തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തക്കാരൻ ഗൗതം അദാനിയുടെ തുറമുഖ കമ്പനിക്ക് നൽകാൻ തീരുമാനം കൈക്കൊണ്ടതോടെ ഇനി കാര്യങ്ങളെല്ലാം അതിവേഗത്തിൽ മുന്നോട്ടു നീങ്ങും. തത്വത്തിൽ മന്ത്രിസഭയുടെ അനുമതി മാത്രമാണ് ഇനി ആവശ്യം. ഇത് എത്രയും വേഗം ലഭ്യമാക്കുമെന്ന് തുറമുഖ മന്ത്രി കെ ബാബു തന്റെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേരളത്തിന്റെ സ്വപ്‌ന പദ്ധതി നാല് വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. റിസോർട്ട് മാഫിയക്കാരുടെ പാരയെ തുടർന്നാണ് ഇത്രയും കാലം പദ്ധതി നീണ്ടുപോകാൻ ഇടയാക്കിയത്. അദാനി ഏറ്റെടുത്തതോടെ റിസോർട്ടുകാരുടെ എതിർപ്പെല്ലാം പമ്പകടന്നു. ഇനിയും പദ്ധതിക്കെതിരെ എതിർപ്പുയർത്തിയിട്ട് കാര്യമില്ലെന്ന് ഇവർക്ക് തന്നെ ബോധ്യം വന്നു കഴിഞ്ഞു.

അദാനിയെ ഏൽപ്പിച്ചതോടെ എല്ലാ ശുഭിമായി എന്നാണ് സർക്കാറിന്റെ വിശ്വാസം. സർക്കാർ അനുവദിച്ചത് നാലുവർഷമാണെങ്കിലും ഈ കാലാവധി തീരുമുമ്പ് പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഗുജറാത്തിൽ കണ്ട്‌ല തുറമുഖത്ത് 24 മാസമെന്ന റെക്കാഡ് സമയത്തിനുള്ളിൽ കൂറ്റൻ ടെർമിനലുകൾ പൂർത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തോടെയാണ് അദാനി വിഴിഞ്ഞത്തെത്തുന്നത്. അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കുകയാണ് ആദ്യപടി. ഇത് പിന്നീട് അദാനി പോർട്‌സ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ എന്നപേരിൽ പ്രത്യേക സാമ്പത്തികമേഖലയായി മാറും.

അതേസമയം പദ്ധതിയിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് സിപിഐ(എം) വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പദ്ധതിയിൽ അഴിമതിയുണ്ടെന്ന ആരോപണം ഉന്നയിച്ചെത്തിയത്. വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നൽകിയതിന്റെ മറവിൽ എത്രകോടി രൂപയുടെ കുംഭകോണം നടന്നെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ വ്യക്തമാക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. ആർഎസ്എസ് നിർദ്ദേശപ്രകാരമാണ് വിഴിഞ്ഞം തുറമുഖപദ്ധതി അദാനിക്ക് നൽകിയത്. ഇതിനുപിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷവുമായി സർക്കാർ ഒരു ചർച്ചയും നടത്താത്തത് ഈ കള്ളക്കളിയുടെ ഭാഗമാണ്. അതിനാൽ ഈ കരാറിനുപിന്നിലെ എല്ലാ വിശദാംശങ്ങളും ഉടൻ വെളിപ്പെടുത്തണം.

എൽഡിഎഫ് ഭരണകാലത്ത് ഈ പദ്ധതി സർക്കാർ നിയന്ത്രണത്തിൽ നടപ്പാക്കാനാണ് തീരുമാനിച്ചത്. അതിനാൽ പദ്ധതി അദാനിക്ക് കാഴ്ചവച്ചതിനുപിന്നിലെ കാരണം സുധീരൻ വ്യക്തമാക്കണം. നരേന്ദ്ര മോദിയുടെയും ആർഎസ്എസിന്റെയും ഇഷ്ടക്കാരനാണ് അദാനി. അവർ പറയുന്നതുപോലെയാണ് ഉമ്മൻ ചാണ്ടിയുടെ ഭരണമെന്നതിന് വ്യക്തമായ തെളിവാണിതെന്നും കോടിയേരി ആരോപിച്ചു.

ഇന്നലെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ കരാർ അദാനി ഗ്രൂപ്പിന് നൽകാൻ തുറമുഖ കമ്പനിയുടെ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. മുഖ്യമന്ത്രി അധ്യക്ഷനായ ബോർഡ് യോഗത്തിന്റെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുന്നതോടെ നിർമ്മാണപ്രവൃത്തി തുടങ്ങാനാകും. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി കഴിഞ്ഞയാഴ്ച യോഗം ചേർന്ന് അദാനി ഗ്രൂപ്പിന് കരാർ നൽകാൻ ശുപാർശ ചെയ്തിരുന്നു.

തുറമുഖ പദ്ധതിയുടെ അവസാനവട്ട ടെൻഡറിൽ അദാനി ഗ്രൂപ്പ് മാത്രമാണ് പങ്കെടുത്തത് എന്നതിനാൽ അവരുടെ ഏകപക്ഷീയമായ വ്യവസ്ഥകൾ അപ്പാടെ അംഗീകരിച്ച് കരാർ നൽകേണ്ടിവരും. മൊത്തം 7525 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന തുറമുഖ പദ്ധതിയിൽ 1635 കോടി രൂപ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിഹിതമായി നൽകണം. പുലിമുട്ടും മത്സ്യബന്ധന തുറമുഖവും നിർമ്മിക്കുന്നതിനുള്ള ചെലവ് കൂടിയാകുമ്പോൾ 2300 കോടിയോളം രൂപ സർക്കാർ വിഹിതമായി ചെലവഴിക്കണം. ഇതിനു പുറമെയാണ് പശ്ചാത്തലവികസനത്തിനായി ചെലവഴിക്കേണ്ട തുക. ഇതിനകം 206 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. തുറമുഖത്തേക്കുള്ള റോഡ്, റെയിൽ, വൈദ്യുതി, വെള്ളം എന്നിവയ്ക്കുള്ള ചെലവും സർക്കാർ വഹിക്കണം.തുറമുഖം നിർമ്മിച്ച് 40 വർഷം അദാനി ഗ്രൂപ്പ് തന്നെ കൈകാര്യം ചെയ്യും. 40 വർഷം എന്നത് 60 വർഷംവരെയാക്കി ദീർഘിപ്പിക്കാനും ആലോചനയുണ്ട്. ഈ കാലയളവിൽ സംസ്ഥാന സർക്കാരിന് ഒരു വരുമാനവും ലഭിക്കില്ല. ചെലവ് വൻതോതിൽ നടത്തുകയും വേണം.

പ്രകൃത്യാതന്നെ 20 മീറ്റർവരെ ആഴമുള്ള കടലാണ് വിഴിഞ്ഞത്തുള്ളത്. അതിനാൽ സാധാരണഗതിയിൽ ഡ്രഡ്ജിങ് വേണ്ടിവരില്ലെന്നാണ് കരുതുന്നത്. മൂന്നുലക്ഷം ടൺ കേവ് ഭാരമുള്ള വമ്പൻ കപ്പലുകൾ അടുക്കാൻ തക്കവിധത്തിൽ തുറമുഖത്തെ മാറ്റാൻ ഡ്രഡ്ജിങ് നടത്തണമെങ്കിൽ അതും സംസ്ഥാന സർക്കാരിന്റെ ചെലവിലാകും. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ ഡ്രഡ്ജിങ് ജോലികളുടെ ചുമതല കൊച്ചിൻ പോർട് ട്രസ്റ്റിനാണ്. ടെർമിനലിൽനിന്നുള്ള വരുമാനം മുഴുവൻ ദുബായ് പോർട്ടിനും. ഡ്രഡ്ജിങ്ങിനുള്ള ആവർത്തനച്ചെലവ് പോർട് ട്രസ്റ്റിനെ കുത്തുപാളയെടുപ്പിക്കുകയാണ്. ഇത്തരം വ്യവസ്ഥകൾ വിഴിഞ്ഞത്തുകൊണ്ടുവന്നാൽ അത് സർക്കാരിന് വലിയ ബാധ്യതയായിത്തീരും. ഇതൊക്കെയാണ് സിപിഐ(എം) മുന്നോട്ടുവെക്കുന്ന ആശങ്കകൾ.

മൂന്ന് സ്വതന്ത്രതുറമുഖങ്ങളും മൂന്ന് ടെർമിനലുകളുമുള്ള അദാനിയുടെ ഏഴാമത്തെ തുറമുഖ സംരഭമാണ് ചുവടുവയ്പാവും വിഴിഞ്ഞം. കൽക്കരി, സോളാർ, ഭക്ഷ്യസംഭരണം തുടങ്ങി വിവിധമേഖലകളിൽ വമ്പൻ വിജയം കൊയ്ത അഹമ്മദാബാദുകാരനായ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിന് ഗുജറാത്തിലെ കണ്ട്‌ല, മുന്ദ്ര, ഹസിര, ദഹേജ്, ഗോവയിലെ മർമ്മാ ഗോവ, വിശാഖപട്ടണം തുറമുഖത്തെ കൽക്കരിടെർമിനൽ എന്നിവയുടെ നടത്തിപ്പുണ്ട്. ആസ്‌ട്രേലിയയിലെ ആബട്ട്‌പോയിന്റ് തുറമുഖത്തിന്റെ നടത്തിപ്പു ചുമതല 2011ൽ അദാനി സ്വന്തമാക്കിയിരുന്നു. ചെന്നൈയിൽ എന്നൂർ തുറമുഖത്ത് 1270 കോടിയുടെ കൂറ്റൻ ടെർമിനൽ പദ്ധതിയും അദാനിയാണ് നടപ്പാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ സംരംഭകരായ അദാനി ഗ്രൂപ്പിന് പ്രധാനമന്ത്രിയുമായുള്ള അടുപ്പം കബോട്ടാഷ് നിയമത്തിൽ ഇളവുനേടാൻ സഹായകമാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഈ ഇളവ് മൂന്നുവർഷത്തിനു ശേഷം നേടിയാൽ മതി.

പൊതുമേഖലാ സ്ഥാപനമായ ഗെയിലുമായി ചേർന്ന് വീടുകളിലും ഹോട്ടലുകളിലും പ്രകൃതിവാതകമെത്തിക്കാനുള്ള സിറ്റി ഗ്യാസ് പദ്ധതിയുടെ കൊച്ചിയിലെ നടത്തിപ്പിനും മുന്നിലുള്ളത് അദാനിയാണ്. കഴിഞ്ഞ 24ന് കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച രണ്ട് മെഗാ ഫുഡ്പാർക്കിന്റെ നടത്തിപ്പും അദാനിക്ക് കിട്ടിയേക്കും. കുട്ടനാട് പാക്കേജിന്റെ ഭാഗമായി വൻതോതിൽ ഭക്ഷ്യസാധനങ്ങൾ സംഭരിക്കാനുള്ള സൈലോകൾ നിർമ്മിക്കുന്നതും അദാനിയുടെ പദ്ധതിയാണ്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് അദാനിയുടെ സൈലോ പദ്ധതി.

ഓസ്‌ട്രേലിയയിലും ഇന്ത്യയിലും അഞ്ച് തുറമുഖങ്ങൾ നിർമ്മിച്ച് 2020ൽ 200 ദശലക്ഷം ടൺ കാർഗോ കൈമാറ്റവും 20,000 മെഗാവാട്ട് വൈദ്യുതി ഉത്പാദനവുമാണ് അദാനിയുടെ ലക്ഷ്യം. 24 മീറ്റർ ആഴമുള്ള പ്രകൃതിദത്ത തുറമുഖമായ വിഴിഞ്ഞത്ത് ഇറക്കുമതിവിതരണ ബിസിനസിന് വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് അദാനിയുടെ വരവ്. ഗോപാൽകൃഷ്ണപിള്ള തലപ്പത്ത് 42,000 കോടിയുടെ ആസ്തിയുള്ള അദാനി ഗ്രൂപ്പിൽ മലയാളികളുടെ പടതന്നെയുണ്ട്. തിരുവനന്തപുരം സ്വദേശിയും കേന്ദ്ര ആഭ്യന്തരസെക്രട്ടറിയുമായിരുന്ന ഗോപാൽകൃഷ്ണപിള്ള അദാനി ഗ്രൂപ്പിന്റെ തുറമുഖങ്ങളുടെ നടത്തിപ്പുള്ള കമ്പനിയുടെ ഇൻഡിപെൻഡന്റ് ആൻഡ് നോൺ എക്‌സിക്യൂട്ടിവ് ഡയറക്ടറാണ്.