോളിങ് സ്ഥാപനം ആരംഭിക്കുകയും ചെയ്തു. പൊളിറ്റിക്കൽ കൺസൾട്ടിങ് തികച്ചും പുരുഷകേന്ദ്രീകൃതമായിരുന്ന കാലത്താണ് കോൺവേ ഇതിൽ തന്റെതായ വ്യക്തിമുദ്ര പ തിച്ചത്. ഇത്തരത്തിൽ വേറിട്ട വഴികളിലൂടെ പടപൊരുതി മുന്നേറിയാണ് കോൺ വേ ട്രംപിൽ സ്വാധീന ശക്തി ചെലുത്താൻ പ്രാപ്തിയുള്ള മുഖ്യ ഉപദേശകയായിരിക്കുന്നത്.