കൊച്ചി: ദിലീപിനെ കസ്റ്റഡിയിൽ വിടാനാകില്ലെന്നായിരുന്നു അഡ്വക്കേറ്റ് രാംകുമാറിന്റെ വാദം. മുതിർന്ന അഭിഭാഷകൻ തെളിവുകൾ കീറിമുറിച്ച് വാദമുയർത്തി. പ്രോസിക്യൂഷനെ പരിഹസിക്കുന്നതായിരുന്നു അവയിൽ ഏറെയും. ഇതെല്ലാം പരിഗണിച്ചാണ് മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷയിൽ ഒരു ദിവസത്തേക്ക് മാത്രം അനുവാദം ഹൈക്കോടതി നടത്തിയത്. ദിലീപിനായി രാംകുമാർ എത്തുമെന്ന് അറിഞ്ഞതോടെയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി സുരേശനെ നിയോഗിച്ചതും. സൗമ്യവധക്കേസിലൂടെ ശ്രദ്ധേയനായ സുരേശൻ രാംകുമാറിന്റെ വാദങ്ങളുടെ മുനയൊടിച്ചാണ് പൊലീസിന് താൽകാലിക ആശ്വാസം നൽകുന്നതും. കോടതി മുറിയിൽ രാംകുമാറും സുരേശനും പരസ്പരം ശക്തമായ വാദങ്ങളാണ് അവതരിപ്പിച്ചത്.

ഇന്ന് പൊലീസ് കസ്റ്റഡി അവസാനിക്കുന്നതുകൊണ്ടായിരുന്നു ദിലീപിനെ കോടതിയിൽ കൊണ്ടു വന്നത്. തെളിവെടുപ്പ് പൂർത്തിയായതിനാൽ കസ്റ്റഡിക്കായി പൊലീസ് ശ്രമിക്കില്ലെന്നായിരുന്നു പ്രതീക്ഷ. അങ്ങനെയെങ്കിൽ ജാമ്യ ഹർജിയിൽ കോടതി തീരുമാനം പറഞ്ഞേനേ. എന്നാൽ ദിലീപിന്റെ അഭിഭാഷകന് അപ്രതീക്ഷിത തിരിച്ചടി നൽകി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. ഈ സാഹചര്യത്തിൽ ജാമ്യ ഹർജിയുടെ സാധ്യത അട്ടിമറിക്കപ്പെട്ടു. കസ്റ്റഡി അപേക്ഷ തള്ളാൻ രാംകുമാർ അതിശക്തമായി തന്നെ വാദമുയർത്തി. കേസ് ഡയറി ഹജരാക്കാതെ പൊലീസ് കസ്റ്റഡി നൽകരുതെന്നായിരുന്നു പ്രധാന വാദം. എന്നാൽ സീൽ ചെയ്ത കവറിൽ കേസ് ഡയറി ഹാജരാക്കാൻ തയ്യാറാണെന്നായിരുന്നു സുരേശന്റെ വാദം.

തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായില്ലെന്നും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കണ്ടെത്തണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതി ചെയ്തത് ഗുരുതര കുറ്റമാണെന്നും വിശദീകരിച്ചു. എന്നാൽ ഒന്നാം പ്രതിയുടെ മൊബൈൽ ഒരിക്കലും പതിനൊന്നാം പ്രതിയിൽ നിന്ന് കിട്ടില്ല. അത് എടുത്തുകൊടുക്കേണ്ടത് പതിനൊന്നാം പ്രതിയുമല്ല. ഈ കേസിൽ ഒരു തെളിവുമില്ലെന്നും സാക്ഷികളില്ലാത്തതിനാൽ മാപ്പുസാക്ഷിയെ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും രാംകുമാർ കോടതിയെ ധരിപ്പിച്ചു. എല്ലാ തെളിവും ഉണ്ടെന്നും മറുപടി നൽകി. എല്ലാ വാദവും കേട്ട് ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ ദിലീപിനെ വിട്ടു. ജാമ്യ ഹർജി നാളെ പരിഗണിക്കാമെന്നും അറിയിച്ചു.

രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡി പൂർത്തിയായ സാഹചര്യത്തിലാണ് ദിലീപിനെ വീണ്ടും കോടതിയിൽ ഹാജരാക്കിയത്. രാവിലെ 10.45ഓടെയാണ് നടനെ കോടതിയിൽ എത്തിച്ചത്. തുടർന്ന് പൊലീസ് സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ വാദംകേട്ട കോടതി, കസ്റ്റഡി കാലാവധി നീട്ടുന്നതായി അറിയിക്കുകയായിരുന്നു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ എ.സുരേശൻ കോടതിയെ അറിയിച്ചു. യുവനടിയെ ഉപദ്രവിച്ച കേസിന്റെ ഗൂഢാലോചന സംബന്ധിച്ചു നടൻ ദിലീപുമായി പൊലീസ് ആദ്യഘട്ട തെളിവെടുപ്പു പൂർത്തിയാക്കിക്കഴിഞ്ഞു. തൃശൂരിലെ മൂന്നു ലൊക്കേഷനുകളിലാണ് ഇന്നലെ തെളിവെടുപ്പു നടത്തിയത്.

ക്രിമിനൽ നടപടിച്ചട്ടം അനുസരിച്ചു പകൽ വെളിച്ചത്തിൽ നടത്തേണ്ട തെളിവെടുപ്പു പൂർത്തിയാക്കി ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിൽ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ഇതിനു പിന്നാലെയാണ് രാവിലെ പത്തിന് അങ്കമാലി കോടതിയിൽ എത്തിച്ചത്. ദിലീപിന്റെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിച്ചിരുന്നു. അന്ന് ദിലീപിന്റെ അഭിഭാഷകന്റെ വാദം മാത്രമാണ് കേട്ടത്. പ്രോസിക്യൂഷന് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം അനുവദിക്കുകയും ചെയ്തു. കൂടുതൽ അന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

ജാമ്യം നൽകിയാൽ അത് കേസിനെയും തെളിവു ശേഖരണത്തെയും ബാധിക്കുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ദിലീപിനെതിരെ പ്രാഥമികമായ തെളിവുകൾ പോലുമില്ലെന്നും സംശയത്തിന്റെ പേരിൽ അറസ്റ്റ് പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ദിലീപിന്റെ കേസിൽ നടന്നതെന്നുമാണ് രാംകുമാറിന്റെ വാദം. പൊലീസിനെതിരെ പരാതികളൊന്നുമില്ലെന്ന് കോടതിയെ ദിലീപ് അറിയിച്ചു. ഇതും ശ്രദ്ധേയമായി. വൻ ജനതിരക്കാണ് അങ്കമാലി കോടതിയിൽ ഇന്നും കണ്ടത്. ദിലീപിനെ കൊണ്ടു വന്നപ്പോൾ കൂകലുകളും ഉയർന്നു. ദിലീപ് അനുകൂല പോസ്റ്ററുകളും കോടതി പരിസരത്ത് ഇന്നലെ രാത്രിയോടെ പ്രത്യക്ഷപ്പെട്ടിരുന്നു. കനത്ത സുരക്ഷാ വലയിത്തിലാണ് ദിലീപിനെ കോടതിയിൽ എത്തിച്ചത്.

പൊലീസ് കസ്റ്റഡി അനുവദിച്ചതോടെ ദിലീപിനെ പൊലീസ് ബസിൽ ആലുവ പൊലീസ് ക്ലബ്ബിലേക്ക് മാറ്റി. കേസിൽ വലിയ ആത്മവിശ്വാസമാണ് ഉള്ളതെന്ന് പ്രോസിക്യൂട്ടർ സുരേശനും പ്രതികരിച്ചു.