കൊച്ചി: സ്‌പൈസ് റൂട്ടുമായി ബന്ധമുള്ള കേരളത്തിലെ പ്രദേശങ്ങൾ ചരിത്രസ്മാരകങ്ങളായി വികസിപ്പിക്കാൻ യുനെസ്‌കോയുടെ സഹകരണം. സ്‌പൈസ് റൂട്ട് സംരക്ഷണത്തിനായി സംസ്ഥാന ടൂറിസം വകുപ്പും യുനെസ്‌കോയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. കൊച്ചി ബൊൾഗാട്ടി പാലസിൽ നടന്ന ചടങ്ങിൽ സംസ്ഥാന ടൂറിസം സെക്രട്ടറി സുമൻ ബില്ലയും യുനെസ്‌കോ ഡയറക്ടർ ഷിഗേരു അയോഗിയും ചേർന്ന് ധാരണാപത്രം ഒപ്പുവച്ചു. മന്ത്രി എ.പി. അനിൽകുമാർ സന്നിഹിതനായിരുന്നു.

സംസ്ഥാനത്തെ പൈതൃക നഗരങ്ങളുടെ പുനരുജ്ജീവനം, സംരക്ഷണം, സാംസ്‌കാരിക തനിമ നിലനിറുത്തൽ, പൈതൃക കേന്ദ്രങ്ങൾ ഏകോപിപ്പിച്ചുള്ള ടൂറിസം പദ്ധതികൾ, കേരള ടൂറിസത്തിന്റെ പ്രചാരണം എന്നിവയാണ് യുനെസ്‌കോയുമായുള്ള സഹകരണത്തിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ രാജ്യങ്ങളുടെ സഹകരണവും ടൂറിസം വകുപ്പ് ഉറപ്പുവരുത്തും.

പുരാതന കാലത്ത് കേരളം സുഗന്ധവ്യഞ്ജന വ്യാപാരവുമായി ബന്ധപ്പെട്ടിരുന്ന മറ്റു രാജ്യങ്ങളുമായി ബന്ധം പുനഃസ്ഥാപിക്കുന്ന പദ്ധതി ആവിഷ്‌കരണത്തിനും സംസ്ഥാന സർക്കാരും യുനെസ്‌കോയും ഒന്നിച്ചു പ്രവർത്തിക്കും. നഗര പ്രദേശങ്ങൾ ഉൾപ്പെടെ കേരളത്തിലെ വിവിധ സ്ഥലങ്ങൾ ചരിത്രപരമായി സ്‌പൈസ് ടൂറിസവുമായി ബന്ധമുള്ളവയാണ്. കരാറിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങൾ ചരിത്ര സ്മാരകങ്ങളായി വികസിപ്പിക്കും.

ചരിത്രപരമായി ആഗോള തലത്തിൽ മുഖ്യസ്ഥാനമുള്ള കേരളവും യുനെസ്‌കോയുമായുള്ള സഹകരണം സംസ്ഥാന  ടൂറിസം മേഖലയ്ക്ക്  പുത്തൻ ഉണർവ് സമ്മാനിക്കുമെന്ന് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. കരാർ തയ്യാറാക്കുന്നതിന്റെ ഭാഗമായി മട്ടാഞ്ചേരിയടക്കമുള്ള കേരളത്തിലെ ചരിത്ര പ്രധാന സ്ഥലങ്ങൾ  യുനെസ്‌കോ സംഘം സന്ദർശിച്ചിരുന്നു. ആദ്യഘട്ടം യുനെസ്‌കോയുടെ സഹായത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു.