കാസർകോട് : കേരളബാങ്കിന്റെ വിവിധയിടങ്ങളിലെ എടിഎമ്മിൽ നിന്ന് പണം തട്ടിയെന്ന പരാതിയിൽ മൂന്ന് കാസർകോട് സ്വദേശികളെ സൈബർ പൊലീസ് പിടികൂടി. തളങ്കരയിലെ അബദുൽ കാദറിന്റെ മകൻ അബ്ദുൽ സമദാനി, നൗമാൻ മുഹമ്മദ്, മുഹമ്മദ് നജീബ് എന്നിവരാണ് പിടിലായത്.

രണ്ട് പേരെ തമിഴ്‌നാട് തിരുപ്പൂരിൽ നിന്നും, ഒരാളെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുമാണ് പിടികൂടിയത്. ഇതിൽ ഒരാൾ മുഖ്യപ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നൗമാൻ നേരത്തെ സമാന രീതിയിലുള്ള കേസിൽ അകപ്പെട്ട വ്യക്തിയാണെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന .

അഞ്ച് കേരള ബാങ്ക് എടിഎം മെഷീനുകളിൽനിന്ന് 2.75 ലക്ഷം രൂപ തട്ടിയതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. തിരുവനന്തപുരം, കാസർകോട്, കോട്ടയം ജില്ലകളിലാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി. തിരുവനന്തപുരത്ത് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 90000 രൂപ കിഴക്കേ ക്കോട്ടയിലെയും നെടുമങ്ങാടെയും എടിഎമ്മുകളിൽ നിന്നും നഷ്ടമായെന്നാണ് പരാതി. മൂന്ന് ദിവസമായി പണം നഷ്ടമാവുന്നത് ശ്രദ്ധയിൽ പെട്ട ഉദ്യോഗസ്ഥരാണ് പരാതി നൽകിയത്.

ഡൽഹിയിലെ സോഫ്റ്റ്‌വെയർ നിർമ്മിച്ച കമ്പനിയിലെ ജീവനക്കാരൻ തന്നെയാണ് തട്ടിപ്പിനുള്ള സാഹചര്യം സൃഷ്ടിച്ചതെന്നാണ് കരുതുന്നത്. വ്യാജ എടിഎം കാർഡ് നിർമ്മിച്ചതും ഡൽഹി സ്വദേശിയാന്നെന്നാണ് പൊലീസ് നിഗമനം. പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.
പിടികൂടിയ പ്രതികൾക്ക് പറയത്തക്ക വിദ്യാഭ്യാസ യോഗ്യതകളൊന്നും ഇല്ല എന്നാണ് സൂചന. കൂട്ടത്തിൽ ഉള്ള വ്യക്തിയുടെ ഉയർന്ന യോഗ്യത എസ്.എസ്.എൽ.സിയാണ്.

നിരന്തരം എ.ടി.എമ്മുകളെ ലക്ഷ്യമാക്കി നടത്തുന്ന തട്ടിപ്പുകൾ തകർക്കുന്നത് ഉപഭോക്താക്കളുടെ വിശ്വാസ്യതയാണ്. ആശയക്കുഴപ്പത്തിലാകുന്ന സാധാരണക്കാരായ ഉപഭോക്താക്കൾക്ക് എ.ടി.എമ്മുകൾ ഉപയോഗിക്കുന്നതിൽ ആശങ്കകൾ നിലനിൽക്കുകയാണ്. ഉദ്യോഗസ്ഥർ, വീട്ടമ്മമാർ എന്നിവരുടെ അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുന്നത് എ.ടി.എം സംവിധാനത്തിനോടുള്ള ജനങ്ങളുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്നുവെന്ന് പല അനുഭവസ്ഥരും പറയുന്നു. മതിയായ സുരക്ഷമാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ആവർത്തിക്കപ്പെടുന്ന എ.ടി.എം കവർച്ചകളിലൂടെ സൂചിപ്പിക്കുന്നത് എന്നാണ് ബാങ്കിങ് മേഖലയിലെ വിദഗ്ദ്ധർ പറയുന്നത് .