തിരുവനന്തപുരം: മൂന്ന് എംഎൽഎമാരുടെ ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയത് മുതൽ കേരളത്തിൽ പറഞ്ഞുതുടങ്ങിയതാണ് ഇനി അഞ്ച് വർഷം എന്തൊക്കെ സഹിക്കണം എന്ന ചോദ്യം. ഇതിന് കാരണം ഒറ്റ എംഎൽഎ ഇടഞ്ഞാൽ പോലും മന്ത്രിസഭയുടെ നിലനിൽപ്പ് പ്രതിസന്ധിയിൽ ആകും എന്നതായിരുന്നു. ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിൽ ആരോപണ വിധേയനെ കൈവിടുന്ന തത്വമാണ് മുൻകാലങ്ങളിൽ പ്രയോഗിച്ച് പോന്നത്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ സ്ഥിതി വ്യത്യസ്താമായിരുന്നു. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായപ്പോൾ കേസൊതുക്കാൻ വേണ്ടിയും ആളുകതളെ സംതൃപ്തിപ്പെടുത്താൻ വേണ്ടിയും നിയമം അൽപ്പം വളഞ്ഞു നിന്നു. ഇങ്ങനെ ബ്ലാക്‌മെയ്‌ലിങ് തന്ത്രങ്ങളും ഭീഷണിയും പുറത്തെടുത്തതോടെ കേസുകളുടെ അന്വേഷണങ്ങൾ പ്രഹസനമാകുകയാണ്. മിക്ക കേസുകളും ഉന്നത ഇടപെടലിനെ തുടർന്ന് അട്ടിമറിക്കപ്പെടുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ കേരളം കാണുന്നത്.

സർക്കാർ ചീഫ് വിപ്പ് പി സി ജോർജ്ജായിരുന്നു ആദ്യം ഈ ഭീഷണി തന്ത്രം പുറത്തെടുത്ത് തുടക്കമിട്ടത്. പാമോലിൻ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായി വിധി പറഞ്ഞ ജഡ്ജിയെ ജോർജ്ജ് ഭീഷണിപ്പെടുത്തിയെന്ന ആരോപണമായിരുന്നു ഒന്ന്. ഉമ്മൻ ചാണ്ടിക്ക് വേണ്ടി ജോർജ്ജിനെ ഉപയോഗിക്കുകയായിരുന്നു എന്നും ആരോപണങ്ങൾ ഉയർന്നു. പിന്നീട് പല വേളയിലും ജോർജ്ജ് അവസരം മുതലെടുത്തു. മന്ത്രിസഭയിലെ അന്തപ്പുര രഹസ്യങ്ങൾ പലതും അറിവുള്ള ജോർജ്ജ് അന്തപ്പുര രഹസ്യങ്ങൾ വെളിയിൽ വിടുമെന്ന് ഭീഷണിപ്പെടുത്തി കാര്യം നേടുകയായിരുന്നു. ജോർജ്ജിന്റെ ഭീഷണിക്ക് മുന്നിലാണ് ഗണേശ് കുമാറിന്റെ മന്ത്രിസ്ഥാനം തെറിക്കുന്നതും പിന്നീട് നെല്ലിയാമ്പതി എസ്റ്റേറ്റ് വിഷയത്തിൽ തന്റെ ഭാഗം വിജയിപ്പിക്കാൻ ജോർജ്ജിന് സാധിക്കുന്നതും. ജോർജ്ജിന്റെ പാതയിൽ സരിതയും ബിജു രമേശും വന്നു. പിന്നീട് റുക്‌സാനയുടെയും ബിന്ധ്യയുടെയും പേരുകൾ ഉയർന്നുവന്നു. ഇപ്പോഴിതാ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജും സർക്കാറിനോട് ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്നു.

തനിക്കറിയാവുന്ന കാര്യങ്ങൾ എല്ലാം തുറന്നുപറയുമെന്നും തന്നെ കുടുക്കിയാൽ പലരുടെയും പേരുകൾ പറയേണ്ടി വരുമെന്നുമാണ് സൂരജിന്റെ ഭീഷണി. സുരാജിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങി സർക്കാർ വഴങ്ങിയേക്കുമെന്ന സൂചനകളും പുറത്തുവന്നുകഴിഞ്ഞു. മാദ്ധ്യമങ്ങളിലൂടെ ഭീഷണി മുഴക്കി കാര്യം നേടുന്ന ശൈലി നമ്മുടെ അന്വേഷണ ഏജൻസികളെ തീർത്തും നോക്കുകുത്തിയാക്കുയാണ്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി. ഒ. സൂരജിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുന്മന്ത്രി കെ. ബി. ഗണേശ്കുമാറാണ് ഏറ്റവും ഒടുവിൽ ഭീഷണി മുഴക്കിയിരിക്കുന്നത്. അഴിമതിക്കാരായ രണ്ട് ഉന്നതരുടെ പേരുവിവരങ്ങൾ നിയമസഭയിൽ വെളിപ്പെടുത്തുമെന്നാണ് ഗണേശിന്റെ ഭീഷണി.

സോളാർ കേസിന്റെ വേളയിൽ തന്റെ കാര്യസാധ്യത്തിനായി സരിത എസ് നായരാണ് ഈ ഭീഷണികൾ ഫലപ്രദമായി ഉപയോഗിച്ചത്. പല പ്രമുഖർക്കുമെതിരെ സൂചനകളിലൂടെയും അല്ലാതെയും സരിത ഭീഷണിയുമായി രംഗത്തെത്തി. ചിലത് ഫലിച്ചപ്പോൾ ചിസലത് ചീറ്റിപ്പോയി. സരിതയുടെ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ വരച്ച വരയിൽ നിർത്താൻ അവസാനം അവർക്കെതിരെ പോലും ഭീഷണി മുഴക്കി. വാട്‌സ് ആപ്പിൽ വന്ന സ്വന്തം അശ്ലീല ചിത്രങ്ങൾ റെയ്ഡിൽ പൊലീസ് പിടിച്ചെടുത്ത തന്റെ ലാപ്പ്‌ടോപ്പിൽ നിന്നുള്ളതാണെന്നായിരുന്നു ഭീഷണി. ഈ ഭീഷണിയിൽ പൊലീസ് ഉദ്യോഗസ്ഥർ വീണില്ല. പക്ഷേ, രാഷ്ട്രീയ നേതാക്കളിൽ പലരും വിറച്ചു. കാരണം, അവർ പല നേതാക്കൾക്കും സരിതയുടെ ഈ ചിത്രങ്ങൾ മൊബൈൽ വഴി കൈമാറിയിരുന്നു. വാട്‌സ് ആപ്പും ഉപയോഗിച്ചു. അന്വേഷണം വന്നാൽ തങ്ങൾ കുടങ്ങുമോ എന്ന പേടിയിലായി അവർ.

എന്തായാലും പേടിപ്പിക്കേണ്ടവരെ പേടിപ്പിക്കാൻ സരിതയ്ക്ക് ഈ ഭീഷണി ആയുധത്തിലൂടെ സാധിച്ചിട്ടുണ്ട്. അഴിമതി കേസിൽ വിജിലൻസിന്റെ പിടിയിലായ ടി. ഒ. സൂരജും സരിതയുടെ തന്ത്രം തന്നെ പ്രയോഗിച്ചിരിക്കുകയാണ്. മഹാന്മാരെന്ന് സ്വയം നടിക്കുന്ന പലരുടെയും പല കാര്യങ്ങളും തനിക്ക് അറിയാമെന്നും പ്രതികരിക്കേണ്ട സാഹചര്യം സൃഷ്ടിച്ചാൽ പ്രതികരിക്കുമെന്നുമാണ് സൂരജിന്റെ ഭീഷണി. ഈ ഭീഷണിയിലൂടെ അന്വേഷണത്തിന്റ ഊർജ്ജം ചോർത്താൻ കഴിഞ്ഞേക്കും. അദ്ദേഹത്തിന്റെ വഴിവിട്ട സഹായം പറ്റിയിട്ടുള്ള രാഷ്ട്രീയ നേതാക്കൾക്ക് ഇനി പ്രശ്‌നത്തിൽ ഇടപെടേണ്ടി വരും. അന്വേഷണത്തിൽ ഇപ്പോൾ കണിക്കുന്ന ശുഷ്‌കാന്തി മാദ്ധ്യമങ്ങളുടെ ശ്രദ്ധമാറുമ്പോൾ കെട്ടടങ്ങിയേക്കാം.

ഗണേശ്കുമാറാകട്ടെ, സൂരജ് പറഞ്ഞതെല്ലാം സത്യമാണെന്ന് അവകാശപ്പെട്ടിരിക്കുകയാണ്. അഴിമതിക്കാരായ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ തനിക്ക് അറിയാമെന്നും അവർക്കെതിരെ തെളിവുകളുണ്ടെന്നുമാണ് ഗണേശിന്റെ ഭീഷണി. സർക്കാരിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന രണ്ട് ഉന്നതോദ്യോഗസ്ഥരാണ് ഗണേശിന്റെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു. ഒരാൾ അഡിഷണൽ ചീഫ്‌സെക്രട്ടറിയും മറ്റൊരാൾ പ്രിൻസിപ്പൽ സെക്രട്ടറിയുമാണ്. നേരത്തെ തന്നെ കുഴപ്പക്കാരെന്ന് പേരു കേട്ട ഇരുവരും ചില മന്ത്രിമാർക്ക് വേണ്ടപ്പെട്ടവരാണ്. വഴിവിട്ട ബന്ധങ്ങൾ മന്ത്രിമാരുമായി ഇവർക്കുണ്ട്. മന്ത്രിസ്ഥാനം ലക്ഷ്യമിട്ടാണ് ഗണേശിന്റെ ഇപ്പോഴത്തെ നീക്കം.

തന്റെ മന്ത്രി സ്ഥാനം തെറിപ്പിക്കാൻ കൂട്ടു നിന്ന മന്ത്രിമാർക്ക് ഉറക്കമില്ലാത്ത രാവുകൾ സമ്മാനിക്കാനാണ് ശ്രമം. സൂരജ് വാർത്തകളിൽ ഇടംപിടിച്ചതോടെ ആശ്വാസിക്കുന്നത് കെ എം മാണിയാണ്. ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ ഇപ്പോൾ കേൾക്കാൻ പോലുമില്ലാത്ത അവസ്ഥയാണ്. ആരോപണം ഉന്നയിച്ച ബിജു രമേശും അടങ്ങിയിരിക്കുകയാണ്. ബിജുവിന്റെ ആവശ്യങ്ങൾ ചിലത് സർക്കാർ അംഗീകരിച്ചോ ഇല്ലയോ എന്നറിയാൻ അൽപ്പംകൂടി കാത്തിരിക്കേണ്ടി വരും. എന്തായാലും ബ്ലാക്‌മെയ്‌ലിംഗിന്റെ സ്വന്തം നാടായി കേരളം മാറിയിട്ടുണ്ട്.