തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് പുതിയ എംഎ‍ൽഎമാരുടെ സത്യപ്രതിജ്ഞയോടെ തുടക്കമായി. ഇന്ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കി സഭ നാളേക്ക് പിരിഞ്ഞു. നാളെയാണ് സ്പീക്കർ തിരഞ്ഞെടുപ്പു നടക്കുക. പ്രോ ടെം സ്പീക്കർ അഡ്വ. പി.ടി.എ. റഹീം മുമ്പാകെയാണ് പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത്. മുസ്‌ലിം ലീഗ് അംഗവും വള്ളിക്കുന്ന് പ്രതിനിധിയുമായ അബ്ദുൽ ഹമീദ് മാസ്റ്ററാണ് അക്ഷരമാലാ ക്രമത്തിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ആബിദ് ഹുസൈൻ തങ്ങളും അഹമ്മദ് ദേവർകോവിലും സത്യപ്രതിജ്ഞ ചെയ്തു.

മഞ്ചേശ്വരത്ത് നിന്നുള്ള എ.കെ.എം അഷ്‌റഫ് കന്നഡയിലും പാലായിൽ നിന്നുള്ള മാണി സി. കാപ്പൻ, മൂവാറ്റുപ്പുഴയിൽ നിന്നുള്ള മാത്യു കുഴൽനാടൻ എന്നിവർ ഇംഗ്ലീഷിലും ദേവികുളത്തിൽ നിന്നുള്ള എ. രാജ തമിഴിലും സത്യവാചകം ചൊല്ലി. മുസ് ലിം ലീഗ് അംഗമായ എം.കെ. മുനീറും സിപിഎം അംഗങ്ങളായ ആന്റണി ജോണും ദലീമ ജോജോയും വീണാ ജോർജ്ജും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

വടകരയിൽ നിന്നും സഭയിലെത്തിയ ആർ.എംപി അംഗം കെ.കെ. രമ സത്യപ്രതിജ്ഞ ചെയ്തത് പാർട്ടി സ്ഥാപകനും ഭർത്താവുമായ ടി.പി. ചന്ദ്രശേഖരന്റെ ചിത്രം പതിച്ച ബാഡ്ജ് ധരിച്ചാണ്. സഗൗരവ പ്രതിജ്ഞയാണ് കെ.കെ. രമ എടുത്തത്. താനൂർ എംഎ‍ൽഎ വി. അഹ്ദുറഹ്മാൻ വിശ്രമത്തിലായതിനാൽ ഇന്ന് സഭയിൽ ഹാജരായില്ല. എം. വിൻസെന്റ്, നെന്മാറ എംഎൽഎ കെ. ബാബു എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല. വടക്കാഞ്ചേരി എംഎ‍ൽഎ സേവ്യർ ചിറ്റിലപ്പള്ളിയാണ് അവസാനം സത്യപ്രതിജ്ഞ ചെയ്തത്.

ചൊവ്വാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. ഭരണമുന്നണി സ്ഥാനാർത്ഥി എം.ബി. രാജേഷാണ്. പ്രതിപക്ഷത്തു നിന്നും പി സി വിഷ്ണനാഥാണ് മത്സരിക്കുക. 26-നും 27-നും സഭ ചേരില്ല. 28-ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ അവസാന നയപ്രഖ്യാപനം. സർക്കാർ തുടരുന്നതിനാൽ ആ പ്രഖ്യാപനങ്ങൾതന്നെ ആവർത്തിക്കുമോ, പുതിയ പരിപാടികൾ പ്രഖ്യാപിക്കുമോ എന്നാണ് അറിയാനുള്ളത്.

പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ജൂൺ നാലിന് അവതരിപ്പിക്കും. ജൂൺ 14 വരെ 14 ദിവസം സമ്മേളനത്തിന് തീരുമാനിച്ചിട്ടുണ്ടെങ്കിലും കോവിഡ് സാഹചര്യം വിലയിരുത്തിയാവും കാര്യങ്ങൾ. പതിന്നാലാം കേരളനിയമസഭയിലെ 75 പേർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിനു മുമ്പുള്ള മറ്റു നിയമസഭകളിൽ അംഗമായിരുന്ന 12 പേരും ഈ സഭയിലുണ്ട്. ഉമ്മൻ ചാണ്ടിയാണ് സീനിയർ. അദ്ദേഹം 12-ാം തവണയാണ് തുടർച്ചയായി സഭയിലെത്തുന്നത്.

പുതുതായി എത്തുന്നവർക്ക് സഭാ നടപടികൾ പരിചയപ്പെടുത്തേണ്ടതുണ്ട്. ഇവരെ ഒരുമിച്ചിരുത്തുന്നത് ഒഴിവാക്കാൻ പഠനം ഓൺലൈനിലാക്കിയാലോ എന്ന് നിയമസഭാ സെക്രട്ടേറിയറ്റ് ആലോചിക്കുന്നുണ്ട്.