- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രത്തെ നോക്കി ഓർഡിനൻസ് രാജെന്ന് വിമർശനം; എന്നിട്ടും ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ചത് കേരളം! കൂടുതൽ ദിവസം സമ്മേളിക്കുന്ന നിയമസഭയും മൃഗീയ ഭൂരിപക്ഷവും ഉണ്ടായിട്ടും വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യാൻ സർക്കാറിന് മടി; ഓർഡിനൻസ് വഴിയിൽ നീങ്ങുന്ന സർക്കാറിന്റെ ലക്ഷ്യമെന്ത്?
ന്യൂഡൽഹി: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാറിനെതിരെ ഓർഡിനൻസ് രാജെന്ന വിമർശനം ഉയർത്തുന്നവരിൽ മുന്നിലാണ് സിപിഎമ്മുകാർ. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇക്കാര്യം പലതവണ പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും, സ്വന്തം കാര്യം വരുമ്പോൾ തോന്നിയതു പോലെയാണ് കേരളത്തിലെ കാര്യങ്ങൾ. രാജ്യത്ത് ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ച സംസ്ഥാനം കേരളമാണെന്നതാണ് പുറത്തുവരുന്ന വിവരം.
രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസം സമ്മേളനിക്കുന്ന നിയമസഭ കേരളത്തിന്റേത് ആയിട്ടും ഭരിക്കാൻ ആവശ്യമായ മൃഗീയ ഭൂരിപക്ഷം ഉണ്ടായിട്ടുമാണ് കേരളത്തിൽ ഇത്രയും അധികം ഓർഡിനൻസുകൾ ഇറക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇതിന് പിന്നിൽ വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യാനുള്ള വൈമുഖ്യമാണെന്നാണ് പൊതുവേ ഉയരുന്ന വിമർശനം. ഡൽഹിയിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പിആർഎസ് ലെജിസ്ലേറ്റീവിന്റെ പഠനറിപ്പോർട്ടിലാണ് രാജ്യത്തെ ഏറ്റവും അധികം ഓർഡിനൻസിലൂടെ ഭരണം നടത്തുന്നത് കേരളമാണെന്ന് വ്യക്തമാകുന്നത്. നിയമസഭ ചേരാത്ത സമയങ്ങളിൽ, പ്രത്യേക സാഹചര്യം പരിഗണിച്ച് ഗവർണറുടെ അംഗീകാരത്തോടെ പുറപ്പെടുവിക്കുന്ന നിയമങ്ങളാണ് ഓർഡിനൻസുകൾ. തൊട്ടടുത്ത സഭാ സമ്മേളനം തുടങ്ങി 6 ആഴ്ചയ്ക്കുള്ളിൽ ഇതിന് അംഗീകാരം നൽകിയിരിക്കണമെന്നാണ് വ്യവസ്ഥ.
കഴിഞ്ഞ വർഷം 61 ദിവസം കേരള നിയമസഭ ചേർന്നിട്ടും 144 ഓർഡിനൻസുകളാണ് പുറത്തിറക്കിയത്. കഴിഞ്ഞ 15 വർഷത്തിനിടയിൽ കേരള നിയമസഭ ഏറ്റവുമധികം ദിവസം ചേർന്നതും കഴിഞ്ഞ വർഷമായിരുന്നു. അതേസമയം, മറ്റ് സംസ്ഥാനങ്ങൾ കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഓർഡിനൻസുകളുടെ ശരാശരി എണ്ണം വെറും അഞ്ചാണ്. എണ്ണത്തിൽ രണ്ടാമതുള്ള ആന്ധ്രപ്രദേശ് ആകെ കൊണ്ടുവന്നത് 20 ഓർഡിനൻസ് ആണ്. 8 ദിവസം മാത്രമാണ് ആന്ധ്രയിൽ കഴിഞ്ഞ വർഷം സഭ സമ്മേളിച്ചത്.
60 ദിവസത്തിലധികം സഭ ചേർന്ന ഏക സംസ്ഥാനമായിട്ടും നിയമങ്ങൾ ഓർഡിനൻസ് ആയി കൊണ്ടുവരുന്ന രീതി കേരളത്തിൽ വളരെ കൂടുതലാണെന്ന് കണക്ക് വ്യക്തമാക്കുന്നു. 144 ഓർഡിനൻസുകളിൽ 130 എണ്ണവും പുറപ്പെടുവിച്ചത് നിയമസഭാ സെഷനുകൾ കഴിഞ്ഞ് 4 ആഴ്ചയ്ക്കുള്ളിലാണ്. ഇതിൽ തന്നെ 49 എണ്ണം ഇറങ്ങിയത് സെഷൻ കഴിഞ്ഞ് വെറും 2 ആഴ്ചയ്ക്കുള്ളിലും. സെഷനുകൾ തുടങ്ങുന്നതിന്റെ തലേ മാസം പുറപ്പെടുവിച്ചത് 4 ഓർഡിനൻസാണ്.
2016-2021 കാലയളവിൽ രാജ്യത്തെ നിയമസഭകൾ സമ്മേളിച്ചതിന്റെ ശരാശരിയെടുത്താൽ കേരളം മുന്നിലാണെന്ന് വ്യക്തമാകും. പ്രതിവർഷം 49 ദിവസം സഭ ചേർന്നു. മറ്റ് സംസ്ഥാനങ്ങളുടെ ഇത് 25 മാത്രമാണെന്നതും ശ്രദ്ധേയമാണ്. ഓരോ വർഷവും സംസ്ഥാന നിയമസഭകൾ സമ്മേളിക്കുന്ന ദിവസങ്ങളുടെ എണ്ണത്തിൽ ഇടിവുണ്ടായി. 2016ൽ ശരാശരി സമ്മേളന ദിവസങ്ങൾ 30 ആയിരുന്നത് കഴിഞ്ഞ വർഷം 23 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം 36 ബില്ലുകളാണ് കേരളം പാസാക്കിയത്. ബില്ലുകളുടെ എണ്ണത്തിൽ നാലാമത്. ഏറ്റവും കൂടുതൽ ബില്ലുകൾ കർണാടകയിൽ (47). ഗുജറാത്ത്, ബംഗാൾ, പഞ്ചാബ്, ബിഹാർ അടക്കം 8 സംസ്ഥാനങ്ങൾ 2021ൽ എല്ലാ ബില്ലുകളും അവതരിപ്പിച്ച് അതേ ദിവസം തന്നെ പാസാക്കി. കേരളത്തിൽ 97 ശതമാനം ബില്ലുകൾ പാസാക്കാനും ശരാശരി 5 ദിവസത്തിലധികം സമയമെടുക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ