നിയമസഭയുടെ ആദ്യ സമ്മേളനം 24 ന് ചേരാൻ ആലോചന; അന്തിമ തീരുമാനം കോവിഡ് വ്യാപനവും ലോക്ഡൗൺ സാഹചര്യവും വിലയിരുത്തിയ ശേഷം; യോഗം ചേർന്നാൽ എംഎൽ എമാരുടെ സത്യപ്രതിജ്ഞയും അന്ന് നടക്കും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം 24 നു ചേരാനും 28 നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടത്താനും ആലോചന. 24 നു സഭ ചേർന്നാൽ പുതിയ എംഎൽഎമാർ അന്നു സത്യപ്രതിജ്ഞ ചെയ്യും.
കോവിഡ് വ്യാപനവും ലോക്ഡൗൺ സാഹചര്യവും വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം. 28 നു ശേഷം നിയമസഭ ചേരണമോ എന്നു കക്ഷി നേതാക്കളുടെ യോഗം തീരുമാനിക്കും. 20 ന് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത ശേഷം ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണു നിയമസഭ ചേരുന്നതും എംഎൽഎമാരുടെ സത്യപ്രതിജ്ഞയും മറ്റും തീരുമാനിക്കുക.
പ്രോടേം സ്പീക്കറെയും മന്ത്രിസഭ തീരുമാനിക്കും. പ്രോടേം സ്പീക്കർ ഗവർണറുടെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്യും. തുടർന്ന് അദ്ദേഹമാണു നിയുക്ത എംഎൽഎമാർക്കു സത്യവാചകം ചൊല്ലിക്കൊടുക്കുക. 25 നു സ്പീക്കർ തിരഞ്ഞെടുപ്പു നടത്താനും ആലോചനയുണ്ട്.
വീണ ജോർജിന്റെ പേരാണു സ്പീക്കർ സ്ഥാനത്തേക്കു സജീവമായി കേൾക്കുന്നത്. മുൻ മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ, എ.സി.മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരെയും പരിഗണിക്കുന്നുണ്ട്. പുതുക്കിയ ബജറ്റ് അടക്കമുള്ളവ നിയമസഭയിൽ അവതരിപ്പിക്കണം. എന്നാൽ എൽഡിഎഫ് ഭരണം തുടരുന്ന സാഹചര്യത്തിൽ പേരിനു മാത്രമുള്ള ബജറ്റാകും അവതരിപ്പിക്കുകയെന്ന് അറിയുന്നു.
മറുനാടന് മലയാളി ബ്യൂറോ