- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മാതാക്കളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ മാത്രം നിർമ്മാണം; പറഞ്ഞ വാക്കുപാലിച്ചില്ലെങ്കിൽ കേസ്; കൈമാറ്റം വൈകിയാൽ നഷ്ടപരിഹാരം; അഡ്വാൻസ് വാങ്ങണമെങ്കിൽ മുൻകൂർ അനുമതി: ഇന്നലെ പാസായ റിയൽ എസ്റ്റേറ്റ് ബില്ലും പ്രവാസികൾക്ക് ഗുണകരമാകും
തിരുവനന്തപുരം: ഓരോ ദിവസം പ്രവാസികൾക്ക് ഗുണകരമായ രണ്ട് നിയമങ്ങളാണ് ഉമ്മൻ ചാണ്ടി സർക്കാർ പാസാക്കിയത്. എൻആർഐ കമ്മീഷന് പുറമേ റിയൽ എസ്റ്റേറ്റ് ബില്ലും ലക്ഷ്യമിടുന്നത് പ്രവാസികളെ ചൂഷണം ചെയ്യപ്പെടുന്നത് ഒഴിവാക്കാനാണ് എന്നാണ് സർക്കാറിന്റെ അവകാശവാദം. വിശ്വസിക്കാൻ പറ്റിയ സ്‌കീമുകളാണ് പുതിയ റിയൽ എസ്റ്റേറ്റ് ബില്ലിൽ ഉള്ളത്. പുതിയ ബിൽ പാ
തിരുവനന്തപുരം: ഓരോ ദിവസം പ്രവാസികൾക്ക് ഗുണകരമായ രണ്ട് നിയമങ്ങളാണ് ഉമ്മൻ ചാണ്ടി സർക്കാർ പാസാക്കിയത്. എൻആർഐ കമ്മീഷന് പുറമേ റിയൽ എസ്റ്റേറ്റ് ബില്ലും ലക്ഷ്യമിടുന്നത് പ്രവാസികളെ ചൂഷണം ചെയ്യപ്പെടുന്നത് ഒഴിവാക്കാനാണ് എന്നാണ് സർക്കാറിന്റെ അവകാശവാദം. വിശ്വസിക്കാൻ പറ്റിയ സ്‌കീമുകളാണ് പുതിയ റിയൽ എസ്റ്റേറ്റ് ബില്ലിൽ ഉള്ളത്. പുതിയ ബിൽ പാസായതോടെ ഫ്‌ലാറ്റ് നിർമ്മാതാക്കൾ കൂടുതൽ ജാഗരൂകരാകേണ്ടി വരും. നിർമ്മാണം മുതൽ കൈമാറ്റം വരെയുള്ള ഘട്ടങ്ങളിൽ സൂക്ഷ്മത എടുത്തില്ലെങ്കിൽ ഫ്‌ലാറ്റ് വാങ്ങുന്നവർക്ക് അനുകൂലമാകും കാര്യങ്ങൾ എന്ന വിധത്തിലാണ് നിയമം നിർമ്മിക്കപ്പെട്ടത്.
റിയൽ എസ്റ്റേറ്റ് മേഖലയിലെ ചൂഷണങ്ങൾ തടയുന്ന വിധത്തിലുള്ളബില്ലിൽ പ്രധാനമായും പറയുന്നത് ഫ്‌ലാറ്റ് നിർമ്മാതാക്കൾ സ്വന്തം സ്ഥലത്ത് മാത്രമേ കെട്ടിടസമുച്ഛയം നിർമ്മിക്കാവൂ എന്നാണ്. നിലവിൽ മറ്റുള്ളവരുടെ പേരിലുള്ള സ്ഥലങ്ങളിൽ നിർമ്മാണം നടത്തുന്ന സംഭവങ്ങൾ കൂടുതലാണ്. ഇത് കൂടാതെ ഫ്‌ലാറ്റുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും വിൽപ്പനയും രണ്ട് വർഷത്തെ പരിപാലനും നിയമസത്തിന്റെ പരിധിയിൽ വരും. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രത്യേക അപ്പലേറ്റ് ട്രിബ്യൂണലും രൂപീകരിക്കുന്നത് പ്ലാറ്റ് വാങ്ങുന്നവർക്ക് ഏറെ ഗുണകരമാകും.
ബിൽ പാസായതോടെ സംസ്ഥാനത്തെ ഭുമിയിടപാടുകളും ഫ്ളാറ്റുകളുടെയും വീടുകളുടെയും വിൽപനയും പരിപാലനവും അടക്കമുള്ള കാര്യങ്ങൾ നിയമ വിധേയമാകും. ഒരു വർഷത്തോളമായി റിയൽ എസ്റ്റേറ്റ് ഓർഡിനൻസ് നിലവിലുണ്ട്. കഴിഞ്ഞ സഭാസമ്മേളനത്തിൽ അവതരിപ്പിക്കാനിരുന്നതാണെങ്കിലും കഴിഞ്ഞില്ല. നിർമ്മാണത്തിനുള്ള അനുമതിയും രേഖകളുമില്ലാതെ പരസ്യം നൽകി ആവശ്യക്കാരിൽനിന്ന് പണം തട്ടുന്നത് തടയാൻ പുതിയ നിയമം വഴിയൊരുക്കും. കരാർ പ്രകാരമുള്ള സൗകര്യങ്ങൾ കെട്ടിടത്തിൽ ഏർപ്പെടുത്താതിരിക്കുക, നിലവാരം കുറഞ്ഞ സാധന സാമഗ്രികൾ ഉപയോഗിക്കുക, നിശ്ചിത സമയത്തിനകം നിർമ്മാണം പൂർത്തീകരിച്ച് കൈമാറാതിരിക്കുക, അംഗീകൃത പ്ലാനിൽനിന്ന് വ്യതിചലിച്ച് നിർമ്മാണം നടത്തുക, ബിൽഡറുടെ ഉടമസ്ഥതയിലല്ലാത്ത ഭൂമിയിൽ നിർമ്മാണം നടത്തുക, മതിയായ പാർക്കിങ് സൗകര്യം ഏർപ്പെടുത്താതിരിക്കുക തുടങ്ങിയ പരാതികൾക്കുള്ള പരിഹാരമാണ് നിയമ നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഫലാറ്റുകൾ, വാണിജ്യസ്ഥാപനങ്ങൾ, ബിസിനസ്സ്, ഐ ടി, ഐ ടി ഇ എസ് കെട്ടിടങ്ങൾ തുടങ്ങിയവ വിൽക്കുന്നതിന് വേണ്ടി ഉപഭോക്താക്കളിൽനിന്ന് മുൻകൂർ പണം സ്വീകരിക്കണമെങ്കിൽ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം. നിർമ്മാണം നടത്തുന്നവരുടെ സാമ്പത്തികവും സാങ്കേതികവുമായ വിശദാംശങ്ങൾ അഥോറിറ്റിയെ അറിയിക്കണം. നിർമ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും വിശദമായ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തണം. പണം സ്വീകരിക്കുന്നതിനായി പരസ്യം ചെയ്യണമെങ്കിൽ അഥോറിറ്റിയുടെ റജിസ്‌ട്രേഷൻ നിർബന്ധമാക്കും. കെട്ടിടം വാങ്ങുന്നയാൾ കരാറിൽ നിന്ന് അന്യായമായി വ്യതിചലിച്ചാൽ നിർമ്മാതാക്കൾക്ക് ട്രിബ്യൂണലിനെ സമീപിക്കാനും അവസരമുണ്ട്.
ഫ്‌ലാറ്റുകൾ ഉടമകൾക്ക് യഥാസമയം കൈമാറുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്. കെട്ടിട നിർമ്മാത്തിനുള്ള പെർമിറ്റ്, ഭൂമിയുടെ കൈവശാവകാശ രേഖ, ബന്ധപ്പെട്ട മറ്റ് രേഖകൾ തുടങ്ങിയവ അഥോറിറ്റിയിൽ സമർപ്പിച്ച് റജിസ്‌ട്രേഷൻ വാങ്ങിയശേഷമെ ഇത്തരം ഇടപാടുകൾ നടത്താൻ അനുവാദമുള്ളൂ. അഥോറിറ്റിയുടെ തീരുമാനങ്ങൾക്കോ ഉത്തരവുകൾക്കോ എതിരെയുള്ള അപ്പീലുകൾ പരിഗണിച്ച് തീർപ്പാക്കുകയാണ് റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയുടെ ചുമതലയെന്നും ബിൽ അനുശാസിക്കുന്നു.
ബില്ലിൽ കൊണ്ടിവന്ന 85 ഭേദഗതി സർക്കാർ അംഗീകരിച്ചു. വീട്, ഫ്‌ളാറ്റ്, ഓഫീസ് ,കടകൾ തുടങ്ങി വിൽപനയ്ക്കായി നിർമ്മിക്കുന്ന 12 യൂണിറ്റിന് മുകളിലുള്ള എല്ലാ കെട്ടിടങ്ങൾക്കും നിയമം ബാധകമാണെന്ന് ബിൽ അവതരിപ്പിച്ച നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. സ്ഥലം മാത്രം കൈമാറുന്ന ഇടപാടുകൾ ബില്ലിന്റെ പരിധിയിൽ വരില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അഴിമതിക്കുള്ള വഴിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഊഹക്കച്ചവടക്കാരെ നിയന്ത്രിക്കാൻ ബില്ലിൽ വ്യവസ്ഥയില്ലെന്നും പ്രതിപക്ഷം പറഞ്ഞു. നിർമ്മാതാക്കൾക്ക് തോന്നും പോലെ വിലയിടാൻ അനുവദിക്കുന്നതുമാണ് ബില്ലെന്ന് ചർച്ചയിൽ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. റിയൽ എസ്‌റ്റേറ്റ് മേഖലയെ സർക്കാരിന്റെ കറവപ്പശുവാക്കാനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളതെന്നും കോടതിയെ സമീപിച്ചാൽ പല വ്യവസ്ഥകളും തള്ളിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.
തട്ടിപ്പുകാരായ നിർമ്മാതാക്കളിൽ നിന്ന് ഫ്‌ളാറ്റിനു പണം നൽകുന്നവർക്ക് സംരക്ഷണം ഉറപ്പാകുന്ന ബില്ലാണിതെന്ന് കെ.ശിവദാസൻ നായർ പറഞ്ഞു. നിർമ്മിക്കാൻ പോകുന്ന ഫ്‌ളാറ്റിനെ കുറിച്ചുള്ള പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടെന്ന് ബിൽ ഉറപ്പാക്കുന്നു. ഫ്‌ളാറ്റ് നിർമ്മാണത്തിന് അനുമതി നൽകും മുമ്പ് പ്രകൃതിസംരക്ഷണം ഉറപ്പാക്കാൻ വ്യവസ്ഥ വേണമെന്ന് മുല്ലക്കര രത്‌നാകരൻ ആവശ്യപ്പെട്ടു. കെ. വിജയദാസ് ,പി.ടി.എ.റഹിം, കെ.വിജയൻ.പി.കെ.ബഷീർ, കെ.കുഞ്ഞിരാമൻ (തൃക്കരിപ്പൂർ) എന്നിവരും ചർച്ചയിൽ പങ്കെടുത്തു.