ഡാളസ്: കേരളാ അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 10 ഞായറാഴ്ച സാംസ്‌കാരിക സമ്മേളനം നടക്കും. കേരളാ അസോസിയേഷൻ ഹാളിൽ ഉച്ചകഴിഞ്ഞ് 3.30 മുതലാണ് പരിപാടി. തദവസരത്തിൽ നാടകരചയിതാവും അഭിനേതാവും തിരക്കഥാകൃത്തുമായ ജി. ഗോപാലകൃഷ്ണനു സ്വീകരണം നൽകും. 'മലയാള നാടക - സിനിമാ വേദി അന്നും ഇന്നും' എന്ന വിഷയത്തിൽ വേദിയിൽ സംവാദവും നിരൂപണവും ചർച്ചയും തുടർന്നു നടക്കും. തുടർന്ന് നാടകാചാര്യനായ കാവാലം നാരായണപ്പണിക്കർ അനുസ്മരണവും കാവാലം രചനകളുടെ സംഗീതാവിഷ്‌കരണവും 4.30 മുതൽ. ഡോ. എം വി പിള്ളയാണ് അനുസ്മരണ സമ്മേളനം നയിക്കുന്നതെന്ന് അസോസിയേഷൻ സെക്രട്ടറി റോയി കൊടുവത്ത് അറിയിച്ചു.