കോട്ടയം: തീന്മേശകളിൽ നിന്ന് ഹോർമോൺ കോഴി'കളെ പറപ്പിക്കാൻ ഇനി കെപ്‌കോ ഇല്ല. ന്യായ വിലയ്ക്ക് നല്ല കോഴിയിറച്ചി വിൽക്കാനുള്ള നീക്കത്തിൽ നിന്നും കെപ്‌കോ പിന്മാറുന്നു. ലാഭകരമല്ലാത്തതിനാൽ പ്രവർത്തന രീതി മാറ്റുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഹോർമോൺ കുത്തി വച്ച ചിക്കൻ കെപ്‌കോയും ഇനി ഉൽപാദിപ്പിക്കും. പരസ്യമായി തന്നെ പറഞ്ഞു കൊണ്ടാണ് നീക്കം. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. എന്നാൽ പിണറായി സർക്കാർ വിവാദങ്ങളോട് പ്രതികരിക്കുന്നുമില്ല.

കോഴികൾക്ക് കൊടുക്കാൻ തീറ്റ കിട്ടുന്നില്ല. അതുകൊണ്ട് തന്നെ വലിയ പ്രതിസന്ധിയാണുള്ളത്. ഈ സാഹചര്യത്തിലാണ് ഹോർമോൺ കുത്തിവച്ച് കോഴിക്ക് ഭാരം കൂട്ടാനുള്ള തീരുമാനമെന്നാണ് സൂചന. ഇത് ചെയ്തില്ലെങ്കിൽ പോൾട്ടറി ഡെവലപ്‌മെന്റ് കോർപ്പറേഷൻ വലിയ നഷ്ടത്തിലേക്ക് പോകുമെന്നാണ് വിലയിരുത്തൽ. ഇതോടെ ശുദ്ധമായ ചിക്കൻ എന്ന ടാഗ് ലൈനും കെപ്‌കോയ്ക്ക് ഉപേക്ഷിക്കേണ്ടി വരും. ജൈവ ചിക്കനെന്ന വാഗ്ദാനവുമായി വിപണി വിലയെക്കാൾ കുറച്ച് കൂടുതൽ വിലയ്ക്കാണ് കെപ്‌കോ ഇറച്ചി കോഴി വിൽക്കുന്നത്. എന്നാൽ തീറ്റ കിട്ടാതായതോടെ പ്രതിസന്ധി രൂക്ഷമായി. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് മാതൃകയിൽ ഹോർമോൺ ചിക്കനിലേക്ക് കെപ്‌കോ വഴി മാറുന്നത്.

സംസ്ഥാനത്ത് നടക്കുന്ന കോടിക്കണക്കിന് രൂപയുടെ കോഴിക്കച്ചവടത്തിൽ കെപ്കോയ്ക്ക് നാമമാത്രമായ വിഹിതമാണ് ഉള്ളത്. കോഴി ഉൽപാദനം വർധിപ്പിക്കുന്നതിനായി സഹായം കിട്ടുന്നില്ലെന്നും കെപ്കോ പരാതിപ്പെട്ടിരുന്നു. കെപ്‌കോ പരിമിതികളിൽ വീർപ്പ് മുട്ടുകയാണ്. തൊഴിലാളികളെ നിലനിർത്തുന്നത് നഷ്ടം സഹിച്ചാണ്. കെപ്കോ കോഴി വിൽക്കുന്നത് 95 രൂപയ്ക്കാണ് ഇത് സർക്കാരിന്റെ നയം നടപ്പിലാക്കാൻ വേണ്ടി നഷ്ടം സഹിച്ചാണെന്നും വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെപ്‌കോയുടെ പുതിയ നീക്കം. പോൾട്ടറി ഡെവലപ്പ്‌മെന്റ് കോർപ്പറേഷനെ നയിക്കുന്നത് സിപിഐയാണ്. ചിഞ്ചു റാണിയാണ് ചെയർമാൻ. ചിഞ്ചു റാണിയും സിപിഎം നേതാക്കളുമായി ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു. ഇതുകൊണ്ട് തന്നെ പോൾട്ടറി കോർപ്പറേഷന് സഹായവും കുറഞ്ഞു. ഇതും പ്രതിസന്ധിക്ക് കാരണമായതായി സൂചനയുണ്ട്.

വീടുകളിൽ കോഴികളെ വളർത്തുന്ന പഴയ സംസ്‌കാരം വീണ്ടെടുക്കണമെന്നും വ്യാവസായികാടിസ്ഥാനത്തിൽ വളർത്തുന്ന കോഴികളിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന ഹോർമോൺ കുത്തിവയ്ക്കുന്നില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെപ്‌കോയുടെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ഹോർമോണുകൾ കുത്തിവച്ച് കോഴികളുടെ വളർച്ചയും തൂക്കവും വർധിപ്പിച്ചാൽ അത് വിൽപനക്ക് സഹായകരമാണ്. എന്നാൽ അത് കഴിക്കുന്നവരുടെ ആരോഗ്യത്തിന് പ്രയാസമുണ്ടാക്കുന്നു. അധിക ഹോർമോണുകൾ ശരീരത്തിൽ എത്തുന്നതിനാൽ ശിശു ആയിരിക്കുമ്പോൾത്തന്നെ പെൺകുഞ്ഞുങ്ങളിൽ ശാരീരിക മാറ്റം ഉണ്ടാകുന്നു. ഇത് തിരിച്ചറിഞ്ഞാണ് കെപ്‌കോയിലൂടെ നല്ല ഇറച്ചി കോഴികളെത്തിക്കാൻ സർക്കാർ സംവിധാം ഏർപ്പെടുത്തിയത്.

ണം. കോഴി വ്യാപാരിയുടെ ലാഭം മാത്രം ആഗ്രഹിക്കുന്നവരല്ല, മറിച്ച് ജനങ്ങളുടെ ആരോഗ്യത്തിലാണ് എൽഡിഎഫ് സർക്കാർ ശ്രദ്ധിക്കുന്നത്. വിഷമുക്തവും ആരോഗ്യ ദായകവും മാലിന്യ മുക്തവുമായ പാലും മുട്ടയും ലഭ്യമാക്കാനാണ് സർക്കാർ ശ്രമം. മലയാളികൾ കോഴി ഇറച്ചി കൂടുതലായി കഴിക്കുന്നതിനാലാണ് വ്യാപാരാടിസ്ഥാനത്തിൽ കോഴി കൃഷി തുടങ്ങിയത്. അതോടെ കോഴിയുടെ ആരോഗ്യത്തിൽ മാത്രമായി ശ്രദ്ധ. മനുഷ്യന്റെ ആരോഗ്യം ശ്രദ്ധിക്കാതെയുമായി. ഇത്തരം വിനാശകരമായ അവസ്ഥ ഒഴിവാക്കാൻ കോഴികളെ വീട്ടിൽ തന്നെ വളർത്തുകയാണ് ഏറ്റവും ഗുണപ്രദം. ഇതോടെ ഹോർമോൺ കോഴികൾ കേരളത്തിലും സജീവമായി. തമിഴ്‌നാട്ടിലെ ഫാമുകളിൽ നിന്ന് കേരളത്തിൽ എത്തിക്കുന്നതും ഹോർമോൺ കുത്തിവച്ച കോഴികളെയാണ്. കെപ്‌കോയും ഹോർമോണിലേക്ക് പോകുമ്പോൾ വിഷ രഹിത ഇറച്ചികോഴി അന്യമാകുമെന്നാണ് വിലയിരുത്തൽ.

ഹോർമോൺ ഉപയോഗിച്ച് ഭാരം കൂടിയ ചിക്കൻ ഉൽപ്പാദിപ്പിക്കാനാണ് നീക്കം. എന്ത് ഭക്ഷണം കൊടുത്താലും കോഴിക്ക് ഭാരം വേണമെന്ന് കെപ്കോക്ക് നിർദ്ദേശം. എന്നാൽ കെപ്കോ യുടെ പ്രവർത്തനരീതി മാറ്റിയെന്നല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് മൃഗസംരക്ഷ വകുപ്പ് അസി.ഡയറക്ടർ ഡോ ഷൈൻ പറഞ്ഞു. തീറ്റ കി്ട്ടാത്തതാണ് ഇപ്പോൾ നേരിടുന്ന പ്രതസന്ധിയെന്നും അദ്ദേഹം പറഞ്ഞു. കെപ്കോ ലാഭം ഉദ്ദേശിച്ച് നീങ്ങുമ്പോൾ കർഷകർ കോഴികൾക്ക് ഭാരം ഉണ്ടാക്കാൻ എന്ത് വഴിയും സ്വീകരിക്കുമെന്ന ആശങ്കയും സജീവമാണ്.

സംസ്ഥാനത്തേക്കെത്തുന്ന ഇറച്ചിക്കോഴികളിൽ തൂക്കം വർധിപ്പിക്കാൻ വിവിധ തരം ഹോർമോണുകൾ കുത്തിവയ്ക്കുന്നു എന്നാണ് കണ്ടെത്തലുകൾ. ചുരുങ്ങിയ കാലയളവിൽ തന്നെ കോഴിക്കുഞ്ഞുങ്ങളുടെ തടിയും തൂക്കവും പതിന്മടങ്ങ് വർധിപ്പിക്കാൻ വേണ്ടിയാണ് ഈസ്ട്രജനടക്കമുള്ള ഹോർമോണുകൾ കോഴികളിൽ കുത്തിവയ്ക്കുന്നത്. കോഴിക്കുഞ്ഞു വിരിഞ്ഞു പതിനാലാം ദിവസം ഇവയുടെ തൊലിക്കടിയിൽ ഇഞ്ചക്ഷൻ കൊടുക്കും. കാളയുടെ കൊഴുപ്പ്, ഇൻസ്ട്രജൻ ഹോർമോൺ, കെമിക്കൽ സ്റ്റെബിലൈസറുകൾ എന്നിവ അടങ്ങിയ ഇൻജക്ഷൻ നൽകുമ്പോൾ രണ്ടാഴ്ച കൊണ്ട് ഇറച്ചികോഴി കുഞ്ഞുങ്ങൾ ബലൂൺ പോലെ വീർക്കും. ഇതിനു നടക്കാനോ പറക്കാനോ പോലും കഴിയില്ല. ഇക്കാരണത്താൽ ഇരുപതു മുതൽ മുപ്പതു ദിവസം വരെ പ്രായമുള്ള കോഴികൾക്ക് രണ്ടര മുതൽ മൂന്നര കിലോ വരെ തൂക്കം വരും. ഒരു മാസത്തിനകം ഇത്തരം കോഴികളെ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കും. കാരണം നാൽപ്പത്തഞ്ചു ദിവസം കഴിഞ്ഞാൽ ഇൻഞ്ചക്ഷന്റെ വീര്യം കുറഞ്ഞു കോഴി ചത്തുപോകും

നാടൻ കോഴികളെ അപേക്ഷിച്ച് ബ്രോയിലർ കോഴികളുടെ ആയുസ് 45 മുതൽ 60 ദിവസം വരെയാണ്. 15 മുതൽ 45 ദിവസത്തിനുള്ളിലാണ് ഇവ പൂർണവളർച്ചയെത്തുന്നത്. സാധാരണ ഗതിയിൽത്തന്നെ കോഴികൾക്ക് 3 മുതൽ 4.5 കിലോഗ്രാം വരെ തൂക്കം വർധിക്കും. കുത്തിവയ്ക്കുന്നതോടൊപ്പം തന്നെ തീറ്റയോടൊപ്പം ചിലയിടങ്ങളിൽ തുരിശ് (കോപ്പർ സൾഫേറ്റ്) പോലുള്ള മിശ്രിതങ്ങൾ നൽകുന്നതായും ആരോപണമുണ്ട്. മണ്ണിൽ കാലങ്ങളോളം അലിയാതെ കിടക്കുന്ന വസ്തുകൂടിയായ തുരിശ് റബ്ബർ കൃഷി ചെയ്യുന്നവർ പട്ട ചീയാതിരിക്കാനായി ഉപയോഗിച്ചുവരുന്ന ലായനികൂടിയാണ്. തമിഴ്‌നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചില വൻകിട കോഴി ഫാമുകളിലാണ് ഇത്തരം ഹോർമോണുകൾ കൂടുതലായും കുത്തിവയ്ക്കുന്നത്. ഇത്തരം ഇറച്ചി കഴിക്കുന്നവരിൽ മാരകമായ അസുഖങ്ങൾ വരാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇറച്ചിക്കോഴികളുടെ തൂക്കം കൂട്ടുന്നതിനും തടിവയ്ക്കുന്നതിനുമായി വിവിധതരം ഹോർമോണുകൾ കുത്തിവയ്ക്കുന്നതായി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് അടുത്തിടെ നടത്തിയ പഠന റിപോർട്ടിൽ കണ്ടെത്തിയിരുന്നു. കൂടാതെ ആരോഗ്യ വെബ്‌സൈറ്റായ എത്ത്‌നിക് ഹെൽത്ത് കോർട്ട് വെബ്‌സൈറ്റും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കൗമാരപ്രായക്കാരായ കുട്ടികളിൽ അമിത ഹോർമോൺ വളർച്ചയ്ക്ക് ഇത്തരം ഇറച്ചികൾ കാരണമാവുന്നുണ്ട്. കുട്ടികളിൽ അമിത തൂക്കം വയ്ക്കുന്നതിനും ഹോർമോൺ കുത്തിവച്ച മാംസം കാരണമാവുന്നു. ഈ സാഹചര്യത്തിലാണ് കെപ്‌കോ കോഴികളിൽ മലയാളികൾ പ്രതീക്ഷ അർപ്പിച്ചത്. അതും അവസാനിക്കുകയാണ്.