തിരുവനന്തപുരം: സോളാർ എന്നുകേട്ടാൽ അഴിമതിയെന്ന നിലയിലേക്ക് ജനം ചിന്തിച്ചുപോകുന്ന സ്ഥിതിയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉണ്ടായത്. എന്നാൽ കേരളം വലിയൊരു കുതിപ്പിലാണ് ഈ രംഗത്തെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തിന് തന്നെ മാതൃകയാകുന്ന സ്ഥിതിയിലേക്ക് സംസ്ഥാനത്ത് സോളാർ വൈദ്യുതി ഉപയോഗിക്കുന്ന വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും എണ്ണം അനുദിനം കൂടിവരികയാണിപ്പോൾ.

ജല, തെർമൽ പ്‌ളാന്റുകളിലെ വൈദ്യുതി എന്നതിന് പകരമായി സോളാർ പവർ എന്ന ഊർജ സ്രോതസ് ഉപയോഗിക്കാൻ നിരവധി സ്ഥാപനങ്ങൾ മുന്നോട്ടുവരികയും അതെല്ലാം തന്നെ വിജയം കാണുകയും ചെയ്യുന്നതോടെ ഇക്കാര്യത്തിൽ വലിയ കുതിപ്പാണ് കേരളത്തിൽ ഉണ്ടാവുന്നത്. പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയായി മാറിയ സംസ്ഥാനം സോളാർ ഊർജം ഫലപ്രദമായി ഉപയോഗിക്കുന്ന കാര്യത്തിലും വലിയ തോതിൽ മുന്നേറുന്നതായാണ് പുതിയ റിപ്പോർ്ട്ടുകൾ.

സോളാർ വൈദ്യുതി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അമ്പതു ശതമാനം വരെ സബ്‌സിഡി നൽകുന്ന കാലഘട്ടത്തിലാണ് കേരളത്തിൽ സോളാർ വിവാദം കത്തിപ്പടരുന്നത്. ഇത്തരത്തിൽ സോളാർ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും വിപണനം ചെയ്യാനും രാജ്യത്താകെ മുന്നൂറോളം കമ്പനികൾക്ക് അനുമതി ലഭിച്ചിരുന്നു. കേരളത്തിൽ അനർട്ടിന് ഈ അനുമതിയുണ്ട്. ഇവർ വഴി ഗുണഭോക്താക്കളെ കണ്ടെത്തിയാലേ അതിന് സബ്‌സിഡി ലഭിക്കൂ.

എന്നാൽ ഇത്തരം അനുമതിയൊന്നുമില്ലാതെ വന്ന ടീം സോളാർ എന്ന കമ്പനിയുടെ പ്രവർത്തനങ്ങളാണ് കേരളത്തിൽ സോളാർ വിവാദമായും അതിന്റെ മറവിൽ നടന്ന അഴിമതിയായും കത്തിപ്പടർന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അഴിമതിയുടെ ആരോപണമുനകൾ നീണ്ടതോടെ സോളാർ എന്നുകേട്ടാൽ ആരും ഞെട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിവരികയാണ്.

ഈ വിവാദങ്ങൾ ഏറെക്കുറെ കെട്ടടങ്ങിയ സ്ഥിതിയായതോടെ വീണ്ടും ഉണർവിലേക്കാണ് കേരളത്തിലെ സോളാർ പദ്ധതികൾ എത്തുന്നത്. ഇതോടെ വീണ്ടും രാജ്യത്ത് പരമ്പരാഗത ഊർജ സ്രോതസ്സുകൾ ഫലപ്രദമായി ഉപയോഗിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു. പൂർണമായും വൈദ്യുതീകൃത സംസ്ഥാനമെന്ന പദവിയിലേക്ക് സംസ്ഥാനം അടുക്കുമ്പോൾ അതിൽ സോളാർ വൈദ്യുതിക്കും നിർണായക പങ്കുണ്ട്. ഇതിനകം ആന്ധ്രയും ഗുജറാത്തും രാജ്യത്ത് നേടിയ പദവിയിലേക്കാണ് സംസ്ഥാനം എത്തുന്നതെങ്കിലും അതിൽ സോളാർ വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനമെന്ന നിലയിലേക്ക് കേരളം മാറുകയാണ്.

ഇതിനകം തന്നെ അനർട്ടിന്റെ നേതൃത്വത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സർക്കാർ ഏജൻസി കഴിഞ്ഞ വർഷം മാത്രം സോളാർ ശേഷിയിൽ അമ്പതു ശതമാനം പുരോഗതി നേടിക്കഴിഞ്ഞു. 200 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സോളാർ പദ്ധതികളിലൂടെ അനർട്ട് വഴി ലഭിച്ചത്.

സംസ്ഥാനത്താകെ 13000 സോളാർ വൈദ്യുതി പദ്ധതികളുണ്ട് ചെറുതും വലുതുമായി. അതിൽ നൂറെണ്ണം വലിയ പദ്ധതികളാണ്. ഭാവിയിൽ ഊർജരംഗത്ത് സൗരോർജത്തിന് നിർണായക സംഭാവനകൾ നൽകാൻ കഴിയുമെന്ന് ഉറപ്പിച്ചുകൊണ്ട് കേരളം മുന്നോട്ടുവയ്ക്കുന്ന ഒമ്പത് പദ്ധതികൾ ഇതിനകം ദേശീയ തലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

പ്‌ളസ് വൺ, ടു വിദ്യാർത്ഥികൾക്ക് സൗരോർജ റാന്തലുകൾ

കഴിഞ്ഞ സർക്കാരിന്റെ കാലം മുതലേ അനർട്ട് വളരെ കാര്യക്ഷമമായി നടപ്പാക്കുന്ന പദ്ധതിയാണിത്. വൈദ്യുതി ലഭിക്കാത്ത വീടുകളിൽ താമസിക്കുന്ന പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കു സൗജന്യമായി സൗരോർജ്ജ റാന്തൽ നൽകുന്ന പദ്ധതിയാണ് സൗരപ്രിയ. പത്തു വാട്ട് ശേഷിയുള്ള സോളാർ പാനലും ഏഴു വോട്ട് ശേഷിയുള്ള സിഎഫ്എൽ വിളക്കും അടങ്ങിയ 2190 രൂപയുടെ റാന്തലുകളാണ് വിതരണം ചെയ്യുന്നത്. ഒരു ദിവസം സൂര്യപ്രകാശം ലഭിച്ചാൽ നാല്-അഞ്ച് മണിക്കൂർ വരെ റാന്തൽ പ്രവർത്തിപ്പിക്കാം. അഞ്ചു വർഷം വാറണ്ടിയുള്ള സൗരോർജ റാന്തലിന്റെ ബാറ്ററിക്കു രണ്ടു വർഷം വാറണ്ടി ലഭിക്കും. സബ്‌സിഡിയോടെ മറ്റുള്ളവർക്കും ഈ റാന്തൽ സ്വന്തമാക്കാനും അനർട്ട് അവസരമൊരുക്കിയിട്ടുണ്ട്.

സിയാൽ പൂർണമായും സോളാറിലുള്ള ലോകത്തെ ആദ്യ എയർപോർട്ട്

പൂർണമായും സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ എയർപോർട്ട് എന്ന ബഹുമതി കൊച്ചിയിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം നേടിയതോടെ ഇത് സംസ്ഥാനത്തിന് അപൂർവ നേട്ടമായി. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാണ് ഇന്ന് നെടുമ്ബാശ്ശേരി. 45 ഏക്കറിലെ 46,000 സോളാർ പാനലുകൾ 60,000 യൂണിറ്റ് വൈദ്യുതിയാണ് ഒരു ദിവസം ഉത്പാദിപ്പിക്കുന്നത്. 2013 ൽ വിമാനത്താവളത്തിന്റെ മേൽക്കൂരയിൽ 400 സോളാർ പാനലുകൾ സ്ഥാപിച്ചു തുടങ്ങിയ പദ്ധതി വിജയം കണ്ടതോടെയാണ്, സോളാർപ്പാടങ്ങളിലേക്കും സൗരോർജക്കൊയ്ത്തിലെക്കും വ്യാപിപ്പിച്ചത്. ഇതിലൂടെ അടുത്ത 25 വർഷത്തിനുള്ളിൽ 300000 ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യം കഴിഞ്ഞുള്ള ഊർജം 'കെഎസ്ഇബി' ക്ക് വിൽക്കുകയും ചെയ്യുന്നു.

കേരള നിയമസഭയ്ക്കും ഇനി സോളാർ പവർ

ഇക്കഴിഞ്ഞ ഏപ്രിലിൽ ഈ സർക്കാർ പുതിയൊരു തീരുമാനം കൈക്കൊണ്ടു. സിയാൽ മോഡലിൽ സംസ്ഥാന നിയമസഭ തന്നെ സോളാർ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിലയിലേക്ക് മാറും. സഭാമന്തിരത്തിന്റെ മേൽക്കൂരയിൽ സ്ഥാപിക്കുന്ന സോളാർ പാനലുകൾ ഉപയോഗിച്ച് മന്തിരത്തിന്റെ ആവശ്യം പൂർണമായും നിറവേറ്റും വിധത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്ന പദ്ധതിയാണ് നടപ്പിലാകുക. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

സൗരോർജത്തിന്റെ പകിട്ടുമായി കൊച്ചി മെട്രോയും

അടുത്തുതന്നെ ഉദ്ഘാടനം കാത്തുനിൽക്കുന്ന കൊച്ചി മെട്രോ പദ്ധതിയും സൗരോർജം ഉപയോഗിക്കാൻ ഉറച്ചാണ് വിഭാവനം ചെയ്തിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ നാല് മെഗാവാട്ട് സോളാർ വൈദ്യുതി ലഭ്യമാക്കുന്നതിന് സ്വകാര്യ സംരംഭകരുമായാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) ധാരണാപത്രം ഒപ്പിട്ടത്. മെട്രോ സ്റ്റേഷനു മുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് നീക്കം. ഇതിന്റെ ആദ്യപടിയായി നാല് മെഗാവാട്ട് സോളാർ പവർ വാങ്ങുന്നതിനാണ് ധാരണാപത്രം ഒപ്പുവെച്ചത്. കെഎംആർഎൽ എംഡി ഏലിയാസ് ജോർജിന്റെ സാന്നിധ്യത്തിൽ ഹീറോ സോളാർ എനർജി ലിമിറ്റഡ് കമ്പനി അധികൃതരുമായാണ് കരാർ ഒപ്പിട്ടത്.

കരാർ പ്രകാരം ഒരു മെഗാവാട്ട് വൈദ്യുതി ഒക്ടോബർ രണ്ടോടെ ലഭ്യമാകും. മെട്രോയുടെ ആദ്യഘട്ടത്തിൽ 22 സ്റ്റേഷനുകളും ഒരു ഡിപ്പോയുമാണ് ഉൾപ്പെടുന്നത്. ഈ 22 സ്റ്റേഷനുകളുടെയും മെട്രോ യാർഡിലെ കെട്ടിടത്തിനു മുകളിലും സൗരോർജ പാനലുകൾ സ്ഥാപിക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്. വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനും അറ്റകുറ്റപ്പണിക്കുമെല്ലാമുള്ള ചെലവ് സ്വകാര്യ സംരംഭകർ വഹിക്കും. 27 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. രാജ്യത്തെ മെട്രോ പദ്ധതികളിൽ ഏറ്റവും കുറഞ്ഞ ചെലവിൽ സൗരോർജ പദ്ധതി നടപ്പാക്കുക കൊച്ചി മെട്രോയായിരിക്കും. ഒമ്പത് മാസത്തിനകം പദ്ധതി പൂർത്തിയാകും. പദ്ധതിച്ചെലവിന്റെ 15 ശതമാനം കേന്ദ്ര സഹായമായി കെഎംആർഎല്ലിന് ലഭിക്കും.

രാജ്യത്തെ ആദ്യ സൗരോർജ ബോട്ടായി കേരളത്തിന്റെ ആദിത്യ

ഇരുപത് മീറ്റർനീളവും ഏഴുമീറ്റർ വീതിയും ഉള്ള ബോട്ട്. മണിക്കൂറിൽ 14 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം. രാജ്യത്തെ ആദ്യ സൗരോർജ യാത്രാബോട്ടായ ആദിത്യ ഇക്കഴിഞ്ഞ ജനുവരിയിലാണ് നീറ്റിലിറക്കിയത്. ജലഗതാഗതവകുപ്പിന്റെ അരൂരിലെ യാർഡിൽ ആണ് ആദിത്യയുടെ നിർമ്മാണം നടന്നത്.

വൈക്കം മുതൽ തവണക്കടവുവരെ സർവീസ് നടത്താനാണ് ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിങ് അനുമതി നൽകിയിരിക്കുന്നത്. സാധാരണ വെയിലുള്ള ദിവസങ്ങളിൽ ആറരമണിക്കൂർ തുടർച്ചയായി യാത്രചെയ്യാം. ചാർജ് ചെയ്യാനുള്ള സോളാർ പാനലുകൾ ബോട്ടിനു മുകളിലാണ് നിരത്തിയിരിക്കുന്നത്. മലിനീകരണം ഇല്ലാതാക്കുന്നതിനും ജലഗതാഗതവകുപ്പിന്റെ ചെലവുകളിൽ കാര്യമായ കുറവുവരുത്തുന്നതുമാണ് സോളാർ ബോട്ടുകളെന്നതാണ് പ്രത്യേകത. വൈക്കത്ത് സർവീസ് വിജയകരമാകുന്നതോടെ ഭാവിയിൽ ജലഗതാഗത വകുപ്പ് പണിയുന്ന ബോട്ടുകൾ ഈ മാതൃകയിലേക്ക് മാറ്റാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

ശബ്ദമലിനീകരണവും അന്തരീക്ഷമലിനീകരണവും ജലമലിനീകരണവും ഇല്ലാത്ത ബോട്ട് സർവീസ് എന്നതാണ് പ്രത്യേകത. 75 പേർക്ക് ഇരിക്കാവുന്ന സോളാർ ബോട്ട് 1.5 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത്. കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ സബ്‌സിഡിയുംലഭിച്ചു.

സോളാർ ഓട്ടോകളും ഒരുക്കുന്ന കേരള മോഡൽ

അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതിൽ നഗരങ്ങളിൽ വലിയൊരു പങ്കുണ്ട് ഓട്ടോറിക്ഷകൾക്ക്. ഇതിനൊരു പരിഹാരമെന്ന നിലയിൽ ജോർജ്കുട്ടി കരിയാനപ്പള്ളി ഒരുക്കിയ സോളാർ ഓട്ടോറിക്ഷകളും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. പരിസ്ഥിതി മലിനീകരണം ഒട്ടുമില്ലാത്ത ഓട്ടോകളാണ് ഇദ്ദേഹം ഒരുക്കുന്നത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ സോളാർ ഓട്ടോ കൊച്ചിയിലെ നിരത്തിലിറങ്ങി.

ലൈഫ് വേ സോളാറാണ് ഇ-റിക്ഷ ഇറക്കിയത്. ആറു മണിക്കൂർ ചാർജ്ജ് ചെയ്താൽ 80 മുതൽ 100 കിലോ മീറ്റർ വരെ റിക്ഷ ഓടിക്കാനാകും. അതേസമയം പെട്രോൾ, ഡീസൽ റിക്ഷകളെ പോലെ പുകയും ശബ്ദവും ഇല്ലാത്തതിനാൽ ഇ-റിക്ഷ അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കില്ല. 30 കി.മീ വേഗത്തിൽ മാത്രം സഞ്ചരിക്കുന്ന ഇ-റിക്ഷ തിരക്കേറിയ നഗരത്തിലെ റോഡുകളിൽ ഉപയോഗിക്കാനാണ് ഏറ്റവും അനുയോജ്യം.

1.25 ലക്ഷം രൂപ വിലയുള്ള ഈ റിക്ഷയിൽ അഞ്ചു പേർക്ക് ഒരു സമയം യാത്ര ചെയ്യാം. രൂപമാറ്റം വരുത്തിയാൽ ചെറിയ കാറായും ഇതിനെ വികസിപ്പിച്ചെടുക്കാം. 1.5 മീറ്റർ നീളത്തിൽ ഒരു മീറ്റർ വീതിയിലാണ് സോളാർ പാനലുകൾ റിക്ഷയുടെ മുകളിൽ ഘടിപ്പിച്ചിട്ടുള്ളത്. ഇതുവഴി വാഹനത്തിലെ ബാറ്ററിയിലേക്ക് ചാർജ്ജ് ചെയ്യും. 12 വാൾട്ടിന്റെ നാലു ബാറ്ററികളാണ് വാഹനത്തിലുള്ളത്. സൗരോർജ്ജത്തിന്റെ അഭാവത്തിൽ വൈദ്യുതി വഴിയും ബാറ്ററി ചാർജ് ചെയ്യാനാകും.

5.4 കിലോവാട്ട് വൈദ്യുതിയുണ്ടാക്കി നേവിയുടെ കപ്പൽ ഐഎൻഎസ് സർവേക്ഷക്

കൊച്ചിയിലെ സതേൺ നേവൽ കമാൻഡിലുള്ള ഐഎൻഎസ് സർവേക്ഷക് എന്ന കപ്പലിലും സോളാർ വൈദ്യുതിയുണ്ട്. 5.4 കിലോവാട്ട് വൈദ്യുതിയാണ് ഈ കപ്പൽ ഉത്പാദിപ്പിക്കുന്നത്. കപ്പലിലെ എമർജൻസി ഡീസൽ അർട്ടർനേറ്റർ പ്രവർത്തിപ്പിക്കാനാണ് ഈ വൈദ്യുതി ഉപയോഗിക്കുന്നത്.

സംസ്ഥാനത്തൊട്ടാകെ 20 ലക്ഷംവരെ സോളാർ വാട്ടർ ഹീറ്ററുകൾ

വാട്ടർ ഹീറ്ററുകളാണ് സംസ്ഥാനത്ത് വൈദ്യുതി വൻതോതിൽ ഗാർഹിക തലത്തിൽ ഉപയോഗിക്കുന്നത്. അതിനാൽ ഈ രംഗത്ത് സോളാർ എനർജി ഉപയോഗിക്കാനായാൽ അത് സംസ്ഥാനത്തിന് വളരെ ഗുണംചെയ്യുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ 12 ലക്ഷം മുതൽ 20 ലക്ഷം വരെ സോളാർ വാട്ടർ ഹീറ്ററുകൾ വീടുകളിലേക്ക് എത്തിക്കാനുള്ള സർക്കാരിന്റെ പദ്ധതിയാണിത്. ഇത് നടപ്പാകുന്നതോടെ വൈദ്യുതി വകുപ്പിനും അത് നേട്ടമാകും. ജില്ലാ കളക്ടർമാർ മുഖേനയാണ് ഇത്രയും സോളാർ വാട്ടർ ഹീറ്ററുകൾക്ക് ഗുണഭോക്താക്കളെ ജില്ലാ അടിസ്ഥാനത്തിൽ കണ്ടെത്തുന്നത്.

സോളാർ വൈദ്യുതി പരിചയപ്പെടുത്താൻ എനർജി എജുക്കേഷൻ പാർക്ക്

അനർട്ടിന്റെ നേതൃത്വത്തിൽ സോളാർ എനർജി എജുക്കേഷൻ പാർക്കുകളും സ്ഥാപിക്കുന്നുണ്ട്. സോളാർ എനർജിയെപ്പറ്റി ബോധവൽക്കരണം നടത്താൻ ഉദ്ദേശിച്ചുള്ള പാർക്കുകൾ വരുന്നത് ഇതിന്റെ പ്രചാരണത്തിന് ഗുണംചെയ്യുമെന്നാണ് പ്രതീക്ഷ. കൂടുതൽ പേർ ആകൃഷ്ടരാവുന്ന സ്ഥിതി വന്നാൽ പതിയെപ്പതിയെ കേരളം പുതിയ ഊർജസ്രോതസ്സിലേക്ക് വലിയതോതിൽ മാറുമെന്ന പ്രതീക്ഷയാണ് ഉള്ളത്.