തിരുവനന്തപുരം: കേരളാ ബാങ്കിന്റെ കിട്ടാക്കടവും ഇനി സർക്കാർ പിരിച്ചു നൽകും. കിട്ടാക്കടം ഈടാക്കുന്നതിനുള്ള ജപ്തി നടപടികളുടെ ചുമതല വില്ലേജ് ഓഫിസർമാർക്കു നൽകുന്ന പട്ടികയിൽ കേരള ബാങ്കിനെക്കൂടി ഉൾപ്പെടുത്തി. സ്വകാര്യ സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ കുടിശിക 5 ലക്ഷം വരെയെങ്കിലും ഈടാക്കിയാൽ തുകയുടെ 5 ശതമാനവും 5 ലക്ഷത്തിനുമുകളിലെങ്കിൽ 7.5 ശതമാനവും കലക്ഷൻ ചാർജായി സർക്കാരിനു ലഭിക്കും. അതുകൊണ്ട് തന്നെ ഇത് സർക്കാരിന് അധിക വരുമാന മാർഗ്ഗം കൂടിയാണ്.

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഒഴികെയുള്ള കേരള ബാങ്കിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ഈ വിജ്ഞാപനത്തിന്റെ പരിധിയിൽ വരും. കേരളാ ബാങ്കുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് ഇത്. കേരള റവന്യു റിക്കവറി നിയമത്തിൽ മാറ്റം വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചതോടെ കേരളാ ബാങ്കിന് ജോലി കുറയും. 1968ലെ ഈ നിയമപ്രകാരം പൊതു, വാണിജ്യ ബാങ്കുകളെയെല്ലാം അതതു സമയത്തു പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കെഎസ്ആർടിസി, സിവിൽ സപ്ലൈസ് കോർപറേഷൻ ഉൾപ്പെടെയുള്ള 132 സ്ഥാപനങ്ങളുടെ പണം പിരിക്കുന്നതും വില്ലേജ് ഓഫീസർമാരാണ്.

സർക്കാർ കുടിശിക പിരിക്കാനുള്ളതാണു നിയമം എങ്കിലും വകുപ്പ് 71 പ്രകാരം മറ്റേതെങ്കിലും പൊതു സ്ഥാപനത്തിനു സർക്കാരിതര സ്ഥാപനങ്ങളും വ്യക്തികളും നൽകാനുള്ള കുടിശികകൾ പിരിച്ചെടുക്കുന്നതിനും വിജ്ഞാപനം ഇറക്കാം. റവന്യു റിക്കവറി നിയമപ്രകാരമുള്ള കുടിശികകൾ ജപ്തി നടപടികളിലൂടെ പിരിക്കുന്നതിനുള്ള ചുമതല കലക്ടർ, തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവർക്കാണുള്ളത്.

ഇത്തരത്തിൽ ബാങ്കിന്റെ കുടിശിക പിരിക്കണമെങ്കിൽ ബാങ്ക് മാനേജർ കലക്ടറെ അറിയിച്ചാൽ മതി. ജപ്തി നടപടികൾ വഴി വില്ലേജ് ഓഫിസർമാർ പണം ഈടാക്കി ബാങ്കുകളുടെ അക്കൗണ്ടിൽ അടയ്ക്കും. കേരള ബാങ്കിൽ നിന്നു 10 ലക്ഷം റവന്യു റിക്കവറി കേസുകൾ വില്ലേജ് ഓഫിസുകളിലേക്ക് എത്തുമെന്നാണു വിലയിരുത്തൽ.

വില്ലേജ് ഓഫിസുകളിൽ 5 ജീവനക്കാരാണുള്ളത്. പുതിയ ചുമതല കൂടി വരുമ്പോൾ അവരുടെ ജോലി ഭാരം വർധിക്കും. സാധാരണക്കാരുടെ മറ്റ് ആവശ്യങ്ങൾക്കു കാലതാമസവും നേരിടും. അതുകൊണ്ട് തന്നെ കൂടുതൽ നിയമനം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി കാലത്ത് ഇത് പരിഗണിക്കാൻ സാധ്യതയില്ല.