- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നിയമസഭാ കമ്മിറ്റിക്ക് ഇഡി നൽകിയ മറുപടി എങ്ങനെ ചോർന്നു? വിശദീകരണം ആവശ്യപ്പെട്ട് ഇഡിക്ക് വീണ്ടും എത്തിക്സ് കമ്മിറ്റി നോട്ടീസ് അയക്കുമ്പോൾ ലക്ഷ്യം തുറന്ന പോരുതന്നെ; എ്ൻഫോഴ്സ്മെന്റിനെ വെറുതേ വിടില്ലെന്ന വാശിയിൽ സിപിഎം; ഏതു ഫയലും പരിശോധിക്കാൻ അധികാരമുണ്ടെന്ന വിശദീകരണവും തള്ളിയേക്കും
തിരുവനന്തപുരം: സിപിഎമ്മിനെ രാഷ്ട്രീയമായി വിവാദത്തിൽ ആക്കിയ എൻഫോഴ്സ്മെന്റിനോട് നേരിട്ടു ഏറ്റുമുട്ടാൻ ഒരുങ്ങി സിപിഎം. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം നിയമസഭാ എത്തിക്സ് കമ്മിറ്റി ഇഡിക്ക് വീണ്ടും നോട്ടീസ് അയക്കാൻ തീരുമാനിച്ചത്. ലൈഫ് മിഷൻ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) വീണ്ടും നോട്ടിസ് അയയ്ക്കാൻ നിയമസഭ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചു. കമ്മിറ്റിക്ക് ഇഡി നൽകിയ മറുപടി ചോർന്നതിനു വിശദീകരണം ആവശ്യപ്പെട്ടാണു നോട്ടിസ് നൽകുക.
നിയമസഭാ സെക്രട്ടറിക്ക് നൽകിയ മറുപടി അദ്ദേഹത്തിന് ലഭിക്കും മുമ്പേ മാധ്യമങ്ങളിലൂടെ പുറത്തുവന്നു എന്നാണ് സഭാ സമിതിയുടെ വിലയിരുത്തൽ. ഇത് സഭയെ അവഹേളിക്കുന്നതിന് തുല്യമാണ്. ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് എത്തിക്സ് കമ്മിറ്റി ആവശ്യപ്പെടുക. ഇഡിയോട് വിശദീകരണം ചോദിച്ചതിന് ഒപ്പം ലൈഫുമായി ബന്ധപ്പെട്ട റിപ്പോർട്ട് തദ്ദേശ വകുപ്പിനോടും സഭാസമിതി തേടിയിരുന്നു. വൈകാതെ മറുപടി നൽകാമെന്ന് തദ്ദേശ വകുപ്പ് സഭാ സമിതിയെ അറിയിച്ചിട്ടുണ്ട്. ആ മറുപടി ലഭിച്ച ശേഷം ഇഡിയുടെ വിശദീകരണം സമിതി പരിശോധിക്കും.
ഏതു ഫയലും പരിശോധിക്കാൻ അധികാരമുണ്ടെന്ന് ഇഡി നൽകിയ വിശദീകരണം കമ്മിറ്റി പരിഗണിച്ചില്ല. അന്വേഷണം സംബന്ധിച്ചു സർക്കാർ നിലപാടു കൂടി അറിഞ്ഞശേഷം ഇഡിയുടെ വിശദീകരണം പരിഗണിച്ചാൽ മതിയെന്നാണു തീരുമാനം. ഇഡിയുടെ അന്വേഷണം നിയമസഭയുടെ അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണെന്നു ചൂണ്ടിക്കാട്ടി എത്തിക്സ് കമ്മിറ്റി അധ്യക്ഷൻ കൂടിയായ ജയിംസ് മാത്യുവാണു പരാതി നൽകിയത്.
ഈ പരാതിയിൽ വിശദീകരണം തേടി അയച്ച നോട്ടിസിനു ഇഡി നൽകിയ മറുപടി മാധ്യമങ്ങളിൽ വന്നതിൽ കമ്മിറ്റി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷം കമ്മിറ്റിയുടെ നിലപാടിൽ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ഇല്ലാത്ത അധികാരം ഉപയോഗിക്കാനും ഇഡി അന്വേഷണം അട്ടിമറിക്കാനുമാണു സർക്കാരും ഭരണപക്ഷ അംഗങ്ങളും ശ്രമിക്കുന്നതെന്നു കമ്മിറ്റി അംഗമായ അനൂപ് ജേക്കബ് കുറ്റപ്പെടുത്തി.
ധനമന്ത്രി തോമസ് ഐസക്കിന് എതിരേയുള്ള അവകാശലംഘന നോട്ടീസ് പരിഗണിക്കാത്തതിലെ പ്രതിഷേധവും പ്രതിപക്ഷം അറിയിച്ചു. സ്പീക്കർക്ക് നൽകിയ പരാതി ഇതു വരെയും എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ലഭിച്ചിട്ടില്ല എന്നായിരുന്നു ചെയർമാൻ എ പ്രദീപ് കുമാറിന്റെ മറുപടി. എം സി കമറുദ്ദീന് എതിരെയുള്ള പരാതിയിൽ എം.രാജഗോപാലൻ എംഎൽഎയുടെ മൊഴി എത്തിക്സ് കമ്മിറ്റി രേഖപ്പെടുത്തി. രാജഗോപാലൻ ഹാജരാക്കിയ തെളിവുകളും പരിശോധിച്ചു. ജയിൽമോചിതനായ ശേഷം ഖമറുദ്ദീന്റെ മൊഴിയെടുക്കും.
മറുനാടന് മലയാളി ബ്യൂറോ