- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേബിൾ ടിവി വരിക്കാരിൽ നിന്നും പിരിക്കുന്ന വരിസംഖ്യയുടെ വലിയൊരുഭാഗം പൂഴ്ത്തി വച്ച് കൊള്ള; കേബിൾ ടിവി മൾട്ടി സിസ്റ്റം ഓപ്പറേറ്റർ നടത്തിയത് കോടികളുടെ ജിഎസ്ടി വെട്ടിപ്പ്; സമയം മെനക്കെടുത്തുന്ന ഹർജികളുമായി വന്നാൽ വരുന്നത് ശക്തമായ നടപടിയെന്നു ഹൈക്കോടതിയുടെ മുന്നറിയിപ്പ്; ഹർജി തള്ളിയത് മുതലാളിമാർക്ക് കനത്ത തിരിച്ചടിയാകും; അഞ്ഞൂറ് കോടിയോളം രൂപയുടെ നികുതിതട്ടിപ്പ് കേസിൽ കേരള കേബിൾ വിഷൻ കുരുങ്ങുമ്പോൾ; മറുനാടന്റേത് വ്യാജ റിപ്പോർട്ടിങ് അല്ലെന്ന് വീണ്ടും തെളിയുമ്പോൾ
തിരുവനന്തപുരം: കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ ശേഷം നിയമപരിരക്ഷ തേടി ഹൈക്കോടതിയെ സമീപിച്ച കേരളത്തിലെ മൾട്ടി സിസ്റ്റം ഓപ്പറേറ്ററായ കേരള കേബിൾ വിഷന് കനത്ത തിരിച്ചടി. നികുതി വെട്ടിപ്പ് കണ്ടുപിടിച്ച് നടപടികൾ സ്വീകരിച്ച ജിഎസ്ടി വകുപ്പിന്റെ നടപടിക്കെതിരെ ഇനി ഹൈക്കോടതിയെ സമീപിച്ചാൽ പിഴ ഈടാക്കും എന്നാണ് ഹർജി ഡിസ്മിസ് ചെയ്തുകൊണ്ട് വിധിന്യായത്തിൽ ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതിയുടെ സമയം പാഴാക്കുന്ന ഹർജിയാണ് ജിഎസ്ടി വകുപ്പിന്നെതിരെ പരാതിക്കാരായ കേരള കമ്മ്യൂണിക്കെഷൻസ് കേബിൾ ലിമിറ്റഡ് എംഡി സുരേഷ്കുമാർ പി.പി.യും കേരള കമ്മ്യൂണിക്കെഷൻസ് കേബിൾ ലിമിറ്റഡ് ഡയറക്ടർ ആയ അബൂബക്കർ സിദ്ദിഖിയും നൽകിയിരിക്കുന്നത്. ഇനി ഈ രീതിയിൽ ഹർജിയുമായി വന്നാൽ ഫീസ് ഈടാക്കും എന്നും ഹർജി തള്ളിക്കൊണ്ടുള്ള വിധിയിൽ ഹൈക്കോടതി പറഞ്ഞു.
അഞ്ഞൂറോളം കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയ ശേഷം നിയമപരിരക്ഷ തേടി നീതിപീഠത്തെ സമീപിച്ച കെസിവിക്ക് വൻ തിരിച്ചടിയാണ് ലഭിച്ചത്. കേരള കേബിൾ വിഷനെതിരെ ജിഎസ്ടി വകുപ്പ് സ്വീകരിച്ച എല്ലാ നടപടികളും നിർത്തിവയ്ക്കണം എന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കേരള കേബിൾ വിഷൻ ആവശ്യപ്പെട്ടത്. പരിഗണനയ്ക്ക് അനുയോജ്യമായ പരാതിയല്ല കെസിവി നൽകിയത്. ജിഎസ്ടി വകുപ്പ് സ്വീകരിച്ച നടപടികളെ കെസിവി അഭിമുഖീകരിക്കുക തന്നെ വേണം. കെസിവിയുടെ നികുതി വെട്ടിപ്പിനെക്കുറിച്ച് പഠിച്ച ശേഷമാണ് ജിഎസ്ടി വകുപ്പ് നടപടി സ്വീകരിച്ചത്. അതുകൊണ്ട് തന്നെ കെസിവി നൽകിയ ഹർജി ഡിസ്മിസ് ചെയ്യുകയാണ്.
ഇനി ഈ വിഷയവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചാൽ ഫീസ് ഈടാക്കുമെന്നാണ് വിധിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ട്രായ് നിബന്ധനകൾ കാറ്റിൽപ്പറത്തി കോടികളുടെ നികുതിവെട്ടിപ്പാണ് കെസിവി നടത്തിക്കൊണ്ടിരുന്നത്. കെസിവിയുടെ നികുതി വെട്ടിപ്പിന്നെതിരെ പഠനം നടത്തിയ ശേഷമാണ് കെസിവിയുടെ ഒഫീസുകളിൽ റെയ്ഡ് നടത്തുകയും ഡയരക്ടർമാരെ ജിഎസ്ടി വകുപ്പ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. അതേസമയം രണ്ടു മാസമായി കേസിവിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ട നിലയിലാണ് എന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ട് തന്നെ സ്റ്റാർ അടക്കമുള്ള വൻകിട ചാനലുകൾക്ക് ബ്രോഡ്കാസ്റ്റിങ് ചാർജ് ഇനത്തിൽ അടക്കേണ്ട തുകകൾ കെസിവി അടച്ചിട്ടില്ല. അതുകൊണ്ട് തന്നെ സ്റ്റാർ അടക്കമുള്ള ചാനൽ ഗ്രൂപ്പുകൾ കെസിവിയുടെ വിതരണാവകാശം കട്ട് ചെയ്തേക്കും എന്ന് സൂചനയുണ്ട്.
കേരളത്തിലെ സ്വതന്ത്ര കേബിൾടിവി ഓപ്പറേറ്റർമാരുടെ സംരംഭമാണ് കെസിസിഎൽ. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ മാർഗ്ഗനിർദ്ദേശപ്രകാരമാണ് കെസിസിഎൽ പ്രവർത്തിക്കുന്നത്. കേരളത്തിലെ പ്രാദേശിക കേബിൾ ഓപ്പേററ്റർമാരുടെ ശൃംഖലയാണ് സിഒഎ. നാലായിരത്തോളം സ്വതന്ത്ര കേബിൾ ശൃംഖലകളുടെ കൂട്ടായ്മ കൂടിയാണിത്. കേബിൾ ടിവി വ്യവസായത്തിൽ 500 കോടിയോളം നിക്ഷേപം. വാർഷിക ടേണോവർ 250 കോടിയാണ്. കേബിൾ വ്യവസായത്തിലെ പരിചയസമ്പന്നരായ പ്രൊഫഷണലുകളാണ് കമ്പനിയുടെ ബോർഡ് ഓഫ് ഡറയക്ടേഴ്സിൽ ഉള്ളത്. 2006 ലാണ് ആദ്യ പദ്ധതിയായ കേരള വിഷൻ ചാനലിന് വേണ്ടി 1.5 കോടി മൂലധനം സമാഹരിച്ചത്. 2006 ഏപ്രിൽ മുതൽ ചാനൽ സംപ്രേഷണം തുടങ്ങി. 20 ലക്ഷത്തോളം വീടുകളിൽ കേബിൾ വഴി ചാനലുകൾ എത്തിക്കുന്നുണ്ട്.
ഈ രീതിയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് അഞ്ഞൂറോളം കോടിയുടെ നികുതിവ് വെട്ടിപ്പ് വളരെ ആസൂത്രിത്മായി നടത്തിയത്. സംപ്രേഷണ നിയമത്തിലെ പഴുതുപയോഗിച്ചും ട്രായ് നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തിയുമാണ് കെസിവി നികുതിവെട്ടിപ്പിന്റെ അതിനിഗൂഡമാർഗങ്ങൾ അവലംബിച്ച് മുന്നോട്ടു പോയത്. ഒടുവിൽ നികുതി വെട്ടിപ്പിൽ കുടുങ്ങുകയും ചെയ്തു. അഞ്ഞൂറോളം കോടിയുടെ തട്ടിപ്പാണ് നടന്നത് എന്നാണ് ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്. ഈ തുക അവർ തിരികെ അടയ്ക്കേണ്ടതായി വരുമെന്നാണ് സൂചന. ഇതിനുള്ള നോട്ടീസ് സമയമെടുത്ത് ജിഎസ്ടി വകുപ്പ് നൽകും എന്നാണ് വ്യക്തമാകുന്നത്.
മറുനാടൻ വാർത്ത നൽകിയപ്പോൾ പ്രചരിപ്പിച്ചത് വ്യാജ വാർത്തയെന്ന്
കേരള കേബിൾ വിഷനിൽ കേന്ദ്ര ജിഎസ്ടി റെയ്ഡ് നടത്തിയെന്നും ഡയരക്ടർമാരെ കസ്റ്റഡിയിലെടുത്തു എന്നുള്ള വാർത്ത നൽകിയ ശേഷം കേരള കേബിൾ വിഷൻ നടത്തിയ നികുതിവെട്ടിപ്പിന്റെ വിശദമായ രൂപം സഹിതമാണ് മറുനാടൻ വാർത്തകൾ നൽകിയത്. ഈ വാർത്തകൾ എല്ലാം വ്യാജമാണെന്നും ഒരു നടപടിയും ജിഎസ്ടി വകുപ്പ് സ്വീകരിച്ചിട്ടില്ലെന്നുമാണ് കേരള കേബിൾ വിഷൻ അധികൃതർ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. റെയിഡിന്റെ വിശദമായ വിവരങ്ങൾ തിരക്കിയ ശേഷമാണ് മറുനാടൻ ജൂൺ മാസത്തിൽ വിശദമായ തുടരൻ വാർത്തകൾ മറുനാടൻ നൽകിയത്.
ഈ വാർത്തകൾ വ്യാജവാർത്തയാണെന്ന് പ്രചാരണം നടത്തിയ ശേഷം മറുനാടൻ വാർത്ത ശരിയാണെന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കേരള കേബിൾ വിഷൻ അധികൃതർ തന്നെ വ്യക്തമാക്കുന്നത്. ജിഎസ്ടി വകുപ്പ് കേരള കേബിൾ വിഷൻ ഡയരക്ടർമാരുടെ വീടുകളിൽ റെയ്ഡ് നടത്തി. കള്ളന്മാരെ പോലെ പിടിച്ചുവെച്ചു. മാനസികമായി പീഡിപ്പിച്ചു. ഈ ജിഎസ്ടി റെയ്ഡ് തന്നെ അസാധുവാക്കണം എന്നൊക്കെയാണ് ഹർജിയിൽ കേരള കേബിൾ വിഷൻ ആവശ്യപ്പെട്ടത്. എന്നാൽ ഹർജി നിഷ്ക്കരുണം തള്ളുകയാണ് ഹൈക്കോടതി ചെയ്തത്.
കേരള വിഷൻ കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി ജിഎസ്ടി വകുപ്പ് നടപടി സ്വീകരിക്കുന്നത് കഴിഞ്ഞ ജൂണിലാണ്. ഡയറക്ടർ ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് നടത്തിയ റെയ്ഡിലാണ് കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. കെസിസിഎല്ലിന്റെ (കേരള കമ്യൂണിക്കേറ്റേഴ്സ കേബിൾ ലിമിറ്റഡ്) ഓഫീസിലും തൃശൂർ പുതുക്കാടുള്ള ഓഫീസിലുമായിരുന്നു റെയ്ഡ്. പ്രാജക്റ്റ് ഓഫീസ് തൃശൂർ പുതുക്കാടും, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കൊച്ചി കടവന്ത്ര ഗിരിനഗറിലുമാണ്. ഈ രണ്ട് ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്. വരിക്കാരിൽ നിന്നും പിരിക്കുന്ന തുകയുടെ ചെറിയ ഭാഗം മാത്രം ജിഎസ്ടി കണക്കാക്കിയായിരുന്നു വെട്ടിപ്പ്. അറസ്റ്റും നിയമനടപടികളും അടക്കം നേരിടേണ്ട കുറ്റമാണ് ജിഎസ്ടി വെട്ടിപ്പ്. സർക്കാരിന്റെ മാനദണ്ഡങ്ങൾ മറികടന്നുകൊണ്ട് കോടികളുടെ തട്ടിപ്പാണ് കമ്പനി നടത്തിക്കൊണ്ടിരുന്നത്.
ജൂൺ9 ന് രാവിലെ കേരള വിഷൻ എംഡി സുരേഷ് കുമാർ പിപി, കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് , കെസിസിഎൽ സിഇഒയും സിഒഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രാജ്മോഹൻ മാമ്പറ എന്നിവരുടെ വസതിയിൽ വച്ച് കസ്റ്റഡിയിൽ എടുത്താണ് റെയ്ഡ് നടത്തിയത്. കോടികളുടെ തട്ടിപ്പിന്റെ തെളിവുകൾ പുതുക്കാട് നിന്നും കെസിസിഎൽ ഓഫീസിൽ ഓഫീസിൽ നിന്നും ജിഎസ്ടി ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. രാത്രി 11.30 വരെ നീണ്ട ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റസമ്മതം നടത്തി രാത്രി തന്നെ ഒരു കോടി രൂപ പിഴ അടച്ചിരുന്നു എന്നാണ് ലഭിച്ച വിവരം. തുടർച്ചയായ മൂന്നുദിവസമായിരുന്നു ചോദ്യം ചെയ്യൽ.
കെസിസിഎൽ അധികൃതരുടെ നിസ്സഹകരണവും തെളിവ് നശിപ്പിക്കാനുള്ള സാധ്യതയും മുന്നിൽ കണ്ടാണ് റെയ്ഡുകൾ തുടർച്ചയായി മൂന്നുദിവസമാണ് നടത്തിയത്. 5750 ഓളം വരുന്ന ലോക്കൽ കേബിൾ ടീവീ ഓപ്പറേറ്റർമാരെയും ഉപഭോക്താക്കളെയും പറ്റിച്ചു കൊണ്ടാണ് കെസിസിഎൽ ഈ ചൂഷണം നടത്തി കൊണ്ടിരുന്നത്. 200 കോടിയിലധികം രൂപയുടെ വെട്ടിപ്പു നടന്നതായാണ് പ്രാഥമിക നിഗമനം.
നികുതി വെട്ടിപ്പിനു കേരള കേബിൾ വിഷൻ അവലംബിച്ച മാർഗങ്ങൾ ഇങ്ങനെ:
ട്രായ് റെഗുലേഷൻസിനെ പൂർണ രീതിയിൽ അട്ടിമറിച്ചുള്ള നികുതി വെട്ടിക്കലാണ് നടന്നത് എന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ട്രായ് മാർഗനിർദ്ദേശപ്രകാരം കേബിൾ ടിവി രംഗത്ത് ഉത്തരവാദിത്തം മൾട്ടി സിസ്റ്റം ഓപ്പറേറ്റർക്കാണ്. മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാർ ബിൽ കൊടുക്കാതിരുന്നാൽ വരിക്കാരുടെ അടുത്ത് നിന്ന് ടാക്സ് വാങ്ങാതെയിരിക്കാം എന്ന കണ്ടെത്തലാണ് കെസിവിയിലുള്ളവർ നടത്തിയത്. ഇത് തന്നെയാണ് നോർത്ത് ഇന്ത്യൻ ലോബിയും നടത്തിയത്. അതെ തട്ടിപ്പ് തന്നെയാണ് കേരളത്തിലും വന്നത്. എല്ലാവരും ഈ രീതി പിന്തുടർന്നു. ബാലൻസ് ഷീറ്റ് എല്ലാം കറക്ട് ആയിരിക്കും. അത് നോക്കുമ്പോൾ കണക്ക് കറക്റ്റ് ആയി വരും. മേഖലയിലെ വെട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് ഐടി വിദഗ്ധരെ ഉൾപ്പെടുത്തി പരിശോധന നടത്തിയത്. അല്ലെങ്കിൽ ഈ തട്ടിപ്പ് കുറച്ചു കാലം കൂടി മുന്നോട്ടു പോകേണ്ടി വരുമായിരുന്നു.
കാശ് പിരിക്കാനും നികുതി ഒടുക്കാനും ചുമതലയുള്ളത് മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാർക്കാണ്. ഇവർ നടുവിൽ ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർമാരെ തിരുകി കയറ്റിയാണ് നികുതി വെട്ടിപ്പിനുള്ള രീതികൾ കണ്ടെത്തിയത്. മിനിമം തുകയായ 250 രൂപ വരിക്കാരൻ അടയ്ക്കുമ്പോൾ അതിന്റെ 18 ശതമാനമാണ് ജിഎസ്ടിയായി നൽകേണ്ടത്. എന്നാൽ ഇവർ 200 രൂപ ലോക്കൽ കേബിൾ ടിവി ഓപ്പറെറ്റർക്ക് നൽകി തങ്ങൾക്ക് വരുന്ന 50 രൂപയുടെ ജിഎസ്ടി മാത്രമാണ് അടച്ചത്. ഇങ്ങനെയാണ് സർക്കാർ ഖജാനയിലേക്ക് വരേണ്ട കോടികൾ ഒഴുകിപ്പോയത്. വരിക്കാരിൽ നിന്ന് ഇവർ ജിഎസ്ടി പിരിച്ചുമില്ല. ജിഎസ്ടി സർക്കാരിനു അടച്ചുമില്ല. ഓൺലൈൻ വഴിയുള്ള ബിൽ പെയ്മെന്റിൽ ജിഎസ്ടി അടയ്ക്കാതിരുന്നില്ല. അത് നേരെ ബാങ്ക് അക്കൗണ്ടിൽ ആണ് പോകുന്നത് എന്നതിനാൽ ജിഎസ്ടി നൽകിയിട്ടുണ്ട്. എന്നാൽ കേബിൾ ടിവി ഓപ്പറേറ്റർമാർ വീടുകളിൽ എത്തി നൽകുന്ന രസീതി വഴിയാണ് ജിഎസ്ടി തട്ടിപ്പ് നടന്നിട്ടുള്ളത്. ലക്ഷക്കണക്കിന് വരുന്ന വരിക്കാരുടെ വീടുകളിൽ നേരിട്ട് എത്തിയാണ് ലോക്കൽ കേബിളുകാർ തുക പിരിക്കുന്നത്. ഈ തുകയ്ക്ക് ഇവർ ജിഎസ്ടി നൽകിയുമില്ല. ഈ തട്ടിപ്പ് ആണ് എപ്പോൾ കണ്ടുപിടിച്ചിട്ടുള്ളത്.
കെസിവി നടത്തിയ തട്ടിപ്പിന്റെ രീതി ഇങ്ങനെ: 250 രൂപ ഏറ്റവും ചുരുങ്ങിയത് മൾട്ടി സിസ്റ്റം ഓപ്പറേറ്ററായ കെസിവിയിലേക്ക് വരുമ്പോൾ 200 രൂപയും ലോക്കൽ കേബിൾ ടിവി നടത്തുന്നവർക്ക് കൈമാറും. 50 രൂപ കെസിവിയിലേക്ക് വരുന്നതായി കാണിക്കും. യഥാർത്ഥത്തിൽ ജിഎസ്ടി അടയ്ക്കേണ്ടത് ഈ 250 രൂപയുടെ പതിനെട്ടു ശതമാനമാണ്. ഇതാണ് സർക്കാരിലേക്ക് പോകേണ്ടത്. പക്ഷെ കെസിവിയിലെ ബുദ്ധിരാക്ഷസന്മാർ ഒരു വരിക്കാരനിൽ നിന്നും ലഭിക്കുന്ന ഏറ്റവും ചുരുങ്ങിയ വരുമാനം ഇരുനൂറു രൂപ, അൻപത് രൂപ എന്ന രീതിയിൽ പകുത്തതോടെ 250 യുടെ ജിഎസ്ടിക്ക് പകരം വെറും 50 രൂപയുടെ ജിഎസ്ടി മാത്രമാണ് സര്ക്കാരിലേക്ക് പോയത്. ഇരുനൂറു രൂപ വാങ്ങുന്ന ലോക്കൽ കേബിൾ ടിവി ഓപ്പറെറ്റർ ഇരുനൂറു രൂപയ്ക്ക് ടാക്സ് അടയ്ക്കില്ല. 20 ലക്ഷം രൂപവരെ വരുമാനം വരുമ്പോൾ ചെറുകിടക്കാർ അതിനു ജിഎസ്ടി അടയ്ക്കേണ്ടതില്ല. ഇരുപത് ലക്ഷം രൂപയിൽ കൂടുതൽ വരുമാനം വരുമ്പോൾ ലോക്കൽ കേബിൾ ഓപ്പറേറർമാർ വരിക്കാരെ രണ്ടായി പകുത്ത് ഒരു ഫ്രാഞ്ചൈസികൂടി എടുക്കും. ഇതോടുകൂടി ടാക്സ് ഒട്ടും അടക്കേണ്ടതില്ലാത്ത അവസ്ഥ വരും. ജിഎസ്ടി നിയമനത്തിലെ പഴുതുകൾ പൂർണമായും ഉപയോഗിച്ചുള്ള തട്ടിപ്പാണ് കേരളത്തിലെ മൾട്ടി സിസ്റ്റം ഓപ്പറേറ്ററായ കേരള കേബിൾ വിഷൻ നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്ര ജിഎസ്ടി വിഭാഗം നടത്തിയ റെയിഡിലാണ് കേബിൾ ടിവി മൾട്ടി സിസ്റ്റം ഓപ്പറേറ്ററായ കേരള വിഷൻ കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. കെസിസിഎല്ലിന്റെ (കേരള കമ്യൂണിക്കേറ്റേഴ്സ കേബിൾ ലിമിറ്റഡ്) ഓഫീസിലും തൃശൂർ പുതുക്കാടുള്ള ഓഫീസിലുമായിരുന്നു റെയഡ്. പ്രാജക്റ്റ് ഓഫീസ് തൃശൂർ പുതുക്കാടും, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കൊച്ചി കടവന്ത്ര ഗിരിനഗറിലുമാണ്. ഈ രണ്ട് ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്. തങ്ങളുടെ വരിക്കാരിൽ നിന്നും പിരിക്കുന്ന തുകയുടെ ചെറിയ ഭാഗം മാത്രം ജിഎസ്ടി കണക്കാക്കിയായിരുന്നു വെട്ടിപ്പ്. അറസ്റ്റും നിയമനടപടികളും അടക്കം നേരിടേണ്ട കുറ്റമാണ് ജിഎസ്ടി വെട്ടിപ്പ്. സർക്കാരിന്റെ മാനദണ്ഡങ്ങൾ മറികടന്നുകൊണ്ട് കോടികളുടെ തട്ടിപ്പാണ് കമ്പനി നടത്തിക്കൊണ്ടിരുന്നത്.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.