ന്യൂഡൽഹി : പ്രൊഫസർ ഓംചേരി എൻഎൻ പിള്ളയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. ഓംചേരിയുടെ ഓർമ്മക്കുറിപ്പുകളായ 'ആകസ്മിക'ത്തിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും മംഗളപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം.

ഡോ. കെ പി ശങ്കരൻ, സേതുമാധവൻ, ഡോ. അനിൽ വള്ളത്തോൾ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരത്തിന് അർഹമായ പുസ്തകം കണ്ടെത്തിയതെന്ന് കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് ചന്ദ്രശേഖര കമ്പാർ അറിയിച്ചു. 2018 ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഡൽഹിയിൽ വെച്ച് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്.

കേരളത്തിലെ പ്രശസ്ത നാടകകൃത്താണ് ഓംചേരി എൻഎൻപിള്ള. 1924 ൽ വൈക്കം ഓംചേരി വീട്ടിൽ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായിട്ടാണ് ജനനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻസിൽ അദ്ധ്യാപകനായിരുന്നു.

9 മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി രചിച്ചിട്ടുണ്ട്. 1972 ൽ 'പ്രളയം' എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു. 2010 ൽ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.