കൊച്ചി: പുതുവർഷത്തലേന്ന് സംഘടിപ്പിക്കുന്ന ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടാൽ കൊച്ചിയിൽ ആരാധകർ വലിയ സംഘർഷങ്ങൾ സൃഷ്ടിക്കുമെന്ന് ഇന്റെലിജൻസ് റിപ്പോർട്ട്. സ്റ്റേഡിയത്തിലും മെട്രോ സ്റ്റേഷനുകളിലും ഫോർട്ട്കൊച്ചിയിലും ആരാധകർ അക്രമങ്ങൾ അഴിച്ചുവിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനാൽ കൂടുതൽ പൊലീസ് സേനയെ നിയോഗിക്കണമെന്നും, അക്രമണത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണ ക്യമറകൾ സ്ഥാപിക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ 31 നുള്ള മത്സരം മാറ്റിവെയ്ക്കണമെന്ന് സിറ്റി പൊലീസ് ആവശ്യപ്പെട്ടതെന്നാണ് സൂചന. റിപ്പോർട്ടിന്റെ ഉള്ളടക്കം ഇന്റലിജൻസ് എഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സുമായോ ഐഎസ്എൽ സംഘാടകരുമായോ ചർച്ച നടത്താൻ സർക്കാർ തലത്തിൽ ഇതുവരെ ശ്രമമുണ്ടാകാത്തത് സംഘർഷത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്ല്യമാണെന്ന് ഉന്നതപൊലീസ് ഉദ്യോഗസ്ഥർ പോലും വിമർശനം ഉന്നയിക്കുന്നുണ്ട്.

കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബാഗ്ലൂർ എഫ്സിയും തമ്മിലുള്ള മത്സരം മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടത്താനൊരുങ്ങിയതോടെയാണ് പൊലീസ് ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ കുഴങ്ങുന്നത്. ഈ മാസം 31 ന് പൊലീസിന്റെ സുരക്ഷ ലഭിക്കില്ലെന്ന് കഴിഞ്ഞ ആഴ്ച സിറ്റി പൊലീസ് കമ്മീഷ്ണർ ഐഎസ്എൽ അധികൃതരെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊച്ചി പൊലീസ് അധികൃതരും ഐഎസ്എൽ അധികൃതരും തമ്മിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ ടിക്കറ്റുകൾ നേരത്തെ വിറ്റുതീർന്നതിനാൽ മത്സരം മാറ്റിവെയ്ക്കാനാകില്ലെന്നാണ് സംഘാടകരുടെ നിലപാട് അറിയിച്ചത്. ഫോർട്ട് കൊച്ചിയിലും, നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും, ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിലവിൽ സ്റ്റേഡിയത്തിൽ സുരക്ഷ ഒരുക്കുന്ന പൊലീസുകാരുടെ എണ്ണം വെട്ടിച്ചുരുക്കേണ്ടിവരുമെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം പൊലീസിന്റെ എണ്ണം എത്ര കുറഞ്ഞാലും മത്സരം നടത്തുമെന്നാണ് മത്സരത്തിന്റെ സംഘാടകർ നേരത്തെ സ്വീകരിച്ച നിലപാട്. തണ്ടർഫോഴ്സ് ഉൾപ്പടെയുള്ള സ്വകാര്യ സുരക്ഷ ഏജൻസിയെ കൂടുതലയായി സ്റ്റേഡിയത്തിൽ വിന്ന്യസിക്കാനാണ് മത്സര സംഘാടകരുടെ തീരുമാനം. അമ്പതോളം തണ്ടർഫോഴ്സ് സുരക്ഷ ജീവനക്കാരാണ് നിലവിൽ മത്സരത്തിനെത്തുന്ന വിഐപി, വിവിഐപികളുടെ സുരക്ഷ ചുമതല ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ പൊലീസും ഐഎസ്എൽ അധികൃതരും ഔദ്യോഗികമായി ഇതുവരെ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. പുതുവത്സരതലേന്ന് ഫോർട്ട് കൊച്ചിയിൽ മാത്രമായി 3000 ത്തോളം പൊലീസിനെ വിന്യസിക്കേണ്ടി വരും. ഇതിന് പുറമേ ശബരിമല ഡ്യൂട്ടിക്കായും പൊലീസ് പോയിട്ടുണ്ട്. ഐഎസ്എൽ മത്സരം നിയന്ത്രിക്കാൻ 800 പൊലീസുകാരെയാണ് ഇതുവരെ നിയോഗിച്ചിരുന്നത്. ഡിസംബർ 31 ലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇരട്ടിയിലധികം പൊലീസുകാരെങ്കിലും വേണ്ടിവരും. ഇതാണ് കൊച്ചി സിറ്റി പൊലീസിനെ കുഴയ്ക്കുന്നത്.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സിറ്റിപൊലീസ് കമ്മീഷ്ണർ എസ് വി ദിനേശ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനും ഐഎസ്എൽ സംഘാടകർക്കും കത്ത് നൽകിയിരുന്നു. 31 ലെ മത്സരത്തിന് സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് വിശദീകരിക്കുന്ന ഈ കത്താണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കത്ത് കമ്മീഷ്ണർ അധികൃതർക്ക് കൈമാറിയത്. പുതുവൽസരതലേന്ന് മത്സരം നിശ്ചയിച്ചത് ഐഎസ്എൽ സംഘാടകരാണ്. മത്സരത്തിന്റെ ഷെഡ്യൂൾ മാസങ്ങൾക്ക് മുന്നേ തയ്യാറാക്കുകയും ചെയ്തിരുന്നു. അപ്പോഴൊന്നും പുതുവത്സരതലേന്ന മത്സരങ്ങൾ നടക്കുമ്പോഴുണ്ടാകാനിടയുള്ള പ്രശ്നങ്ങൾ ചർച്ചയ്ക്ക് വന്നിരുന്നുമില്ല. ചൊവ്വാഴ്ച പൊടുന്നനെയാണ് പൊലീസ് ശക്തമായ നിലപാട് സ്വീകരിക്കുന്നതെന്നാണ് മത്സര സംഘാടകരുടെ പക്ഷം. 31 വൈകുന്നേരം അഞ്ചരമുതലാണ് മത്സരം. സിറ്റിപൊലീസ് കമ്മീഷ്ണർക്കാണ് സ്റ്റേഡിയത്തിന്റെ സുരക്ഷ ചുമതല.

ഈ സീസണിന്റെ തുടക്കത്തിലേ കൊച്ചി പൊലീസും മത്സര സംഘാടകരുമായി നേരിയ തർക്കങ്ങൾ ഉണ്ടായിരുന്നു. കൊച്ചിയിലെ ആദ്യമത്സരത്തിൻ ശേഷം, വിഐപികളുടെ സുരക്ഷ ചുമതല ഗോവ ആസ്ഥാനമായ സ്വകാര്യ സുരക്ഷ ഏജൻസിയായ തണ്ടർഫോഴ്സിനെ ഏൽപ്പിച്ചതാണ് പൊലീസിനെചൊടിപ്പിച്ചത്. തണ്ടർ ഫോഴ്സിന്റെ നൂറോളം വരുന്ന ആയുധധാരികളും അല്ലാത്തവരുമായ സേനയുടെ സുരക്ഷവലയത്തിലായിരുന്നു ആദ്യത്തേത് ഒഴികെയുള്ള മത്സരങ്ങൾ. 40,000 കാണികളാണ് പുതുവത്സര തലേന്ന് നടക്കുന്ന മത്സരം വീക്ഷിക്കാൻ എത്തുന്നത്. ഈ ദിവസത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എത്ര പൊലീസുകാർ സുരക്ഷ ഒരുക്കാൻ വേണ്ടിവരുമെന്ന് പോലും മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കില്ല. മാത്രമല്ല, എല്ലാ ജില്ലകളിലും 31 ന് സുരക്ഷ ഒരുക്കേണ്ടതിനാൽ മറ്റ് ജില്ലകളിൽ നിന്ന് പൊലീസിനെ കൊച്ചിയിലേക്ക് നിയോഗിക്കുന്നതും എളുപ്പമാകില്ലെന്നാണ് പൊലീസിന്റെ വാദം.

31 ന് ഫോർട്ട് കൊച്ചി, മറൈൻഡ്രൈവ് അടക്കമുള്ള സ്ഥലങ്ങളിൽ സുരക്ഷ ഒരുക്കുന്നതിനോടൊപ്പം, വൻകിട ഹോട്ടലുകൾ, പാർട്ടി സ്ഥലങ്ങൾ, ബോട്ടുകൾ, മാളുകൾ തുടങ്ങി നഗരത്തിന്റെ മുക്കിലും മൂലയിലും പൊലീസിന്റെ നിരീക്ഷണം ആവശ്യമാണ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലുകളിൽ വൻതോതിൽ കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകളുടെ ഉപയോഗം അന്നേദിവസം നടക്കാൻ സാധ്യതയുണ്ടെന്നാണ് ഷാഡോ പൊലീസും ഇന്റെലിജൻസും നൽകുന്ന മറ്റൊരു റിപ്പോർട്ട്. ഡിജെ പാർട്ടികളിലും, മറ്റ് കൾച്ചറൽ പ്രോഗ്രാമുകൾ നടക്കുന്ന ഇടങ്ങളിലും ശക്തമായ നിരീക്ഷണം വേണമെന്നാണ് റിപ്പോർട്ട് പറയുന്നത്. കായലിലും കരയിലും ഒരേപോലെ ശക്തമായ നിരീക്ഷണം വേണമെന്നാണ് റിപ്പോർട്ടിന്റ ഉള്ളടക്കം. ഇതിനായി കോസ്റ്റ് ഗാർഡും പൊലീസും ഒന്നിച്ചുള്ള കോമ്പിംങ് ഓപ്പറേഷനാണ് പ്ലാൻ ചെയ്തിരിക്കുന്നത്.