തിരുവനന്തപുരം: ബാർ കോഴക്കേസിൽ ബിജു രമേശ് തന്റെ പേരു പറഞ്ഞിട്ടില്ലെന്ന എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ അവകാശവാദം പൊളിയുന്നു. ബാബുവിന് 50 ലക്ഷം രൂപ സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കൈമാറിയെന്ന ബിജു രമേശിന്റെ രഹസ്യമൊഴി പുറത്തുവന്നു. അതിനിടെ ബാർകോഴ ആരോപണത്തിൽ എക്‌സൈസ് മന്ത്രി കെ.ബാബുവിനെ വിജിലൻസ് സമർത്ഥമായി രക്ഷിച്ചെന്ന് വ്യക്തമാക്കുന്ന വിവരങ്ങളും പുറത്തായി. അതിനിടെ കേസിൽ കോടതിയുടെ മേൽനോട്ടം ആവശ്യപ്പെട്ട് നിയമപോരാട്ടത്തിന് ബിജു രമേശ് തയ്യാറെടുക്കുകയാണ്. ഇതു സംബന്ധിച്ച ഹർജി തിങ്കളാഴ്ച കോടതിയിൽ നൽകാനാണ് തീരുമാനം.

ബിജു രമേശിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ബാബുവിന് എതിരായ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ മന്ത്രിയെ രക്ഷിക്കാൻ ആസൂത്രിതതമായി തന്നെ നീക്കം നടന്നുവെന്ന് വ്യക്തമാക്കുന്ന വിവരമാണ് പുറത്തുവന്നത്. കോഴ നൽകാൻ ബാറുടമകൾ പണം പിരിച്ചുവെന്ന ആരോപണത്തെ പിന്തുണയ്ക്കുന്ന രണ്ട് സാക്ഷിമൊഴികൾ കണക്കിലെടുത്തില്ലെന്ന് റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നു. മൊഴികൾ പൂർണമായും, കൃത്യമായും രേഖപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥർ തയാറായില്ലെന്ന് കേസ് അവസാനിപ്പിക്കും മുൻപ് തന്നെ പല സാക്ഷികളും ആരോപിച്ചിരുന്നു. ഇതൊന്നും മുഖവിലയ്ക്ക് എടുത്തില്ല.

തനിക്കെതിരെ മജിസ്‌ട്രേട്ടിന് മുന്നിൽ ബിജു രമേശ് മൊഴി നൽകിയില്ലെന്നാണ് ബാബു ഇന്നലെ പറഞ്ഞത്. ഇതും കള്ളത്തരമാണെന്ന് വന്നതോടെ ബാർ കോഴയിൽ ബാബുവിനെതിരായ കുരുക്ക് മുറുകുകയാണ്. മാണിക്കെതിരെ മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലാണ് ബിജു രമേശ് ബാബുവിന് പണം നൽകിയ വിവരം വെളിപ്പെടുത്തിയത്. സാക്ഷികളായി തന്റെ മാനേജർ രാധാകൃഷ്ണനും രാജ്കുമാർ ഉണ്ണിയും ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റായിരുന്ന മുഹമ്മദ് റസീഫും ഒപ്പമുണ്ടായിരുന്നു. പണം നൽകിയത് ബാബുവിന്റെ സെക്രട്ടറി സുരേഷ് പൈയുടെ കയ്യിലാണെന്നും ബിജു രമേശിന്റെ രഹസ്യമൊഴിയിലുണ്ട്.

പ്രബജറ്റ് ചർച്ചയിൽ മന്ത്രി ബാബു ലൈസൻസ് ഫീ വർധിപ്പിക്കാതിരിക്കാൻ ചെലവുണ്ടെന്ന് പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് ബാബുവിന് പണം നൽകാൻ തീരുമാനിച്ചത്. എന്നാൽ, ആദ്യം കൊച്ചിയിൽ ചേർന്ന ബാറുടമ അസോസിയേഷന്റെ യോഗത്തിൽ ബാബുവിന് പണം നൽകുന്ന കാര്യം ചർച്ചയായിരുന്നില്ല. എന്നാൽ, രണ്ടാംതവണ ചേർന്ന യോഗത്തിൽ രാജ്കുമാർ ഉണ്ണിയാണ് ബാബുവിന് പണം നൽകണം എന്ന കാര്യം ഉന്നയിച്ചത്. ഇതനുസരിച്ച് തന്റെ കയ്യിൽ നിന്ന് താൻ 12 ലക്ഷം രൂപ നൽകി. ബാക്കി പണം കൂടി സ്വരൂപിച്ച് 50 ലക്ഷം രൂപയുമായി താനും മാനേജർ രാധാകൃഷ്ണനും റസീഫും കൂടി സെക്രട്ടേറിയറ്റിലെ ബാബുവിന്റെ ഓഫീസിലെത്തി. അപ്പോൾ അവിടെ രാജ്കുമാർ ഉണ്ണിയും ഉണ്ടായിരുന്നു.

പണം കൊണ്ടുവന്നിട്ടുണ്ടെന്ന കാര്യം താൻ രാജ്കുമാർ ഉണ്ണിയെയും ഉണ്ണി അത് ബാബുവിനോടും പറഞ്ഞു. മന്ത്രി പറഞ്ഞതനുസരിച്ചാണ് പണം സുരേഷ് പൈയുടെ കാബിനിലെത്തി നൽകിയത്. ആകെ പത്തു കോടി രൂപയാണ് മന്ത്രി ആവശ്യപ്പെട്ടത്. ആദ്യം 50 ലക്ഷം രൂപ നൽകി. ബാക്കി തുക കൃഷ്ണദാസും എലഗൻസ് ബിനോയിയും ചേർന്ന് മന്ത്രി പറഞ്ഞ സ്ഥലങ്ങളിൽ എത്തിച്ചു കൊടുത്തു. പ്രതിഫലത്തിന് പകരമായി ലൈസൻസ് ഫീ 25 ലക്ഷമാക്കി നിജപ്പെടുത്താമെന്ന് മന്ത്രി അറിയിച്ചു. എന്നാൽ, ഇത് 23 ലക്ഷമാക്കി കുറയ്ക്കണമെന്ന് എലഗൻസ് ബിനോയ് മന്ത്രിയോട് ആവശ്യപ്പെട്ടു. 2015 മാർച്ചി് 30നാണ് ബിജു രമേശ് മജിസ്‌ട്രേറ്റ് മുമ്പാകെ 164ാം വകുപ്പു പ്രകാരം രഹസ്യമൊഴി നൽകിയത്. തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി നൽകിയത്. ബാബു കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തി പറഞ്ഞ കാര്യങ്ങൾ മുഴുവൻ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് രഹസ്യമൊഴിയുടെ പകർപ്പിലുള്ള കാര്യങ്ങൾ.

ഇതിനൊപ്പമാണ് ബാർകോഴ ആരോപണത്തിൽ എക്‌സൈസ് മന്ത്രി കെ.ബാബുവിനെ വിജിലൻസ് സമർത്ഥമായി രക്ഷിച്ചെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ബാർ ലൈസൻസ് ഫീസ് വർധിപ്പിക്കാൻ എക്‌സൈസ് വകുപ്പ് നീക്കം തുടങ്ങിയപ്പോൾ തന്നെ ബാറുടമകൾക്കിടയിൽ വൻതോതിൽ പണപിരിവ് നടന്നതായാണ് രണ്ട് ബാറുടമകളുടെ മൊഴി നൽകിയത്. ബാർ ഹോട്ടൽ അസോസിയേഷൻ യോഗത്തിലെടുത്ത തീരുമാനപ്രകാരം തൃശൂരിൽ നിന്ന് മാത്രം പത്തുലക്ഷം രൂപ പിരിച്ചെടുത്തുവെന്ന് സംഘടനാഭാരവാഹിയായ സി.ഡി.ജോഷി അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നൽകി. പതിനായിരം രൂപ വീതമാണ് പിരിച്ചത്. തുക അസോസിയേഷൻ നേതാക്കൾക്ക് കൈമാറിയെന്നും ജോഷി മൊഴി പറയുന്നു. ലൈസൻസ് ഫീസ് വർധന തടയാൻ കുറച്ച് ചെലവുണ്ടെന്ന് സംസ്ഥാനകമ്മിറ്റി യോഗത്തിൽ ബാറുടമകൾ പറഞ്ഞതായി മറ്റൊരു ഭാരവാഹി ഷൈനും വെളിപ്പെടുത്തി. എന്നാൽ ഈ നിർണായകമൊഴികൾ അന്വേഷണഉദ്യോഗസ്ഥൻ അവഗണിച്ചു.

കെ.ബാബുവിന് കോഴപണം കൈമാറുന്നത് നേരിൽ കണ്ട വ്യവസായി മുഹമ്മദ് റാസിഫ്, ബിജു രമേശിന്റെ മാനേജർ രാധാകൃഷ്ണൻ എന്നിവരുടെ മൊഴി പരസ്പരവിരുദ്ധമാണെന്നും അന്വേഷണറിപ്പോർട്ടിൽ പറയുന്നു. തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും നുണപരിശോധനക്ക് തയാറാണെന്നും കേസ് അവസാനിപ്പിക്കുന്നതിന് മുൻപ് തന്നെ ദൃക്‌സാക്ഷി മുഹമ്മദ് റാസിഫ് അറിയിച്ചെങ്കിലും അതും പരിഗണിക്കപ്പെട്ടില്ല. സമഗ്രഅന്വേഷണം വേണ്ടെന്ന വിജിലൻസ് ഡിവൈ.എസ്‌പിയുടെ റിപ്പോർട്ട് അതേപടി അംഗീകരിച്ച് വിജിലൻസ് ഡയറക്ടറായിരുന്ന വിൻസൻ എം.പോൾ കേസ് അവസാനിപ്പിക്കുകയായിരുന്നു.