- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2011ൽ പത്തനംതിട്ടയിലെ ആകെ സീറ്റുകളുടെ എണ്ണം എട്ടിൽ നിന്നും അഞ്ചായി കുറഞ്ഞപ്പോൾ മലപ്പുറം 12ൽ നിന്നും 16ലേക്ക് ഉയർന്നു; തൃശ്ശൂരിനും കൊല്ലത്തിനും ആലപ്പുഴക്കും കോട്ടയത്തിനും ഓരോന്നും കുറഞ്ഞപ്പോൾ മലബാർ ജില്ലകളിൽ എല്ലാം വർധന; അഞ്ചു ജില്ലകളിൽ ആകെയുള്ള സീറ്റുകളുടെ പകുതിയും
തിരുവനന്തപുരം: വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പു വരുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിന്റെ ദിശനിർണയിക്കുന്നതിൽ ഏറ്റവും പ്രധാനമാകുക അ്ഞ്ച് ജില്ലകളാണ്. സംസ്ഥാനത്തെ ആകെ നിയോജക മണ്ഡലത്തിന്റെ പകുതിയും നിയോജക മണ്ഡലങ്ങൾ ഈ അഞ്ച് ജില്ലകളിലായി ചിതറികിടക്കുമ്പോൾ ഇവിടങ്ങളിലെ റിസൽട്ട് ഏറെ നിർണായകമാകും. മലപ്പുറം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂർ എന്നിവയാണ് ആ കരുത്തൻ ജില്ലകൾ. ഈ ജില്ലകളിലായി ആകെയുള്ളത് 70 സീറ്റുകളാണ്. അതേസമയം തെക്കൻ കേരളത്തിലെ ജില്ലകളിൽ സീറ്റ് കുറയുകയും ചെയ്യുന്നു.
2011ൽ മണ്ഡലപുനർനിർണയം വന്നതിന് ശേഷം മലബാർ മേഖലയിലുള്ള ജില്ലകൾക്ക് കൂടുതൽ സീറ്റുകൾ കിട്ടിയപ്പോൾ തെക്കോട്ടുള്ളവയ്ക്ക് കുറവാണ് സംഭവിച്ചത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ സീറ്റുകളുള്ള ജില്ല. ഇവിടെ ജനസംഖ്യാ വർധനവ് അടക്കം ഗുണം ചെയ്തപ്പോൾ പത്തനംതിട്ട ജില്ലയ്ക്ക് പറയാനുള്ളത് നഷ്ടക്കാണക്കുമായി. ആകെ എട്ടു സീറ്റുണ്ടായിരുന്നത് അഞ്ചായി കുറയുകയായിരുന്നു പത്തനംതിട്ടയിൽ. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ 14 വീതം സീറ്റുകളാണുള്ളത്. കോഴിക്കോട്ടും തൃശൂരും 13 സീറ്റു വീതവും. ഇത്രയുമായാൽ 70 മണ്ഡലങ്ങളായി പിന്നീടുള്ള 70 മണ്ഡലങ്ങൾ ബാക്കിയുള്ള 9 ജില്ലകളിലിലായി ചിതറിക്കിടക്കുകയാണ്.
ചില ജിലകളുടെ സീറ്റുകളുടെ എണ്ണം കുറച്ചത് മണ്ഡല പുനർനിർണയമാണ്. മുൻപു തൃശൂരും 14 മണ്ഡലങ്ങളുണ്ടായിരുന്നു. മണ്ഡല പുനർനിർണയത്തിനുശേഷം ആദ്യം തിരഞ്ഞെടുപ്പു നടന്ന 2011ൽ അതു 13ലേക്കു ചുരുങ്ങി. 12 മണ്ഡലങ്ങളുണ്ടായിരുന്ന മലപ്പുറം 16ലേക്കു വളർരുകയും ചെയ്തു. ഈ രണ്ടു ജില്ലകളും പതിവായി യുഡിഎഫിന് മേൽക്കൈയുള്ള ജില്ലകളാണ്. അതുകൊണ്ട് തന്നെ ഇക്കുറിയും ഇവിടത്തെ ഫലം ഏറെ നിർണായകമാകും. കോഴിക്കോട് എൽഡിഎഫിനു സ്ഥിരമായ മുൻതൂക്കം നൽകുന്ന ജില്ലയാണ്. തൃശൂരും തിരുവനന്തപുരത്തും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ആധിപത്യം കാട്ടി. തൃശൂരിൽ 13ൽ വടക്കാഞ്ചേരിയൊഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും ഇടതുമുന്നണി വിജയിച്ചു.
എറണാകുളം ജില്ലയിൽ 20 20യുടെ സാന്നിധ്യം അടക്കം യുഡിഎഫിന് വൻ വെല്ലുവിളി ഉയർത്തുന്നുണ്ട്. അതുകൊണ്ട് ജില്ലയിലെ ഫലം ഇക്കുറഇ യുഡിഎഫിന് ഏറെ നിർണായകമാണ്. എണ്ണത്തിൽ മുൻപിലുള്ള 5 ജില്ലകൾ കഴിഞ്ഞാൽ പാലക്കാട്ടാണ് ഏറ്റവുമധികം നിയമസഭാ സീറ്റുകൾ12 എണ്ണം. വലുപ്പത്തിൽ കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണെങ്കിലും സീറ്റിൽ അങ്ങനെയല്ല പാലക്കാട്. കേരളത്തിന്റെ വടക്കുനിന്നും തെക്കുനിന്നും രണ്ടാമത്തെ ജില്ലകളായ കണ്ണൂരും കൊല്ലവും 11 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. അയൽ ജില്ലകളായ കോട്ടയത്തും ആലപ്പുഴയിലും 9 വീതം.
വിസ്തൃതിയിൽ പാലക്കാടിനു തൊട്ടുപിന്നിലുള്ള ഇടുക്കിയിൽ 5 നിയമസഭാ സീറ്റുകളേയുള്ളൂ. കാസർകോടും പത്തനംതിട്ടയും 5 വീതം സീറ്റുകളുമായി ഇടുക്കിക്കു കൂട്ടുണ്ട്. സീറ്റുകളുടെ എണ്ണത്തിൽ ഏറ്റവും പിന്നിൽ വയനാടാണ്. മൂന്നെണ്ണം മാത്രം. 2008ലാണു രാജ്യവ്യാപകമായി നിയമസഭാലോക്സഭാ മണ്ഡല അതിർത്തി പുനർനിർണയം നടന്നത്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പുമുതൽ അതു പ്രാബല്യത്തിലുമായി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പും അതുപ്രകാരമാണു നടന്നത്. മണ്ഡല പുനർനിർണയം കഴിഞ്ഞുള്ള മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണു നടക്കാൻ പോകുന്നത്. സീറ്റുകളുടെ എണ്ണം 140ൽനിന്നു വർധിച്ചില്ലെങ്കിലും ഒട്ടേറെ പുതിയ മണ്ഡലങ്ങളുണ്ടായി. പലതിന്റെയും പേരു മാറി. സംവരണ മണ്ഡലങ്ങളിലും മാറ്റമുണ്ടായി.
ലോക്സഭാ മണ്ഡലങ്ങളുടെ കാര്യത്തിലും പേരു മാറ്റവും പുതിയ മണ്ഡലങ്ങളുടെ ഉദയവുമെല്ലാമുണ്ടായി. ചില ജില്ലകളിൽ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം കൂടി, ചില ജില്ലകളിൽ കുറഞ്ഞു. പുനർനിർണയത്തിൽ മണ്ഡലങ്ങളുടെ എണ്ണത്തിൽ മാറ്റമുണ്ടായ ജില്ലകൾ ഇവയാണ്. ബ്രായ്ക്കറ്റിൽ മുൻപത്തെ സീറ്റുകളുടെ എണ്ണം. കണ്ണൂർ 11 (10), കോഴിക്കോട് 13 (12), മലപ്പുറം 16 (12), പാലക്കാട് 12 (11), തൃശൂർ 13 (14), കോട്ടയം 9 (10), ആലപ്പുഴ 9 (10), പത്തനംതിട്ട 5 (8), കൊല്ലം 11 (12). ശേഷിച്ച കാസർകോട് (5), വയനാട് (3), എറണാകുളം (14), ഇടുക്കി (5), തിരുവനന്തപുരം (14) എന്നിവയിൽ എണ്ണത്തിൽ മാറ്റമുണ്ടായില്ല.
മറുനാടന് മലയാളി ബ്യൂറോ