സിയാറ്റിൽ: അമേരിക്കയിൽ ഏറ്റവും കൂടുതൽ ആപ്പിൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനവും, സ്റ്റാർബക്ക്‌സ് എന്ന കോഫീ ഹൗസ് ചെയിനിന്റെ ഉത്ഭവസ്ഥാനവുമായ സ്റ്റേറ്റ് ഓഫ് വാഷിങ്ടണിൽ, സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള അസോസിയേഷൻ ഓഫ് വാഷിങ്ടൺ (കെഎഡബ്ല്യു) എന്ന മലയാളി സാംസ്‌കാരിക സംഘടനയുടെ ഈ വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ജനുവരി പത്തിനു നടന്നു. കഴിഞ്ഞ 25 വർഷങ്ങളായി വാഷിങ്ങ്ടൺ മലയാളികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന സംഘടന ആണു കെഎഡബ്ല്യു. 1990ൽ സ്ഥാപിതമായ കെഎഡബ്ല്യു, ഇപ്പോൾ അഞ്ഞൂറിലധികം മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയിലൂടെ 25 വർഷങ്ങളുടെ രജതജൂബിലി പ്രഭയിൽ തിളങ്ങി നിൽക്കുകയാണ്.

ഫെബ്രുവരി 20നു നടന്ന ജനറൽ ബോഡി സമ്മേളനത്തിൽ 2016ലെ സംഘടനാ ഭാരവാഹികൾ സ്ഥാനമേറ്റു. മുൻ പ്രസിഡന്റായിരുന്ന സന്തോഷ് നായരുടെ അധ്യക്ഷതയിൽ കൂടിയ വാർഷിക ജനറൽ ബോഡി മീറ്റിംഗിലാണു ഭരണമാറ്റ പ്രക്രിയകൾ നടന്നത്. സന്തോഷ് നായരുടെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടികൾ ആരംഭച്ചത്. തിരഞ്ഞെടുപ്പു കമ്മീഷണർമാരായിരുന്ന, മധു കങ്ങര, തോമസ് മുടിയൻകാവിൽ, പോൾ ജോൺ (റോഷൻ) എന്നിവരുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകൾക്കുശേഷം, പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജ്യോതിഷ് നായരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ വേദിയിലേക്കു ക്ഷണിച്ചു. തുടർന്നു നിയുക്ത പ്രസിഡന്റ് തന്റെ ആദ്യ പ്രസംഗത്തിൽ, കൂടുതൽ സുതാര്യതയോടെ താൻ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നുവെന്നും, സംഘടനയുടെ മെമ്പർഷിപ്പുകൊണ്ടു ലോക്കൽ ബിസിനസുകളിൽനിന്നു ലഭിക്കുന്ന ഡിസ്‌കൗണ്ടിനെ കുറിച്ചും സംസാരിച്ചു. യുവാക്കൾക്കു മുൻഗണന കൊടുത്തുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയിൽ, വിവിധ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിവ് തെളിയിച്ചവരാണ്.

ജ്യോതിഷ് നായർ (പ്രസിഡന്റ് ) നേതൃത്വം നൽകുന്ന ഈ പതിന്നാലംഗ കമ്മിറ്റിയിൽ ജയശ്രീ നാരായണൻ (വൈസ് പ്രസിഡന്റ്), പ്രമോദ് മാഞ്ഞാലി (സെക്രട്ടറി), ഹരിപ്രസാദ് (ട്രഷറർ), രാജേഷ് നാനൂ (ജോയിന്റ്റ് സെക്രട്ടറി), സന്തോഷ് നായർ (എക്‌സ് ഒഫിഷ്യോ), അജിതുകൊത്താരമത്ത്, ദേവിന ബാലഗോപാൽ , ദിവ്യ ഗോപാലകൃഷ്ണൻ, ജോ ജേക്കബ് തോമസ്, പി.എം മാത്യു, സന്തോഷ് പിട്ടൻ നാരായണൻ, രേഷ്മ മഡുരി, ഗായത്രി രാജ് എന്നിവരാണു മറ്റ് അംഗങ്ങൾ.