- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛൻ ഹൃദ്രോഗ ബാധിതനായി ആശുപത്രിയിൽ; അമ്മ കൂട്ടിരിപ്പും; നാല് കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത് പൂട്ടി ബാങ്ക്; ദളിത് കുടുംബത്തിന് വായ്പ കുടിശിക ഒന്നരലക്ഷത്തോളം; രാത്രി പൂട്ടുപൊളിച്ച് കുട്ടികളെ അകത്തുകയറ്റി മാത്യു കുഴൽനാടൻ
മൂവാറ്റുപുഴ: ഒരു വീടിന്റെ പൂട്ട് പൊളിച്ച് കടക്കുന്നത് മര്യാദയല്ല, കുറ്റവുമാണ്. എന്നാൽ, ചില സന്ദർഭങ്ങളിൽ നീതിക്കും ന്യായത്തിനും വേണ്ടിയാണ് അത്തരമൊരു പ്രവൃത്തി എങ്കിലോ? പായിപ്രയിൽ നാല് കുട്ടികൾ മാത്രം താമസിക്കുന്ന വീട് ബാങ്ക് ജപ്തി ചെയ്ത സംഭവമാണ് ഇക്കാര്യം ഓർമ്മിപ്പിക്കുന്നത്.
കുട്ടികളെ വീടിന് പുറത്താക്കിയായിരുന്നു ബാങ്കിന്റെ ജപ്തി നടപടി. ദളിത് കുടുംബത്തിലെ ഗൃഹനാഥനും കുട്ടികളുടെ അമ്മയും ആശുപത്രിയിലായിരിക്കെയാണ് വീട് ജപ്തി ചെയ്യാൻ ബാങ്ക് അധികൃതരെത്തിയത്. നാട്ടുകാർ സാവകാശം ചോദിച്ച് അഭ്യർത്ഥന നടത്തിയെങ്കിലും ഉദ്യോഗസ്ഥർ വീട് പൂട്ടി മടങ്ങി.
വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ അകത്തു കയറ്റി. പണമടയ്ക്കാൻ സാവകാശം വേണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ദളിത് കുടുംബത്തിലെ ഗൃഹനാഥൻ ഹൃദ്രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുട്ടികളുടെ മാതാവ് ആശുപത്രിയിൽ കൂട്ടിരിക്കുകയായിരുന്നു.
ബാങ്ക് ജനറൽ മാനേജറുടെ നേതൃത്വത്തിലുള്ള സംഘമെത്തുമ്പോൾ നാല് കുട്ടികൾ മാത്രമായിരുന്നു വീട്ടിൽ. ഒന്നര ലക്ഷം രൂപയോളമാണ് കുടുംബത്തിന് കുടിശ്ശികയായുണ്ടായിരുന്നത്. ബാങ്ക് അധികൃതർ ജപ്തി നടപടികൾക്കെത്തുമ്പോൾ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജപ്തി നടപടിയെന്നായിരുന്നു ബാങ്ക് എംഎൽഎയെ അറിയിച്ചത്.
രാത്രി എട്ടരയോടെ എംഎൽഎയുടെ നേതൃത്വത്തിൽ പ്രാദേശിക നേതാക്കൾ എത്തി പ്രതിഷേധിക്കുകയായിരുന്നു. ബാങ്ക് അധികൃതർ നേരിട്ടെത്തി ജപ്തി ചെയ്ത വീട് തുറന്ന് കൊടുക്കുമെന്ന് എംഎൽഎയെ അറിയിച്ചിരുന്നു. എന്നാൽ, രാത്രി വൈകിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും വീട് തുറന്നുകൊടുക്കാനുള്ള നടപടികൾ ഒന്നും ഉണ്ടാവാത്തതോടെ എംഎൽഎ തന്നെ വീടിന്റെ പൂട്ട് പൊളിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ