കണ്ണൂർ: തില്ലങ്കേരിയിൽ ഇന്നലെ ഒരു ആർഎസ്എസ് പ്രവർത്തകൻ കൂടി കൊലചെയ്യപ്പെട്ടപ്പോൾ കണ്ണൂർ വീണ്ടും സംഘർഷത്തിന്റെ ഭൂമിയാകുകയാണ്. പന്നിയോടൻഹൗസിൽ മാവില വിനീഷാണ് ഇന്നലെ രാത്രി വെട്ടേറ്റുമരിച്ചത്. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ ഇന്ന് ഹർത്താൽ ആദരിക്കുകയും ചെയ്തു. ഇതിനിലെ കൊല്ലപ്പെട്ട വിനീഷിനെ മുമ്പ് മോഷണ കേസിൽ അറസ്റ്റു ചെയ്തിരുന്നു. ഈ വാർത്തയുടെ പത്രക്കട്ടിങ് നിരത്തിയാണ് ആരോപണങ്ങലെ സിപിഐ(എം) പ്രവർത്തകർ സൈബർ ലോകത്ത് പ്രതിരോധിച്ചത്.

തലശേരിയിൽ വൻ കവർച്ച നടത്തി മാരകായുധങ്ങളുമായി പിടിയിലായ സംഘത്തിലെ പ്രധാനിയായിരുന്നു മരിച്ച പന്നിയോടൻഹൗസിൽ മാവില വിനീഷ്. കുപ്രസിദ്ധ മോഷ്ടാവിനെ ബലിദാനിയാക്കി ചിത്രീകരിക്കാനാണ് ആർഎസ്എസിന്റെ ഇപ്പോഴത്തെ ശ്രമമെന്ന് പറഞ്ഞാണ് പഴയ പത്രവാർത്ത സൈബർ ലോകത്ത് സിപിഐ(എം) പ്രചരിപ്പിക്കുന്നത്. നൂറ്റമ്പതു പവനിലേറെ സ്വർണവും രണ്ടരലക്ഷം രൂപയുടെ ഡോളറും ലക്ഷക്കണക്കിനു രൂപയും കവർന്ന കേസിലാണ് വിനീഷ് പിടിയിലായിരുന്നത്. നിരവധി കേസുകളിൽ പ്രതിയുമായിരുന്നു. ശനിയാഴ്ച രാത്രി എെേട്ടയാടെയാണു വിനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐ(എം) പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഐ(എം) ആരോപണം.

കോൺഗ്രസ് നേതാവിന്റെ വീടിന് ബോംബെറിഞ്ഞതുൾപ്പെടെ നിരവധികേസുകളിൽ പ്രതിയായിരുന്നു വിനീഷ്. വീട് കൊള്ളയടിച്ച കേസിൽ പിടിയിലായപ്പോൾ ആർഎസ്എസുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം. 2015 ജൂലൈ പത്തിനാണ് ലൈറ്റ്‌നിങ്ങ് സംവിധാനമുള്ള ഇരുതലമൂർച്ചയുള്ള കത്തിയും മോഷണത്തിനുപയോഗിക്കുന്ന സാമഗ്രികളുമായി വിനീഷ് ഉൾപ്പെട്ട സംഘത്തെ തലശേരി സിഐ അറസ്റ്റ് ചെയ്തത്. അന്തർസംസ്ഥാന മോഷ്ടാവ് കൊല്ലം കരുനാഗപ്പള്ളി ചെറിയ അഴീക്കൽ താഴച്ചേരി ഹൗസിൽ പ്രകാശ്ബാബു എന്ന മുഹമ്മദ് നിയാസ് (37), പാനൂർ വള്ളങ്ങാട്ടെ ആർഎസ്എസ് ശാഖാ മുഖ്യശിക്ഷക് ആയിരുന്ന എരഞ്ഞിക്കന്റവിട നിവേദ് എന്ന അപ്പു (22), സഹോദരൻ എരഞ്ഞിക്കന്റവിട നവനീത് എന്ന കുക്കു (23), മാഹി ചെമ്പ്ര സ്വദേശികളായ കുന്നുമ്മൽ ഹൗസിൽ അനീഷ്‌കുമാർ (22), ആർഎസ്എസ് ചെമ്പ്ര ശാഖ മുഖ്യശിക്ഷക് ആയിരുന്ന അയനിയാട്ട് വീട്ടിൽ ഇളവരശൻ എന്ന കാരി സതീഷ് (28)എന്നിവരും ഒപ്പം പിടിയിലായിരുന്നു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് യുസി തില്ലങ്കേരിയുടെ വീടിന് ബോംബെറിഞ്ഞ കേസിൽ കണ്ണൂർ സബ്ജയിലിൽ റിമാൻഡിൽ കഴിയുമ്പോൾ വിനീഷും വിഗ്രഹ മോഷ്ടാവായ പ്രകാശ്ബാബുവുമായുള്ള അടുപ്പമാണ് വിനീഷിനെ മോഷ്ടാവാക്കിയത്. ആർഎസ്എസ് പ്രചാരകരെന്ന വ്യാജേന പാനൂർ വള്ളങ്ങാട്ടെയും താഴെ കുന്നോത്തുപറമ്പിലെയും വീടുകളിൽ താമസിപ്പിച്ചാണ് മോഷണത്തിന് സൗകര്യമൊരുക്കിയത്. ആർഎസ്എസ് ബന്ധം ഉപയോഗിച്ച് പാനൂരിലെയും മറ്റും ജൂവലറികളിലാണ് മോഷ്ടിച്ച സ്വർണംവിറ്റത്. കവർച്ച നടത്തി പണമുണ്ടാക്കി കർണാടകത്തിൽ വലിയ ബിസിനസ് തുടങ്ങാനായിരുന്നു പദ്ധതി. 2014 ഓഗസ്റ്റ് മുതലാണ് സംഘം ഒത്തുചേർന്ന് മോഷണം ആരംഭിച്ചത്. കോഴിക്കോട് ജില്ലയിൽ മാത്രം എട്ടു വീടുകളിൽ കൊള്ള നടത്തി. തലശേരിക്കടുത്ത മഞ്ഞോടി പുല്ലമ്പിൽ റോഡിലെ ഡോ. ധനപാലിന്റെ വീട്ടിൽനിന്ന് 2014 ഒക്ടോബർ നാലിന് സ്വർണവും പണവും കവർന്നതും വിനീഷ് ഉൾപ്പെട്ട സംഘമായിരുന്നു.

തലശേരിക്കടുത്ത മഞ്ഞോടി കണ്ണിച്ചിറയിലെ ഡോ. ഹേമലതയുടെ വീട്ടിലേതുൾപ്പെടെ തലശേരി മേഖലയിലെ ആറും പാനൂരിനടുത്ത മൊകേരി കുനിമ്മൽ ടി പി പുരുഷുവിന്റെ വീട്ടിലെ കവർച്ച ഉൾപ്പെടെ പാനൂർ മേഖലയിൽ ഒമ്പത് വീടുകളിൽ കവർച്ച നടത്തി. മാഹി ചാലക്കരയിലെ ജോയ് പെരേരയുടെ ആളില്ലാത്ത വീട്ടിൽ കയറി സ്വർണവും പണവും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മോഷ്ടിച്ചു. കർണാടക, തമിഴ്‌നാട് പൊലീസ് ലുക്ക്ഔട്ട്‌നോട്ടീസ് പുറപ്പെടുവിച്ച വിഗ്രഹമോഷ്ടാവായ പ്രകാശ്ബാബുവുമായി ചേർന്നായിരുന്നു വിനീഷ് ഉൾപ്പെടെയുള്ള സംഘത്തിന്റെ കവർച്ച.

മാഹി ചെമ്പ്രയിലെയും പാനൂർ വള്ളങ്ങാട്ടെയും ആർഎസ്എസുകാർ വിനീഷ് മുഖേനയാണ് മോഷണവിദഗ്ധനായ പ്രകാശ്ബാബുവുമായി അടുക്കുന്നതും പങ്കാളികളാവുന്നതും. പകൽ മുഴുവൻ വീട്ടിലും രാത്രി മോഷണവും ഇതായിരുന്നു പരിപാടി. സ്‌കൂൾ ബാഗിനുള്ളിൽ മോഷണസാമഗ്രികളും ചുമലിലിട്ട് പുറത്തിറങ്ങിയ സംഘത്തെ ആരും സംശയിച്ചിരുന്നില്ല. എന്തായാലും 150 പവനിലേറെ കവർന്ന മോഷണ സംഘത്തിൽപ്പെട്ടയാളാണ് വിനീഷ് എന്ന വാർത്ത സിപിഐ(എം) സൈബർ ലോകത്ത് ആഘോഷമാക്കുന്നുണ്ട്.