കണ്ണൂർ: കൊട്ടിയൂർ പള്ളിയിൽവച്ച് ഫാദർ റോബിൻ വടക്കുംചേരി പലവട്ടം പീഡിപ്പിച്ചതായി പൊലീസിന് പെൺകുട്ടിയുടെ മൊഴി. ഗർഭിണിയായി പെൺകുട്ടി ചികിൽസയ്ക്ക് പോയപ്പോൾ രോഗബാധിതയായ പെൺകുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെന്നാണ് ബന്ധുക്കളോടും അയൽക്കാരോടും വീട്ടുകാർ പറഞ്ഞത്. ഇതും ഫാദറിന്റെ നിർദ്ദേശ പ്രകാരമായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ വൈദികൻ ശ്രമിച്ചെന്നും വൻതുക ഇവർക്ക് നൽകിയതായി സൂചനയുണ്ടെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അച്ഛനെ കൊണ്ട് ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുപ്പിക്കാനുള്ള ശ്രമം പൊളിഞ്ഞത് ചൈൽഡ് ലൈനിന്റെ ഇടപെടലോടെയാണ്.

അതിനിടെ സംഭവത്തിൽ കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ ഐ.ജെ.എം. ഹയർ സെക്കൻഡറി സ്‌കൂൾ മാനേജരുമായ ഫാ. റോബിൻ വടക്കുംചേരി കുറ്റം സമ്മതിച്ചു. കുട്ടിയുടെ പിതാവിനെ പ്രതിയാക്കാനും കേസ് പണം നൽകി ഒതുക്കിത്തീർക്കാനും ശ്രമിച്ചതായി പ്രതി വെളിപ്പെടുത്തി. തുടർന്നാണ് വൈദികനെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെത്തിച്ചു തെളിവെടുപ്പ് നടത്തിയത്. കനത്ത സുരക്ഷയിലാണു പ്രതിയെ പൊലീസ് തെളിവെടുപ്പിനെത്തിച്ചത്. നാട്ടുകാരെയോ ഇടവകക്കാെരയോ പള്ളിപ്പരിസരത്തേക്ക് പ്രവേശിക്കാൻ പൊലീസ് അനുവദിച്ചില്ല. ഇന്നലെ വൈകിട്ടോടെ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വിദ്യാർത്ഥിനി പ്രസവിച്ചതറിഞ്ഞ് ചാലക്കുടിയിലേക്കു പോയ ഫാ. റോബിൻ കാനഡയിലേക്കു മുങ്ങാൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച ഉച്ചയോടെയാണു പൊലീസ് പിടിയിലാകുന്നത്. കൂടുതൽ പെൺകുട്ടികൾ വൈദികന്റെ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. ജോലി വാഗ്ദാനം ചെയ്ത് പല പെൺകുട്ടികളെയും ഇയാൾ വിദേശത്തേക്ക് അയച്ചതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷണം നടത്തും. പോസ്‌കോ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പോസ്‌കോ ചുമത്തിയതിനാൽ വിചാരണ കഴിയുന്നത് വരെ പ്രതിക്ക് ജാമ്യം ലഭിക്കില്ല.

എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നാണ് ഇടവക വിശ്വാസികളോട് കഴിഞ്ഞ ഞായറാഴ്ചത്തെ കുർബാനയിൽ ഫാദർ പറഞ്ഞത്. അതിന് ശേഷമാണ് രാജ്യം വിടാൻ പദ്ധതി തയ്യാറാക്കിയത്. ദീപിക പത്രത്തിന്റെ ഉന്നത സ്ഥാനം വഹിച്ചിട്ടുള്ള ഫാദറിന് രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിന്റെ പിൻബലത്തിൽ കേസ് ഒതുക്കാനായിരുന്നു ശ്രമം. എന്നാൽ ചൈൽഡ് ലൈൻ അധികൃതരുടെ നിലപാട് എല്ലാം പൊളിച്ചു. അങ്ങനെയാണ് പൊലീസിന് കടുത്ത നിലപാടിലേക്ക് എത്തേണ്ടി വന്നത്. സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളും ഉന്നതരുടെ ഇടപെടൽ അപ്രസക്തമാക്കി.

വൈദികന്റെ നിർദ്ദേശത്തെത്തുടർന്ന് സഭയുടെ നിയന്ത്രണത്തിലുള്ള തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ആൺകുഞ്ഞിനാണു ജന്മം നൽകിയത്. നാട്ടുകാരിൽ ചിലർ രഹസ്യവിവരം നൽകിയതിനെത്തുടർന്ന് ചൈൽഡ്ലൈൻ പ്രവർത്തകർ ആശുപത്രിയിലെത്തി പെൺകുട്ടിയുമായി സംസാരിച്ചപ്പോഴാണ് വൈദികന്റെ ക്രൂരത പുറത്തായത്. ആദ്യം വൈദികനെതിരെ സംസാരിക്കാൻ പെൺകുട്ടി തയ്യാറായില്ല. എന്നാൽ അച്ഛൻ ജയിലിലാകുമെന്ന് പറഞ്ഞപ്പോൾ എല്ലാം സമ്മതിക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവം രഹസ്യമാക്കിയ സഭയുടെ നിയന്ത്രണത്തിലുള്ള കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിക്കെതിരേയും വൈദികനു രക്ഷപ്പെടാൻ അവസരം ഒരുക്കിയവർക്കെതിരേയും കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു.

അതിനിടെ പെൺകുട്ടിയുടെ പ്രസവം രഹസ്യമാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്നു വ്യക്തമാക്കി കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രി അധികൃതർ രംഗത്തെത്തി. കഴിഞ്ഞ ഏഴിനു രാവിലെ വയറുവേദനയുമായാണ് പെൺകുട്ടി അത്യാഹിത വിഭാഗത്തിൽ എത്തിയത്. ഡ്യൂട്ടി ഡോക്ടർ നടത്തിയ പരിശോധനയിലൂടെയാണ് പ്രസവ വേദനയാണെന്ന് മനസിലായതെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഉടൻ തന്നെ ലേബർ റൂമിൽ പ്രവേശിപ്പിച്ച പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി. പെൺകുട്ടിയുടെ അമ്മയാണ് ഒപ്പം ഉണ്ടായിരുന്നത്. പിന്നാലെ പിതാവും എത്തി. പ്രസവം നടന്ന് രണ്ടാം ദിവസം ഡിസ്ചാർജ് ചെയ്തു. അതിനു മുമ്പേ കുഞ്ഞിനെ കൊണ്ടു പോയിരുന്നു.

13ന് ആണ് കുട്ടിയുടെ ജനനം കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്തത്. വിവാഹം കഴിച്ചിട്ടില്ലെന്ന് മാതാപിതാക്കൾ അറിയിച്ചതനുസരിച്ച് അവിവാഹിത എന്നാണ് രേഖപ്പെടുത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ 18 വയസാണെന്ന് പറഞ്ഞതിനാൽ മറ്റെവിടെയും അറിയിച്ചില്ല. എന്നാൽ ചൈൽഡ് ലൈൻ പ്രവർത്തകർ ആശുപത്രയിലെത്തി കുട്ടിക്ക് പ്രായപൂർത്തിയാകാൻ ഏതാനും മാസങ്ങൾ കുടി ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. പ്രവർത്തകർ ആവശ്യപ്പെട്ട പ്രകാരം അവർക്ക് കുട്ടിയുടെ മേൽവിലാസമടങ്ങുന്ന വിവരങ്ങൾ നൽകിയതായും വാർത്താക്കുറിപ്പിൽ പറയുന്നു.