ലണ്ടൻ: ഏറെ പ്രതീക്ഷകളാണ് പുതിയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് സമ്മാനിക്കുന്നത്. അഴിമതി ഇല്ലാതാക്കുന്നത് മുതൽ പാവപ്പെട്ട ജനത്തെ സർക്കാർ ജീവനക്കാർ വട്ടുതട്ടുന്നത് വരെ ഇല്ലാതാക്കാൻ ശ്രമം നടത്തുന്ന മുഖ്യമന്ത്രിക്ക് വേണമെങ്കിൽ ശ്രദ്ധിക്കാനായി ഏറെ പ്രാധാന്യം ഉള്ള ഒരു റിപ്പോർട്ട് നൽകിയാണ് ഇന്ന് ബിബിസി ശ്രദ്ധ നേടിയിരിക്കുന്നത്. ഓരോ വർഷവും ആയിരക്കണക്കിന് ജീവനുകൾ റോഡുകളിൽ പൊലിയുന്നതും അനേകായിരങ്ങൾ ജീവച്ഛവങ്ങൾ ആയിത്തീർന്ന് ജീവിതകാലം കഴിച്ചുകൂട്ടാനും കാരണമാകുന്ന റോഡപകട നിരക്കിൽ ഇന്ത്യ പുതിയ റെക്കോർഡ് ഇട്ട വാർത്തയാണ് ഏറ്റവും പുതിയ കണക്കുകളുമായി ബിബിസി അവതരിപ്പിക്കുന്നത്.

ഒട്ടേറെ കാര്യങ്ങളിൽ ലോകത്തിനു മുന്നിൽ തല ഉയർത്തുന്ന മലയാളിക്ക് റോഡ് മര്യാദയുടെ പേരിൽ തല കുനിക്കാൻ ഒരു മടിയും ഇല്ലെന്നിരിക്കെ റോഡ് അപകടം ഉണ്ടാക്കുന്നതിലും മലയാളിയുടെ പങ്ക് മുകളിലേക്ക് ഉയരുകയാണ് എന്ന് ബിബിസി പറയുന്നു. കഴിഞ്ഞ വർഷം ഒന്നര ലക്ഷം പേരെ റോഡപകടം വഴി യമപുരിക്ക് അയച്ച ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിൽ അഞ്ചാം സ്ഥാനമാണ് കേരളത്തിന്.

റോഡ് ഉപയോഗിക്കുന്നതിൽ മലയാളികളുടെ ശ്രദ്ധക്കുറവും നിയമത്തെ കാര്യമായി ഭയപ്പെടാത്തതും ഒക്കെ ഇതിനുള്ള കാരണങ്ങളിൽ മുൻ നിരയിലേക്ക് കടന്നു വരികയാണ്. മുൻകാലങ്ങളിൽ റോഡിന്റെ ശോച്യാവസ്ഥ ആയിരുന്നു പ്രധാന കാരണം. എന്നാൽ ഇപ്പോൾ റോഡുകളിൽ വർദ്ധിച്ച നിലയിൽ കാണപ്പെടുന്ന വാഹന ബാഹുല്യം തന്നെയാണ് അപകടം ഉണ്ടാക്കുന്നതിൽ മുന്നിൽ എത്താൻ കാരണം ആയി മാറുന്നത്. ആയിരങ്ങളുടെ ജീവൻ പൊലിയുന്ന കേരളത്തിലെ റോഡുകളിൽ അതിന്റെ അനേക മടങ്ങ് ആളുകൾ ജീവിക്കുന്ന രക്തസാക്ഷികൾ ആയി മാറുമ്പോഴും ഇക്കാര്യത്തിൽ ഫലപ്രദമായ നിയമ നടപടികൾ സ്വീകരിക്കുവാൻ സംസ്ഥാനം ഭരിക്കുന്നവർ തയ്യാറാകുന്നില്ല എന്നത് പുതിയ കാര്യമല്ല.

എന്തിനേറെ, ഭരണ കർത്താക്കളുടെ വാഹനം തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞ് ഉണ്ടാക്കിയ അപകടങ്ങൾതന്നെ ഓരോ വർഷവും സൃഷ്ടിക്കുന്ന അപകടങ്ങളും ഏറെയാണ് കേരളത്തിൽ. അമിത വേഗം തന്നെയാണ് ഇതിനു പ്രധാന കാരണം ആയി മാറുന്നത്. ചീറിപ്പായുന്നതാണ് അധികാരത്തിന്റെ ചിഹ്‌നം എന്ന് ധരിച്ചുവച്ചിരിക്കുന്ന ഭരണാധികാരികൾ അതേ രീതി പിന്തുടരാൻ അബോത്തോടെയെങ്കിലും ജനത്തെയും പ്രേരിപ്പിക്കുന്നത് ഇന്ത്യൻ നിരത്തിലെ അപകടത്തിനു പിന്നിൽ ഒളിച്ചിരിക്കുന്ന നഗ്‌ന സത്യമാണ്.

കഴിഞ്ഞ വർഷം ഇന്ത്യൻ നിരത്തുകളിൽ 146133 ജീവനുകൾ പൊലിഞ്ഞു എന്നതാണ് ബിബിസിയുടെ കണ്ടെത്തൽ. കഴിഞ്ഞ വർഷത്തേക്കാൾ 4. 6 % വർദ്ധനയാണ് അപകടത്തിൽ ഉണ്ടായിരിക്കുന്നത്. ഏകദേശം 5 ലക്ഷം വാഹന അപകടങ്ങളിൽ പാതിയിലേറെയും കൊല്ലപ്പെട്ടത് 15 നും 34 നും ഇടയിലുള്ള യുവ ജനതയാണ് എന്നത് ഏറെ ഞെട്ടിക്കുന്ന കണക്കായി മാറുകയാണ്. നിരത്തുകൾ യുവ ജനതയെ കൊന്നൊടുക്കുവാനുള്ള പ്രധാന പാത ആയി മാറുന്നു എന്നാണ് പുറത്തു വരുന്ന കണക്കുകൾ തെളിയിക്കുന്നത്.

മുൻ വർഷം 139671 പേര് കൊലപ്പെട്ട സ്ഥാനത്ത് ആണ് പിന്നാലെ എത്തിയ വർഷം 7000 ജീവനുകൾ കൂടി പൊലിഞ്ഞിരിക്കുന്നതു . ഒരു ദിവസം 1374 റോഡ് അപകടങ്ങള ഇന്ത്യയില സംഭവിക്കുന്നു എന്നാണ് ഈ കണക്കുകളിൽ നിന്നും വ്യക്തം ആകുന്നത്. ഇതിൽ ഉൾപ്പെട്ടു 400 പേർക്ക് ഒരു ദിവസം ജീവൻ നഷ്ടപ്പെടുന്നു. അതിനിടെ, ആരും കാര്യമായി ഗൗനിക്കാത്ത നിത്യ സംഭവങ്ങൾ ആയി റോഡ് അപകടങ്ങൾ മാറിയത് വൻ ദുരന്തമായി പരിണമിക്കാൻ സാധ്യത ഉണ്ടെന്ന ഞെട്ടലും ബിബിസി പങ്കിടുന്നു.

ഈ ദുരന്തങ്ങളിൽ 5 ലക്ഷത്തിലേറെ പേര് പരുക്കേറ്റു എന്നതും ഇതോടെ ഇവരുടെ ജീവിതം തന്നെ മറ്റൊരു വിധത്തിൽ മറപ്പെടുകയും ആണെന്നത് ഭരണാധികാരികളുടെ ശ്രദ്ധയിൽ എത്തുന്നാതെയില്ല. മുൻ വർഷം 4.93 ലക്ഷം പേർക്ക് പരിക്ക് പറ്റിയ സ്ഥാനത്ത് അനേകായിരങ്ങൾ കൂടി കഴിഞ്ഞ വർഷം ഈ എണ്ണം വർദ്ധിപ്പിക്കാൻ എത്തിയിരിക്കുകയാണ്. റോഡപകടങ്ങളിൽ 80 ശതമാനവും സൃഷ്ടിക്കുന്ന 13 സംസ്ഥാനങ്ങളിൽ അഞ്ചാം സ്ഥാനമാണ് കേരളത്തിന് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്. റോഡ് അപകട നിരക്ക് കുറയ്ക്കുക എന്നത് ഏറ്റവും വലിയ വെല്ലുവിളി ആയി മുന്നിൽ നിൽക്കെ അതിനു യാതൊരു പരിഗണയും ലഭിക്കാതെ പോകുന്നു എന്നതാണ് ഏറെ വിരോധാഭാസം.

ഈ റോഡ് അപകട നിരക്കിൽ 10 ൽ എട്ടും സംഭവിക്കുന്നത് ഡ്രൈവറുടെ അശ്രദ്ധയിൽ നിന്ന് ആണെന്ന് വ്യക്തം ആകുമ്പോൾ കർശന ശിക്ഷയുടെയും നിയമത്തെ വെല്ലുവിളിക്കാൻ ഉള്ള മനോഭാവം കൂടിയാണ് വെളിപ്പെടുന്നത്. മുൻ കാലങ്ങളിൽ വാഹനങ്ങളുടെ കാലപ്പഴക്കവും റോഡുകളിൽ അശാസ്ത്രീയ നിർമ്മാണവും ഒക്കെ മുന്നിൽ നിന്നിരുന്നെങ്കിലും ഈ രംഗത്ത് ഒട്ടേറെ മാറ്റം സംഭവിച്ചതോടെ ഡ്രൈവർമാരുടെ അശ്രദ്ധ നാൾക്കു നാൾ മേൽപ്പോട്ട് ഉയരുകയാണ്, കൂടെ അമിത വേഗവും. അപകടങ്ങളിൽ 62 ശതമാനം സംഭവിക്കുന്നതിലും അമിത വേഗത പ്രധാന കാരണം ആയി വിലയിരുത്തപ്പെടുന്നു.

കണക്കുകൾ പുറത്തു വന്നതിനെ തുടർന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരി പതിവ് പോലെ പ്രസ്താവനയുമായി രംഗത്ത് എത്തിയിട്ടുണ്ട്. പ്രസ്താവന നടത്താൻ ഇന്ത്യൻ നേതാക്കളെക്കാൾ മികവു ലോകത്ത് ഒരു രാഷ്ട്രീയ നേതാക്കൾക്കും ഇല്ലെന്നിരിക്കെ ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ സർക്കാർ തയ്യാറാകും എന്നതാണ് പ്രധാനമായി മാറുന്നത്. തന്റെ ഭരണകാലം ഓർത്തിരിക്കാൻ തക്ക മികവു ഉള്ളതായി മാറണം എന്ന നിർബന്ധ ബുദ്ധി കാട്ടുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ ഇക്കാര്യത്തിൽ എന്തെങ്കിലും പ്രതീക്ഷക്കു വകയുണ്ടോ എന്നതും പ്രധാനമാണ്. പുതിയ സർക്കാരിൽ ഗതാഗത മന്ത്രി ആയി എത്തിയിരിക്കുന്നത് എ. കെ. ശശീന്ദ്രൻ എന്ന പുതുമുഖം ആയതിനാലും ഉദ്യോഗസ്ഥരുടെ പതിവ് നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന കീഴ്‌വഴക്കം പിന്തുടരാൻ സാധ്യത ഏറെയാണ്. ഇവിടെയാണ് മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ ആവശ്യമായി വരേണ്ടത്. അതിനു ഇന്നത്തെ ബി ബി സി റിപ്പോർട്ടിന്റെ ഉള്ളടക്കം അദ്ദേഹം കാണേണ്ടിയിരിക്കുന്നു.

പേടിപ്പെടുത്തുന്ന ഈ റോഡ് അപകട നിരക്ക് കുറയ്ക്കാൻ എന്തെങ്കിലും പരിഹാരം കണ്ടെത്താൻ പിണറായി നയിക്കുന്ന സർക്കാരിന് കഴിഞ്ഞാൽ ആ ഒരൊറ്റ കാരണം മാത്രം മതിയാകും ചരിത്രത്തിനു അദ്ദേഹത്തിന്റെ ഭരണകാലം ഓർമ്മയിൽ സൂക്ഷിക്കാൻ. എന്നാൽ അതൊരു പ്രതീക്ഷ മാത്രമാണ്. കേരളത്തില ഇത്തരം കാര്യങ്ങളിൽ ആര് ഭരിച്ചാലും മാറ്റം ഉണ്ടാകില്ല എന്നതാണ് മുൻകാല അനുഭവങ്ങൾ . മാറാൻ തയ്യാറാകാതെ വിലങ്ങിച്ചു നിൽക്കുന്ന ജനത്തിന്റെ മനോഭാവം തന്നെയാണ് ഇതിനു പ്രധാന കാരണം. എന്നാൽ നിയമ സംവിധാനം ശക്തമാക്കിയാൽ അനുസരിക്കാൻ മലയാളികളോളം താൽപ്പര്യം ഉള്ള മറ്റൊരു കൂട്ടർ വേറെ ഇല്ലെന്നതും ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. ആരെയും പേടിക്കണ്ട എന്ന സാധാ മലയാളിയുടെ മനോഭാവം മാറ്റാൻ സമയം അതിക്രമിച്ചിരിക്കുന്നു. അതിനു കഴിയുന്ന ഒരാളായി പിണറായി വിജയന് മാറുമോ, കാത്തിരിക്കാം.