കൊച്ചി: ലോകം പുതുവർഷത്തെ വരവേൽക്കുന്ന രാത്രി കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബാഗ്ലൂർ എഫ്സിയും തമ്മിലുള്ള മത്സരം മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടത്താനൊരുങ്ങി അധികൃതർ. ഈ മാസം 31 ന് പൊലീസിന്റെ സുരക്ഷ ലഭിക്കില്ലെന്ന് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മീഷ്ണർ ഐഎസ്എൽ അധികൃതരെ അറിയിച്ചിരുന്നു.

ഇന്നലെ കൊച്ചി പൊലീസ് അധികൃതരും ഐഎസ്എൽ അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിൽ സമവായമുണ്ടാകാത്ത സാഹചര്യത്തിലാണ് മത്സരവുമായി മുന്നോട്ട് പോകാൻ ഐഎസ്എൽ അധികൃതർ തീരുമാനിച്ചത്. ഫോർട്ട് കൊച്ചിയിലും, നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും, ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിലവിൽ സ്റ്റേഡിയത്തിൽ സുരക്ഷ ഒരുക്കുന്ന പൊലീസുകാരുടെ എണ്ണം വെട്ടിച്ചുരുക്കേണ്ടിവരുമെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം പൊലീസിന്റെ എണ്ണം കുറഞ്ഞാലും മത്സരം നടത്തുമെന്ന നിലപാടിലാണ് കേരള ബ്ലാസ്റ്റേഴ്സും ഐഎസ്എൽ അധികൃതരും. എന്നാൽ ഇക്കാര്യത്തിൽ പൊലീസും ഐഎസ്എൽ അധികൃതരും ഔദ്യോഗികമായി ഒരറിയിപ്പും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ടിക്കറ്റെല്ലാം ഓൺലൈനിൽ വിറ്റഴിച്ച മത്സരം മാറ്റിവെയ്ക്കാൻ സാധിക്കില്ലെന്നാണ് ഐഎസ്എൽ അധികൃതരുടെ വാദം. പുതുവല്സരതലേന്ന് ഫോർട്ട് കൊച്ചിയിൽ മാത്രമായി 3000 ത്തോളം പൊലീസിനെ വിന്യസിക്കേണ്ടി വരും. ഇതിന് പുറമേ ശബരിമല ഡ്യൂട്ടിക്കായും പൊലീസ് പോയിട്ടുണ്ട്. ഐഎസ്എൽ മത്സരം നിയന്ത്രിക്കാൻ 800 പൊലീസുകാരെയാണ് ഇതുവരെ നിയോഗിച്ചിരുന്നത്. ഡിസംബർ 31 ലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 1200 പൊലീസുകാരെങ്കിലും വേണ്ടിവരും. ഇതാണ് കൊച്ചി സിറ്റി പൊലീസിനെ കുഴയ്ക്കുന്നത്.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സിറ്റിപൊലീസ് കമ്മീഷ്ണർ എസ് വി ദിനേശ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനും ഐഎസ്എൽ സംഘാടകർക്കും കത്ത് നൽകിയിരുന്നു. 31 ലെ മത്സരത്തിന് സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് വിശദീകരിക്കുന്ന ഈ കത്താണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ചൊവ്വാഴ്ചയാണ് കത്ത് കമ്മീഷ്ണർ അധികൃതർക്ക് കൈമാറിയത്. പുതുവൽസരതലേന്ന് മത്സരം നിശചയിച്ചത് ഐഎസ്എൽ സംഘാടകരാണ്. മത്സരത്തിന്റെ ഷെഡ്യൂൾ മാസങ്ങൾക്ക് മുന്നേ തയ്യാറാക്കുകയും ചെയ്തിരുന്നു. അപ്പോഴൊന്നും പുതുവത്സരതലേന്ന മത്സരങ്ങൾ നടക്കുമ്പോഴുണ്ടാകാനിടയുള്ള പ്രശ്നങ്ങൾ ചർച്ചയ്ക്ക് വന്നിരുന്നുമില്ല. ചൊവ്വാഴ്ച പൊടുന്നനെയാണ് പൊലീസ് ശക്തമായ നിലപാട് സ്വീകരിക്കുന്നതെന്നാണ് മത്സര സംഘാടകരുടെ പക്ഷം.

ഈ സീസണിന്റെ തുടക്കത്തിലേ കൊച്ചി പൊലീസും മത്സര സംഘാടകരുമായി നേരിയ തർക്കങ്ങൾ ഉണ്ടായിരുന്നു. കൊച്ചിയിലെ ആദ്യമത്സരത്തിൻ ശേഷം, വിഐപികളുടെ സുരക്ഷ ചുമതല ഗോവ ആസ്ഥാനമായ സ്വകാര്യ സുരക്ഷ ഏജൻസിയായ തണ്ടർഫോഴ്സിനെ ഏൽപ്പിച്ചതാണ് പൊലീസിനെചൊടിപ്പിച്ചത്. തണ്ടർ ഫോഴ്സിന്റെ നൂറോളം വരുന്ന ആയുധധാരികളും അല്ലാത്തവരുമായ സേനയുടെ സുരക്ഷവലയത്തിലായിരുന്നു ആദ്യത്തേത് ഒഴികെയുള്ള മത്സരങ്ങൾ. 40,000 കാണികളാണ് പുതുവത്സര തലേന്ന് നടക്കുന്ന മത്സരം വീക്ഷിക്കാൻ എത്തുന്നത്. ഈ ദിവസത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എത്ര പൊലീസുകാർ സുരക്ഷ ഒരുക്കാൻ വേണ്ടിവരുമെന്ന് പോലും മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കില്ല. മാത്രമല്ല, എല്ലാ ജില്ലകളിലും 31 ന് സുരക്ഷ ഒരുക്കേണ്ടതിനാൽ മറ്റ് ജില്ലകളിൽ നിന്ന് പൊലീസിനെ കൊച്ചിയിലേക്ക് നിയോഗിക്കുന്നതും എളുപ്പമാകില്ലെന്നാണ് പൊലീസിന്റെ വാദം.

സിറ്റിപൊലീസ് കമ്മീഷ്ണർക്കാണ് സ്റ്റേഡിയത്തിന്റെ സുരക്ഷ ചുമതല. 31 ന് ഫോർട്ട് കൊച്ചി, മറൈൻഡ്രൈവ് അടക്കമുള്ള സ്ഥലങ്ങളിൽ സുരക്ഷ ഒരുക്കുന്നതിനോടൊപ്പം, വൻകിട ഹോട്ടലുകൾ, പാർട്ടി സ്ഥലങ്ങൾ, ബോട്ടുകൾ, മാളുകൾ തുടങ്ങി നഗരത്തിന്റെ മുക്കിലും മൂലയിലും പൊലീസിന്റെ നിരീക്ഷണം ആവശ്യമാണ്. ഈ സാഹചര്യത്തിൽ അന്നേദിവസം പൊലീസുകാരെ ലഭ്യമാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് മാത്രമാണ് മത്സരത്തിന്റെ സംഘാടകരെ അറിയിച്ചിരിക്കുന്നതെന്നാണ് എറണാകുളം റേഞ്ച് ഐജി പി വിജയൻ അറിയിക്കുന്നത്. മത്സരങ്ങൾ മാറ്റിവെയ്്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വ്യക്തമാക്കി. 31 വൈകുന്നേരം അഞ്ചരമുതലാണ് മത്സരം.